Cricket Homepage Featured Sports

പരിശീലനം സൂചനയെങ്കില്‍ സഞ്ജു ബെഞ്ചില്‍; ജിതേഷ് ശര്‍മ വിക്കറ്റ് കീപ്പറാകും

ഏഷ്യാ കപ്പിനായി ദുബായില്‍ എത്തിയിരിക്കുന്ന ഇന്ത്യന്‍ ടീം അവസാനഘട്ട പരിശീലനത്തിലാണ്. സെപ്റ്റംബര്‍ 10 നു യുഎഇയ്‌ക്കെതിരെയാണ് ഇന്ത്യയുടെ ആദ്യ മത്സരം. മലയാളി താരം സഞ്ജു സാംസണ്‍ ആദ്യ മത്സരത്തില്‍ പ്ലേയിങ് ഇലവനില്‍ ഉണ്ടാകില്ലെന്ന സൂചനയാണ് ഇപ്പോള്‍ ലഭിക്കുന്നത്.

ദുബായിലെ ഐസിസി അക്കാദമിയില്‍ ആണ് ഇന്ത്യന്‍ സംഘം പരിശീലനം നടത്തുന്നത്. ബാറ്റിങ് പരിശീലനത്തിനു വളരെ കുറച്ച് സമയം മാത്രമാണ് സഞ്ജുവിനു ലഭിച്ചത്. നെറ്റ്‌സില്‍ ദീര്‍ഘനേരം ബാറ്റിങ് പരിശീലനം നടത്തിയ ആറ് താരങ്ങളില്‍ സഞ്ജു ഇല്ലെന്നാണ് ക്രിക്ബസ് റിപ്പോര്‍ട്ട് ചെയ്യുന്നത്.

ശുഭ്മാന്‍ ഗില്‍, അഭിഷേക് ശര്‍മ, സൂര്യകുമാര്‍ യാദവ്, തിലക് വര്‍മ, ജിതേഷ് ശര്‍മ, റിങ്കു സിങ് എന്നിവരാണ് നെറ്റ്‌സില്‍ കൂടുതല്‍ സമയം ബാറ്റിങ് പരിശീലനം നടത്തിയത്. ഗില്ലും അഭിഷേകും ഒന്നിച്ച് ബാറ്റിങ് പരിശീലനം നടത്തിയത് ഇരുവരും ഓപ്പണര്‍മാരായി ഇറങ്ങുമെന്ന സാധ്യതകള്‍ ഊട്ടിയുറപ്പിക്കുന്നു. അങ്ങനെ വന്നാല്‍ സഞ്ജുവിനു ബെഞ്ചിലാകും സ്ഥാനം.

പരിശീലന സെഷനില്‍ സഞ്ജു രണ്ടാം നിരയിലേക്ക് തഴയപ്പെട്ടെന്നാണ് ക്രിക്ബസിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നത്. വാം അപ്പ് സ്പ്രിന്റ്‌സ്, ഫീല്‍ഡിങ് പരിശീലനം എന്നിവയ്ക്കു ശേഷം വളരെ കുറച്ചുസമയം മാത്രമേ സഞ്ജുവിനു ബാറ്റിങ് പരിശീലനത്തിനു അവസരം ലഭിച്ചിട്ടുള്ളൂ. മൂന്ന് സെന്ററുകളിലായി പ്രധാനമായും ബാറ്റിങ് പരിശീലനം നടത്തിയത് ഗില്ലും ജിതേഷ് ശര്‍മയും റിങ്കുവുമാണ്.

വിക്കറ്റ് കീപ്പര്‍ എന്ന നിലയിലും സഞ്ജുവിനു സാധ്യത കുറവെന്നാണ് പരിശീലന സെഷനില്‍ നിന്ന് വ്യക്തമാകുന്നത്. വിക്കറ്റ് കീപ്പിങ്ങില്‍ ദീര്‍ഘനേരം പരിശീലനം നടത്തിയത് ജിതേഷ് ശര്‍മയാണ്. സഞ്ജു ബാറ്റിങ് ഡ്രില്‍സ് മാത്രം നടത്തിയപ്പോള്‍ ജിതേഷിനു വിക്കറ്റ് കീപ്പിങ് ഡ്രില്‍സ് കൂടി ചെയ്യേണ്ടിവന്നിട്ടുണ്ട്. പരിശീലകന്‍ ഗൗതം ഗംഭീര്‍ ജിതേഷിനു പ്രത്യേക നിര്‍ദേശങ്ങള്‍ നല്‍കിയിരുന്നതായും റിപ്പോര്‍ട്ടുകളുണ്ട്.

ഗില്ലും അഭിഷേകും ഓപ്പണര്‍മാരായാല്‍ സഞ്ജു പ്ലേയിങ് ഇലവനില്‍ ഉണ്ടാകില്ലെന്ന സൂചനയാണ് പരിശീലന സെഷനില്‍ നിന്ന് വ്യക്തമാകുന്നത്. ഓപ്പണര്‍ സ്ഥാനമല്ലാതെ നിലവിലെ ലൈനപ്പില്‍ സഞ്ജുവിനു പറ്റിയ മറ്റു പൊസിഷനുകള്‍ ഇല്ല. ഫിനിഷര്‍ റോളില്‍ സഞ്ജുവിനേക്കാള്‍ തിളങ്ങാന്‍ കെല്‍പ്പുള്ളതാണ് ജിതേഷ് ശര്‍മയ്ക്കു മുന്‍ഗണന ലഭിക്കാന്‍ കാരണം.

Related Posts