Cricket Homepage Featured Sports

സഞ്ജുവോ ജിതേഷോ? ഏഷ്യ കപ്പ് പരിശീലനം ആരംഭിച്ചിട്ടും ഉത്തരം കണ്ടെത്താനാകാതെ ഇന്ത്യ

കിരീടം നിലനിർത്തുകയെന്ന ലക്ഷ്യത്തോടെ ഏഷ്യ കപ്പിനുള്ള അവസാനവട്ട ഒരുക്കങ്ങൾ ആരംഭിച്ചിരിക്കുകയാണ് ടീം ഇന്ത്യ. വെള്ളിയാഴ്ച ദുബൈയിൽ പരിശീലനം ആരംഭിച്ച ഇന്ത്യൻ ടീമിൽ മലയാളി താരം സഞ്ജു സാംസണുമുണ്ട്. 38 ഡിഗ്രി താപനിലയെയും അവഗണിച്ച് രാത്രി വൈകിയും നെറ്റ്സിൽ പരിശീലനം ചെയ്ത സഞ്ജു തന്റെ ഏറ്റവും മികച്ച പ്രകടനം രാജ്യത്തിനായി പുറത്തെടുക്കാമെന്ന പ്രതീക്ഷയിലാണ്. കെസിഎല്ലിലെ മികച്ച ഫോം സഞ്ജുവിന്റെ പ്രതീക്ഷകൾക്ക് കൂടുതൽ ശക്തി പകരുന്നുണ്ട്. കാര്യങ്ങളിങ്ങനെയൊക്കെയാണെങ്കിലും പ്ലെയിംഗ് ഇലവനിൽ മലയാളി താരത്തിന് ഇടംപിടിക്കാൻ സാധിക്കുമോയെന്നതാണ് ഇപ്പോഴും ഉത്തരം ലഭിക്കാത്ത ചോദ്യം. 

യുവതാരം ജിതേഷ് ശർമയാണ് പ്ലെയിംഗ് ഇലവനിലേക്കെത്താൻ സഞ്ജുവിനൊപ്പം മത്സരിക്കുന്നത്. സഞ്ജു ബാറ്റിംഗിൽ ശ്രദ്ധ കേന്ദ്രീകരിച്ച് ആദ്യ ദിനം പരിശീലനം നടത്തിയപ്പോൾ ജിതേഷ് വിക്കറ്റ് കീപ്പിംഗ് സ്കിൽസിനായിരുന്നു കൂടുതൽ സമയം ചെലവഴിച്ചത്. 

ഒരുപക്ഷേ ജിതേഷ് തനിക്ക് നഷ്ടപ്പെട്ട സമയം വീണ്ടെടുത്തതോ അതിന് ബദൽ കണ്ടെത്തിയതോ ആകാം. റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനൊപ്പം അവിസ്മരണീയമായ ഐപിഎൽ വിജയ പരമ്പരയ്ക്ക് തൊട്ടുപിന്നാലെ, ജൂണിൽ വിദർഭ പ്രോ ടി20യിലായിരുന്നു അദ്ദേഹത്തിന്റെ ഏറ്റവും അവസാനം മത്സര മത്സരം. അതേസമയം സഞ്ജു സാംസൺ ആകട്ടെ കാര്യവട്ടത്ത് അഴിഞ്ഞാടുകയായിരുന്നു. ഒരു സെഞ്ചുറിയും നാല് അർധസെഞ്ചുറികളുമായി കൊച്ചി ബ്ലൂ ടൈഗേഴ്സിനെ സെമിയിലെത്തിക്കുന്നതിൽ സഞ്ജുവിന്റെ പങ്ക് നിർണായകമായി. 

ഒറ്റ നോട്ടത്തിൽ സുശക്തമാണ് ഇന്ത്യൻ ടീം. എല്ലാം പൊസിഷനുകളിലും കളിപ്പിക്കാൻ സാധിക്കുന്ന മികച്ച താരങ്ങളുടെ വലിയ നിര ടീം പട്ടികയിൽ കാണാം. എന്നാൽ പ്ലെയിംഗ് ഇലവനെ സന്തുലിതമല്ലാതെയാക്കാൻ സാധ്യതയുള്ള മൂന്ന് പൊസിഷനുകൾ അപ്പോഴും ബാക്കിയാണെന്നാണ് ക്രിക്കറ്റ് വിദഗ്ധരുടെ വിലയിരുത്തൽ. ടി20 സ്പെഷ്യലിസ്റ്റുകൾ നിരവധിയുണ്ടെങ്കിലും അവരെയെല്ലാം എങ്ങനെ എവിടെ പ്ലെയ്സ് ചെയ്യണമെന്ന കാര്യത്തിലാണ് ആശങ്ക നിലനിൽക്കുന്നത്. 

ഉപനായകനായി ടി20 ടീമിലേക്ക് മടങ്ങിയെത്തിയ ശുഭ്മാൻ ഗില്ലിന്റെ വരവാണ് ഓപ്പണിംഗിലെ ആശയക്കുഴപ്പത്തിന് കാരണം. നിലവിൽ മൂന്ന് പേരാണ് ഓപ്പണിംഗ് റോളിൽ അവസരം കാത്ത് ടീമിനുള്ളിൽ തന്നെയുള്ളത്. ലോക ഒന്നാം നമ്പർ ടി20 ബാറ്റർ അഭിഷേക് ശർമ, മലയാളി താരം സഞ്ജു സാംസൺ ഒപ്പം ഉപനായകൻ ശുഭ്മാൻ ഗില്ലും. അഭിഷേക് ഒരു വശത്ത് ഇറങ്ങുമെന്ന കാര്യം ഏകദേശം ഉറപ്പാണ്. എന്നാൽ അഭിഷേകിനൊപ്പം ആരെന്ന കാര്യത്തിലും ആശങ്ക നിലനിൽക്കുന്നു. 

Related Posts