ക്രിക്കറ്റ് നിരീക്ഷണങ്ങളിലൂടെയും പ്രവചനങ്ങളിലൂടെയും വിവാദങ്ങളില്‍ ഇടംപിടിക്കുന്ന ഇന്ത്യയുടെ മുന്‍ താരമാണ് ആകാശ് ചോപ്ര. മലയാളി താരം സഞ്ജു സാംസണ് ട്വന്റി 20 ലോകകപ്പ് കളിക്കുമോ എന്ന ചര്‍ച്ചകള്‍ നടക്കുന്നതിനിടെ ആകാശ് ചോപ്ര പുതിയൊരു നിരീക്ഷണവുമായി രംഗത്തെത്തിയിരിക്കുകയാണ്. 2026 ല്‍ നടക്കാന്‍ പോകുന്ന ട്വന്റി 20 ലോകകപ്പില്‍ ജിതേഷ് ശര്‍മ വേണമെന്നാണ് ആകാശ് ചോപ്ര പറയുന്നത്. സഞ്ജുവിനേക്കാള്‍ സാധ്യത ജിതേഷിനു കല്പ്പിക്കുകയാണ് ചോപ്ര.
ഏഷ്യാ കപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ സഞ്ജുവിനൊപ്പം ജിതേഷും സ്ഥാനം പിടിച്ചിട്ടുണ്ട്. ഏഷ്യാ കപ്പിലും ജിതേഷിനു തന്നെയായിരിക്കും മുന്‍ഗണനയെന്ന് ചോപ്ര പറയുന്നു. മികച്ച സ്ട്രൈക് റേറ്റും ഫിനിഷ് മികവുമാണ് ജിതേഷിനെ സഞ്ജുവിനേക്കാള്‍ മുകളില്‍ റേറ്റ് ചെയ്യാന്‍ ആകാശ് ചോപ്രയെ പ്രേരിപ്പിക്കുന്നത്.
‘ എനിക്കു തോന്നുന്നു, ജിതേശ് ആയിരിക്കും പ്ലേയിങ് ഇലവനില്‍ ഉണ്ടാകുക. ഒന്ന് മുതല്‍ മൂന്ന് വരെയുള്ള നമ്പറുകളെ കുറിച്ച് നമുക്ക് ആലോചിക്കുകയേ വേണ്ട. അതില്‍ ഒരു ബാറ്റിങ് പൊസിഷനും ജിതേഷിനു ലഭിക്കില്ല. എന്നാല്‍ നാല് മുതല്‍ ഏഴ് വരെയുള്ള ബാറ്റിങ് പൊസിഷനുകളില്‍ 28 ശരാശരിയില്‍ 166 സ്ട്രൈക് റേറ്റ് ജിതേഷിനുണ്ട്. ഏഷ്യാ കപ്പില്‍ അവന് മികച്ച പ്രകടനം നടത്തുമെന്നാണ് ഞാന്‍ പ്രതീക്ഷിക്കുന്നത്,’
‘ ടോപ് ത്രീയില്‍ ഒരു വിക്കറ്റ് കീപ്പര്‍ വേണമെങ്കില്‍ സഞ്ജുവാണ് നല്ലത്. കാരണം ഒന്ന് മുതല്‍ മൂന്ന് വരെയുള്ള ബാറ്റിങ് പൊസിഷനിലാണ് സഞ്ജു മികച്ച പ്രകടനങ്ങള്‍ നടത്തിയിരിക്കുന്നത്. എന്നാല്‍ നാല് മുതല്‍ ഏഴ് വരെയുള്ള നമ്പറുകളില്‍ മോശമാണ്. ഈ പൊസിഷനില്‍ 98 മത്സരങ്ങള്‍ കളിച്ചിട്ടുണ്ട്. എന്നാല്‍ ശരാശരി വെറും 20 മാത്രം, സ്ട്രൈക് റേറ്റ് 126. രണ്ടും മോശമാണ്. ആദ്യ മൂന്നില്‍ മാത്രമേ സഞ്ജുവിനെ പരിഗണിക്കാന്‍ സാധിക്കൂ,’ ആകാശ് ചോപ്ര പറഞ്ഞു.
ജിതേഷ് ഏഷ്യാ കപ്പില്‍ തിളങ്ങിയാല്‍ 2026 ട്വന്റി 20 ലോകകപ്പിലേക്കും വാതില്‍ തുറക്കും. ഇത് സഞ്ജുവിന് തിരിച്ചടിയാകും. കാരണം യശസ്വി ജയ്സ്വാള്‍, ശുഭ്മാന്‍ ഗില്‍, അഭിഷേക് ശര്‍മ, തിലക് വര്‍മ എന്നിവര്‍ ഉള്ളപ്പോള്‍ ഏറ്റവും സുരക്ഷിതമായ ഒന്ന് മുതല്‍ മൂന്ന് വരെയുള്ള ബാറ്റിങ് പൊസിഷനുകള്‍ സഞ്ജുവിനു ലഭിക്കുക അസാധ്യമാണ്.