Cricket Homepage Featured Sports

ശ്രീശാന്തിന്റെ 13 വര്‍ഷം പഴക്കമുള്ള പരുക്കിന് 82 ലക്ഷം വേണം; രാജസ്ഥാന്‍ സുപ്രീം കോടതിയില്‍

മുന്‍ താരം എസ്.ശ്രീശാന്തിന്റെ പരുക്കുമായി ബന്ധപ്പെട്ട ഇന്‍ഷുറന്‍സ് ക്ലെയിമിനായി സുപ്രീം കോടതി കയറി രാജസ്ഥാന്‍ റോയല്‍സ്. ഇന്‍ഷുറന്‍സ് കമ്പനിക്കെതിരെയാണ് രാജസ്ഥാന്‍ ഫ്രാഞ്ചൈസിയുടെ നിയമപോരാട്ടം.

കാല്‍മുട്ടിനേറ്റ പരുക്കിനെ തുടര്‍ന്ന് 2012 ഐപിഎല്‍ സീസണില്‍ ശ്രീശാന്തിനു കളിക്കാന്‍ സാധിച്ചിരുന്നില്ലെന്നാണ് രാജസ്ഥാന്റെ വാദം. ഐപിഎല്ലിനിടെയാണ് ഈ പരുക്കുണ്ടായതെന്നും ഇന്‍ഷുറന്‍സ് ലഭിക്കണമെന്നും രാജസ്ഥാന്‍ ആവശ്യപ്പെട്ടു. എന്നാല്‍ താരത്തിന്റെ പരുക്ക് നേരത്തെയുള്ളതാണെന്നും അതിനാല്‍ ക്ലെയിം അനുവദിക്കാന്‍ സാങ്കേതികമായി ബുദ്ധിമുട്ടുണ്ടെന്നുമാണ് ഇന്‍ഷുറന്‍സ് കമ്പനിയുടെ നിലപാട്.

പരിശീലന മത്സരത്തിനിടെയാണ് ശ്രീശാന്തിനു പരുക്കേറ്റതെന്നാണ് രാജസ്ഥാന്‍ പറയുന്നത്. 82 ലക്ഷം രൂപയാണ് ഇന്‍ഷുറന്‍സ് ക്ലെയിം ആയി രാജസ്ഥാന്‍ ആവശ്യം. ഈ തുക അനുവദിക്കാന്‍ സാധിക്കില്ലെന്ന് ഇന്‍ഷുറന്‍സ് കമ്പനി നിലപാടെടുക്കുകയായിരുന്നു. ഈ തര്‍ക്കമാണ് ഒടുവില്‍ സുപ്രീം കോടതിയിലെത്തിയിരിക്കുന്നത്. ശ്രീശാന്തിന്റെ പരുക്ക് 2011 ല്‍ സംഭവിച്ചതാണ്. ഈ പരുക്ക് താരം മറച്ചുവെച്ചു. ഇന്‍ഷുറന്‍സ് പോളിസിയുടെ സമയത്തും ഈ പരുക്കിനെ കുറിച്ച് താരം വെളിപ്പെടുത്തിയിട്ടില്ല. ഇതേ തുടര്‍ന്നാണ് ക്ലെയിം നിഷേധിക്കുന്നതെന്ന് ഇന്‍ഷുറന്‍സ് കമ്പനി പറയുന്നു.

ഇന്‍ഷുറന്‍സ് കമ്പനി പറയുന്നതുപോലെ ശ്രീശാന്തിനു കാല്‍വിരലില്‍ ഉണ്ടായിരുന്ന പരുക്കല്ല ഐപിഎല്‍ 2012 സീസണ്‍ നഷ്ടപ്പെടാന്‍ കാരണം. മറിച്ച് പരിശീലനത്തിനിടെ കാല്‍മുട്ടില്‍ പരുക്കേറ്റിരുന്നു. അതിനാല്‍ ഇന്‍ഷുറന്‍ ക്ലെയിം അനുവദിക്കണമെന്നാണ് രാജസ്ഥാന്‍ നിലപാട്.

കേസില്‍ ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മിഷന്‍ (എന്‍സിഡിആര്‍സി) രാജസ്ഥാന്‍ റോയല്‍സിന് അനുകൂലമായ വിധിയാണ് പുറപ്പെടുവിച്ചത്. ഇന്‍ഷുറന്‍സ് കമ്പനി ഐപിഎല്‍ ഫ്രാഞ്ചൈസിക്കു പണം നല്‍കണമെന്നും കമ്മീഷന്‍ വിധിച്ചതാണ്. എന്നാല്‍ ഇതിനെതിരെ ഇന്‍ഷുറന്‍സ് കമ്പനി സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു. ജസ്റ്റിസുമാരായ വിക്രം നാഥ്, സന്ദീപ് മേത്ത എന്നിവരടങ്ങിയ ബെഞ്ചാണ് കേസില്‍ വാദം കേള്‍ക്കുന്നത്. ശ്രീശാന്തിന്റെ പഴയ ഫിറ്റ്‌നെസ് സര്‍ട്ടിഫിക്കറ്റ് കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. ശ്രീശാന്തിന്റെ വിരലിലെ പരുക്കിനെ കുറിച്ച് ഇന്‍ഷുറന്‍സ് കമ്പനിയെ രാജസ്ഥാന്‍ റോയല്‍സ് നേരത്തെ അറിയിച്ചിട്ടുണ്ടോയെന്ന് വാദത്തിനിടെ കോടതി ചോദിച്ചു. കേസില്‍ അന്തിമ വിധി ഇതുവരെ വന്നിട്ടില്ല.

Related Posts