Cricket Sports

കെസിഎല്ലില്‍ ഇനി സഞ്ജു ഷോ ഇല്ല; യുഎഇയില്‍ കാണാം

കേരള ക്രിക്കറ്റ് ലീഗ് അവസാനിപ്പിച്ച് സഞ്ജു സാംസണ്‍ യുഎഇയിലേക്ക്. കെസിഎല്ലില്‍ കൊച്ചി ബ്ലൂ ടൈഗേഴ്‌സ് താരമായ സഞ്ജു ഏഷ്യാ കപ്പിനായാണ് യുഎഇയിലേക്ക് പോകുന്നത്. അതിനാല്‍ കെസിഎല്ലില്‍ ഇനി സഞ്ജു കളിക്കില്ല. കൊച്ചി ബ്ലൂ ടൈഗേഴ്‌സ് ഉപനായകസ്ഥാനം സഞ്ജു ഒഴിഞ്ഞു. മുഹമ്മദ് ഷാനുവാണ് പുതിയ വൈസ് ക്യാപ്റ്റന്‍. ഒന്‍പത് മത്സരങ്ങളില്‍ നിന്ന് ഏഴ് ജയത്തോടെ 14 പോയിന്റുമായി കൊച്ചി ബ്ലൂ ടൈഗേഴ്‌സ് സെമിയിലെത്തി. ടീമിനു സെമി ടിക്കറ്റ് ഉറപ്പിച്ച ശേഷമാണ് സഞ്ജു കെസിഎല്‍ അവസാനിപ്പിച്ചത്.

കെസിഎല്ലില്‍ മികച്ച പ്രകടനം നടത്താന്‍ സാധിച്ചെന്ന ആത്മവിശ്വാസത്തിലാണ് സഞ്ജു ഏഷ്യാ കപ്പ് കളിക്കാന്‍ പോകുന്നത്. കെസിഎല്ലില്‍ അഞ്ച് ഇന്നിങ്‌സുകളില്‍ നിന്ന് 73.60 ശരാശരിയില്‍ 368 റണ്‍സാണ് സഞ്ജു നേടിയിരിക്കുന്നത്. സ്‌ട്രൈക് റേറ്റ് 186.80 ആണ്. ലീഗിലെ റണ്‍വേട്ടയില്‍ രണ്ടാമന്‍. ലീഗില്‍ ഏറ്റവും കൂടുതല്‍ സിക്‌സറുകള്‍ പറത്തിയത് സഞ്ജുവാണ്. അഞ്ച് ഇന്നിങ്‌സുകളില്‍ നിന്ന് 30 സിക്‌സുകള്‍. 24 ഫോറുകളും താരം നേടി. ഏറ്റവും കൂടുതല്‍ ശരാശരിയുള്ള താരങ്ങളില്‍ രണ്ടാമതും ഏറ്റവും കൂടുതല്‍ സ്‌ട്രൈക് റേറ്റില്‍ ഏഴാമനുമായാണ് സഞ്ജു തിരുവനന്തപുരത്ത് നിന്നും യുഎഇയിലേക്ക് വിമാനം കയറുന്നത്.

സെപ്റ്റംബര്‍ ഒന്‍പതിനു അബുദാബിയില്‍ ആണ് ഏഷ്യാ കപ്പിനു തുടക്കം. സെപ്റ്റംബര്‍ 10 ബുധനാഴ്ച യുഎഇയ്‌ക്കെതിരെ ഇന്ത്യയുടെ ആദ്യ കളി. സഞ്ജു സാംസണ്‍, ജിതേഷ് ശര്‍മ എന്നിവരാണ് ഇന്ത്യയുടെ വിക്കറ്റ് കീപ്പര്‍മാര്‍. സെപ്റ്റംബര്‍ 14 ഞായറാഴ്ചയാണ് ഇന്ത്യ-പാക്കിസ്ഥാന്‍ മത്സരം. സെപ്റ്റംബര്‍ 19 നു നടക്കുന്ന അവസാന ഗ്രൂപ്പ് ഘട്ട മത്സരത്തില്‍ ഇന്ത്യക്ക് എതിരാളികള്‍ ഒമാന്‍.

ഏഷ്യാ കപ്പ് പ്ലേയിങ് ഇലവനില്‍ സഞ്ജു ഉണ്ടാകുമോയെന്ന കാര്യത്തില്‍ ഇപ്പോഴും വ്യക്തതയില്ല. അഭിഷേക് ശര്‍മയ്‌ക്കൊപ്പം ശുഭ്മാന്‍ ഗില്‍ ഓപ്പണറായി എത്തുകയാണെങ്കില്‍ സഞ്ജുവിനു പുറത്തിരിക്കേണ്ടി വരും. ഓപ്പണര്‍ സ്ഥാനം ലഭിക്കാത്ത പക്ഷം മധ്യനിരയിലോ ഫിനിഷര്‍ റോളിലോ സഞ്ജുവിനെ പ്രതീക്ഷിക്കണ്ട. അതേസമയം യുഎഇയ്‌ക്കെതിരായ മത്സരത്തില്‍ സഞ്ജുവിനെ ഇറക്കി ഗില്ലിനെ പാക്കിസ്ഥാനെതിരെ ഇറക്കുകയെന്ന തന്ത്രവും ഇന്ത്യയുടെ ആലോചനയില്‍ ഉണ്ട്. ഫിനിഷര്‍ റോളില്‍ സഞ്ജുവിനേക്കാള്‍ കേമന്‍ ആയതിനാല്‍ ജിതേഷ് ശര്‍മ അഞ്ചാമതോ ആറാമതോ ആയി പ്ലേയിങ് ഇലവനില്‍ സ്ഥാനം പിടിച്ചേക്കും. അങ്ങനെ വന്നാല്‍ ജിതേഷ് തന്നെയായിരിക്കും വിക്കറ്റ് കീപ്പര്‍.

Related Posts