Cricket Sports

മുംബൈ ഇന്ത്യന്‍സ് സഞ്ജുവിനെ ലക്ഷ്യമിട്ടെങ്കില്‍ അതിനു പിന്നില്‍ ഒരു കാരണവുമുണ്ട് !

രാജസ്ഥാന്‍ റോയല്‍സ് നായകന്‍ സഞ്ജു സാംസണ്‍ ഐപിഎലില്‍ ഫ്രാഞ്ചൈസി മാറാന്‍ ആഗ്രഹിക്കുന്നതായി നേരത്തെ വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. എന്നാല്‍ സഞ്ജു എങ്ങോട്ടു പോകുമെന്ന കാര്യത്തില്‍ ഇപ്പോഴും വ്യക്തതയായിട്ടില്ല. ചെന്നൈ സൂപ്പര്‍ കിങ്‌സ്, കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് എന്നീ ഫ്രാഞ്ചൈസികള്‍ സഞ്ജുവിനായി ചില ശ്രമങ്ങള്‍ നടത്തിയിരുന്നെങ്കിലും അതെല്ലാം പരാജയമായിരുന്നു. അതിനു പിന്നാലെയാണ് മുംബൈ ഇന്ത്യന്‍സ് സഞ്ജുവിനെ സ്വന്തമാക്കാന്‍ ആഗ്രഹിക്കുന്നതായി ചില റിപ്പോര്‍ട്ടുകള്‍ വരുന്നത്.

അടുത്ത സീസണില്‍ വലിയൊരു ഫ്രാഞ്ചൈസിയിലേക്കു മാറാനാണ് സഞ്ജു ആഗ്രഹിക്കുന്നത്. മിനി താരലേലത്തിനു മുന്‍പ് തന്നെ റിലീസ് ചെയ്യണമെന്ന് താരം രാജസ്ഥാന്‍ ഫ്രാഞ്ചൈസിയോടു ആവശ്യപ്പെട്ടിട്ടുണ്ട്. സഞ്ജുവിനെ റിലീസ് ചെയ്യുന്നതില്‍ രാജസ്ഥാനും എതിര്‍പ്പില്ല. ഈ സാഹചര്യത്തിലാണ് മുംബൈയും സഞ്ജുവില്‍ താല്‍പര്യം പ്രകടിപ്പിച്ചിരിക്കുന്നത്.

എന്തുകൊണ്ട് മുംബൈ?

മുംബൈ സഞ്ജുവിനെ ലക്ഷ്യമിടാന്‍ പ്രധാനപ്പെട്ട കാരണം ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ ബാറ്ററുടെ അഭാവമാണ്. ദീര്‍ഘകാലം ടീമിനൊപ്പം ഉണ്ടായിരുന്ന ഇഷാന്‍ കിഷനെ കഴിഞ്ഞ മെഗാ താരലേലത്തില്‍ മുംബൈ കൈവിട്ടിരുന്നു. മാത്രമല്ല ഇഷാനു പകരം ഉപയോഗിക്കാവുന്ന ഇന്ത്യന്‍ വിക്കറ്റ് കീപ്പറെ കിട്ടിയതുമില്ല.

ഇഷാന്റെ പകരക്കാരനായി ദക്ഷിണാഫ്രിക്കയുടെ യുവ വിക്കറ്റ് കീപ്പര്‍ റയാന്‍ റിക്കല്‍റ്റണാണ് കഴിഞ്ഞ സീസണില്‍ മുംബൈയുടെ വിക്കറ്റ് കീപ്പറായത്. ഓപ്പണര്‍ റോളിലും റിക്കല്‍റ്റണ്‍ തിളങ്ങി. എന്നാല്‍ സീസണ്‍ മുഴുവന്‍ കളിക്കാന്‍ താരത്തിനു സാധിച്ചില്ല. ഇതേ തുടര്‍ന്ന് റിക്കല്‍റ്റണിനു പകരക്കാരനായി ഇംഗ്ലണ്ട് താരം ജോണി ബെയര്‍‌സ്റ്റോയെ ടീമിലെത്തിച്ചു. ഒരു ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ ഇല്ലാതെ അടുത്ത സീസണില്‍ ഈ പ്രശ്‌നം പരിഹരിക്കാന്‍ സാധിക്കില്ലെന്നാണ് മുംബൈ ഫ്രാഞ്ചൈസിയുടെ വിലയിരുത്തല്‍.

മാത്രമല്ല രോഹിത് ശര്‍മയ്ക്കു പകരക്കാരനായി ഒരു ഇന്ത്യന്‍ ഓപ്പണറെയും മുംബൈ ആഗ്രഹിക്കുന്നു. അടുത്ത ഐപിഎല്‍ ആകുമ്പോഴേക്കും രോഹിത്തിനു പ്രായം 39 ആകും. അടുത്ത സീസണില്‍ മുഴുവന്‍ മത്സരങ്ങളിലും രോഹിത് കളിക്കുമോയെന്ന കാര്യത്തിലും സംശയമുണ്ട്. അതിനാല്‍ രോഹിത്തിനു പകരം ഓപ്പണര്‍ ആകാനുള്ള മികവും സഞ്ജുവിനുണ്ട്.

സഞ്ജു എത്തിയാല്‍ ഒരേസമയം മുംബൈയുടെ രണ്ട് പ്രശ്‌നങ്ങള്‍ക്കു പരിഹാരമാകും. ഇഷാന്റെ വിടവ് നികത്താന്‍ കെല്‍പ്പുള്ള ഒരു വിക്കറ്റ് കീപ്പര്‍, രോഹിത്തിനു പകരം ഓപ്പണര്‍ ബാറ്റര്‍..! ഇതെല്ലാം മുന്നില്‍കണ്ടാണ് മുംബൈ സഞ്ജുവിനായി രംഗത്തെത്തിയിരിക്കുന്നത്.

Related Posts