Cricket Homepage Featured Sports

കൊല്ലത്തിന്റെ തുടർച്ചയായ രണ്ടാം കിരീടമോഹം തല്ലികെടുത്തി കൊച്ചി; ടൂർണമെന്റിൽ തിളങ്ങി സാംസൺ ബ്രദേഴ്സ്

തിരുവനന്തപുരം: കേരള ക്രിക്കറ്റ് ലീഗിന്റെ രണ്ടാം പതിപ്പിൽ കൊച്ചി ബ്ലൂ ടൈഗേഴ്സ് ചാംപ്യന്മാർ. കലാശ പോരാട്ടത്തിലെ നിലവിലെ ചാംപ്യന്മാരായ ഏരീസ് കൊല്ലം സെയ്ലേഴ്സിനെ 75 റൺസിനാണ് കൊച്ചി പരാജയപ്പെടുത്തിയത്. ബോളർമാരുടെ കരുത്തിലായിരുന്നു കൊച്ചിയുടെ ആധികാരിക ജയം. ആദ്യം ബാറ്റ് ചെയ്ത കൊല്ലം നിശ്ചിത ഓവറിൽ എട്ട് വിക്കറ്റ് നഷ്ടപ്പെടുത്തി 181 റൺസെടുത്തു. താരതമ്യേന അനായസം പിന്തുടർന്ന് ജയിക്കാൻ പറ്റുന്ന വിജയലക്ഷ്യത്തിലേക്കുള്ള കൊല്ലത്തിന്റെ യാത്ര എന്നാൽ 17മത്തെ ഓവറിന്റെ മൂന്നാം പന്തിൽ അവസാനിച്ചു. 106 റൺസ് മാത്രമാണ് കൊല്ലത്തിന് സ്കോർബോർഡിൽ കൂട്ടിച്ചേർക്കാനായത്. 

ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിന് ഇറങ്ങിയ കൊച്ചിയുടെ തുടക്കവും പതനത്തോടെയായിരുന്നു. രണ്ടാം ഓവറിൽ തന്നെ വിപുൽ കൂടാരം കയറി. മൂന്നമനായി ഇറങ്ങിയ നായകൻ സാലി സാംസണിനെ ഒരറ്റത്ത് സാക്ഷിയാക്കി വിനൂപ് മനോഹരന്റെ വെടിക്കെട്ട് ബാറ്റിംഗാണ് കൊച്ചിയ്ക്ക് ആശ്വാസമായത്. 30 പന്തിൽ ഒൻപത് ഫോറും നാല് സിക്സുമടക്കം 70 റൺസാണ് വിനൂപ് അടിച്ചെടുത്തത്. അതേസമയം സാലി എട്ട് റൺസിനും മുബമ്മദ് ഷാനു, നിഖിൽ തോട്ടത്ത് എന്നിവർ പത്ത് റൺസിനും പുറത്തായി. അജീഷിനാകട്ടെ അക്കൗണ്ട് തുറക്കാൻ പോലുമായില്ല. 

വാലറ്റത്ത് 25 പന്തിൽ പുറത്താകാതെ 47 റൺസെടുത്ത ആൽഫി ഫ്രാൻസിസിന്റെ ബാറ്റിംഗ് പ്രകടനം കൊച്ചിയെ ഭേദപ്പെട്ട സ്കോറിലെത്തിക്കുകയായിരുന്നു. ജോബിൻ ജോബി 12 റൺസിനും മുഹമ്മദ് ആഷിഖ് ഏഴ് റൺസിനും പുറത്തായി. കൊല്ലത്തിനു വേണ്ടി പവൻ രാജ്, ഷറഫുദ്ദീൻ എന്നിവർ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. 

മറുപടി ബാറ്റിംഗിൽ ആദ്യ ഓവറിൽ തന്നെ ഓപ്പണർ ഭരത് സൂര്യനെ നഷ്ടപ്പെട്ട കൊല്ലത്തിന് മൂന്നാം ഓവറിൽ മറ്റൊരു ഓപ്പണർ അഭിഷേക് നയരുടെ വിക്കറ്റും നഷ്ടമായി. രണ്ട് പേരെയും കൂടാരം കയറ്റിയത് കൊച്ചിയുടെ നായകൻ സാലി സാംസണായിരുന്നു. കൊല്ലം നിരയിൽ അഞ്ച് പേർക്ക് മാത്രമാണ് സ്കോർ രണ്ടക്കം കടത്താൻ സാധിച്ചത്. അതിൽ തന്നെ പുറത്താകാതെ 23 റൺസെടുത്ത വിജയ് വിശ്വനാഥാണ് ടോപ് സ്കോറർ. കൊച്ചിയ്ക്ക് വേണ്ടി ജെറിൻ മൂന്ന് വിക്കറ്റ് വീഴ്ത്തി. 

ഏഷ്യ കപ്പിനായി ഇന്ത്യൻ ക്യാമ്പിലേക്ക് പോയ സൂപ്പർ താരം സഞ്ജു സാംസൺ ഇല്ലാതെയാണ് കൊച്ചി സെമിഫൈനലിനും ഫൈനലിനുമിറങ്ങിയത്. എന്നാൽ സഹോദരനും കൊച്ചി നായകനുമായി സാലി സാംസണിന്റെ ഓവറോൾ പ്രകടനം കൊച്ചിയുടെ കന്നി കിരീടമെന്ന സ്വപ്നം യഥാർത്ഥ്യമാക്കുകയായിരുന്നു. ഫീൽഡിംഗിലും സാലിയുടെ പ്രകടനം എടുത്തു പറയേണ്ടത് തന്നെയാണ്. സഞ്ജുവാകട്ടെ ഒരു സെഞ്ചുറിയും ഒരു അർധ സെഞ്ചുറിയും നേടിയ ശേഷമാണ് ഇന്ത്യൻ സ്ക്വാഡിനൊപ്പം ചേർന്നത്. 

Related Posts