ഏഷ്യ കപ്പിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചതുമുതൽ തുടരുന്ന നിരവധി ആശങ്കകളും ഉയർന്നു വരുന്ന നിരവധി ചോദ്യങ്ങളുമുണ്ട്. മത്സരങ്ങൾ ആരംഭിക്കാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കുമ്പോഴും ഉത്തരം കണ്ടത്തേണ്ട ചോദ്യങ്ങൾ ബാക്കിയാണ്. കിരീടം നിലനിർത്തുകയെന്ന ദൗത്യത്തോടെയിറങ്ങുന്ന നായകൻ സൂര്യകുമാർ യാദവിനെയും മുഖ്യപരിശീലകൻ ഗൗതം ഗംഭീറിനെയും സംബന്ധിച്ചിടത്തോളം ആ ചോദ്യങ്ങൾ വലിയ ആശയക്കുഴപ്പമാണ് ഉണ്ടാക്കുന്നത്.
ഒറ്റ നോട്ടത്തിൽ സുശക്തമാണ് ഇന്ത്യൻ ടീം. എല്ലാം പൊസിഷനുകളിലും കളിപ്പിക്കാൻ സാധിക്കുന്ന മികച്ച താരങ്ങളുടെ വലിയ നിര ടീം പട്ടികയിൽ കാണാം. എന്നാൽ പ്ലെയിംഗ് ഇലവനെ സന്തുലിതമല്ലാതെയാക്കാൻ സാധ്യതയുള്ള മൂന്ന് പൊസിഷനുകൾ അപ്പോഴും ബാക്കിയാണെന്നാണ് ക്രിക്കറ്റ് വിദഗ്ധരുടെ വിലയിരുത്തൽ. ടി20 സ്പെഷ്യലിസ്റ്റുകൾ നിരവധിയുണ്ടെങ്കിലും അവരെയെല്ലാം എങ്ങനെ എവിടെ പ്ലെയ്സ് ചെയ്യണമെന്ന കാര്യത്തിലാണ് ആശങ്ക നിലനിൽക്കുന്നത്.
ഓപ്പണിംഗിൽ ആരൊക്കെ?
ഉപനായകനായി ടി20 ടീമിലേക്ക് മടങ്ങിയെത്തിയ ശുഭ്മാൻ ഗില്ലിന്റെ വരവാണ് ഓപ്പണിംഗിലെ ആശയക്കുഴപ്പത്തിന് കാരണം. നിലവിൽ മൂന്ന് പേരാണ് ഓപ്പണിംഗ് റോളിൽ അവസരം കാത്ത് ടീമിനുള്ളിൽ തന്നെയുള്ളത്. ലോക ഒന്നാം നമ്പർ ടി20 ബാറ്റർ അഭിഷേക് ശർമ, മലയാളി താരം സഞ്ജു സാംസൺ ഒപ്പം ഉപനായകൻ ശുഭ്മാൻ ഗില്ലും. അഭിഷേക് ഒരു വശത്ത് ഇറങ്ങുമെന്ന കാര്യം ഏകദേശം ഉറപ്പാണ്. എന്നാൽ അഭിഷേകിനൊപ്പം ആരെന്ന കാര്യത്തിൽ ആശങ്ക നിലനിൽക്കുന്നു. ഗില്ലിന്റെ ടി20 പൊസിഷന്‍ ഓപ്പണിങാണ്. ദേശീയ ടീമിലും ഐപിഎല്ലില്‍ ഗുജറാത്ത് ടൈറ്റന്‍സിനു വേണ്ടിയുമെല്ലാം അദ്ദേഹം ഈ റോളിലാണ് ബാറ്റ് വീശുന്നത്.
അതേസമയം, ടീമിലെ നിലവിലുള്ള ഓപ്പണർ സഞ്ജു സാംസണാണ്. കഴിഞ്ഞ മൂന്ന് ടി20 പരമ്പരകളിലും ഓപ്പണറായി ഇറങ്ങിയത് സഞ്ജുവായിരുന്നു താനും. അഭിഷേക് – സഞ്ജു കൂട്ടുകെട്ട് ഇന്ത്യയ്ക്ക് സുരക്ഷിത ഇന്നിംഗ്സുകൾ വാഗ്ദാനം ചെയ്ത സാഹചര്യത്തിൽ ഗില്ലിനെ മൂന്നാം നമ്പറിൽ ഇറക്കേണ്ട സ്ഥിതി വിശേഷമാണുള്ളത്. അത് എത്രത്തോളം സാധ്യമാണെന്നതാണ് കാത്തിരുന്നു കാണേണ്ടത്.
ഫിനിഷറാകാനും മൂന്ന് പേർ
ഓപ്പണിംഗ് പോലെ തന്നെ ഇന്ത്യയുടെ തലവേദനയാണ് ഫിനിഷർ റോളിൽ ആരു കളിക്കുമെന്നുള്ളത്. ഇവിടെയും മൂന്ന് പേരാണ് പ്ലെയിംഗ് ഇലവനിൽ സ്ഥാനം കാത്തു നിൽക്കുന്നത്, റിങ്കു സിങ്, ശിവം ദുബെ, ജിതേഷ് ശര്‍മ. എന്നാൽ ഇവരിൽ ഒരാൾക്ക് മാത്രമായിരിക്കും അവസരം ലഭിക്കുക. സമീപകാലത്തു ഇന്ത്യക്കായി ടി20യിലും കഴിഞ്ഞ ഐപിഎല്ലിലുമൊന്നും റിങ്കുവിന്റെ പ്രകടനം അത്ര ആശാവഹമല്ല. എന്നാള്‍ ഇപ്പോള്‍ നടക്കുന്ന യുപി ടി20 ലീഗിലൂടെ അദ്ദേഹം ഫോം വീണ്ടെടുത്തു കഴിഞ്ഞു. സെഞ്ച്വറിയടക്കം നേടിയ റിങ്കു ചില മാച്ച് വിന്നിങ് പ്രകടനങ്ങളും നടത്തിയിരുന്നു.
സമീപകാലത്ത് അത്ര മികച്ച പ്രകടനമൊന്നും ദുബെയുടെ ബാറ്റിൽ നിന്നും പിറന്നട്ടില്ല. എന്നാൽ മധ്യ ഓവറുകളിൽ അദ്ദേഹത്തിനുണ്ടാക്കാൻ സാധിക്കുന്ന ഇംപാക്ടിനെ തള്ളികളയാനും സാധിക്കില്ല. ടീമിലെ രണ്ടാം വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ കൂടിയായ ജിതേഷ് ശർമയാകട്ടെ തന്റെ ഐപിഎൽ പ്രകടനങ്ങളുടെ അടിസ്ഥാനത്തിൽകൂടിയാണ് ദേശിയ കുപ്പായത്തിലിറങ്ങാനൊരുങ്ങുന്നത്. ഫിനിഷറുടെ റോളിലിറങ്ങി ബെംഗളൂരുവിനെ ചാംപ്യന്മാരാക്കുന്നതിലടക്കം നിർണായക പങ്കുവഹിച്ച താരമാണ് ജിതേഷ്.
വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ
ബാറ്റിംഗ് പ്രകടനത്തിന്റെ അടിസ്ഥാനത്തിൽ സഞ്ജു പ്ലെയിംഗ് ഇലവനിൽ ഇറങ്ങിയാൽ മലയാളി താരം തന്നെയാകും വിക്കറ്റ് കീപ്പറാകുന്നത്. അതേസമയം, ഫിനിഷറായി ജിതേഷും ഓപ്പണറായി സഞ്ജു സാംസണും ടീമിൽ ഇടംപിടിക്കുകയാണെങ്കിൽ ആ അവസരം ആർക്കെന്ന ചോദ്യം ഇപ്പോഴും ഉത്തരം കിട്ടാതെ ബാക്കിയാകുന്നു. വിക്കറ്റ് കീപ്പറുടെ റോളിൽ ജിതേഷ് മിന്നും ഫോമിലാണ്. സഞ്ജുവാകട്ടെ കെസിഎല്ലിൽ സ്പെഷ്യലിസ്റ്റ് ബാറ്റ്സ്മാനായണ് കളിക്കുന്നതും.
സ്പിന്‍ ഓപ്ഷന്‍
ഫസ്റ്റ് ചോയ്‌സ് സ്പിന്നറായി ആരെ കളിപ്പിക്കുമെന്നതും ഉത്തരം കണ്ടത്തേണ്ട ചോദ്യമാണ്. കുല്‍ദീപ് യാദവ്, വരുണ്‍ ചക്രവര്‍ത്തി എന്നീ രണ്ടു ലോകോത്തര സ്പിന്നര്‍മാര്‍ ഇപ്പോള്‍ ഇന്ത്യന്‍ നിരയിലുണ്ട്. രണ്ടു പേരെയും ഒരുമിച്ച് കളിപ്പിക്കുകയെന്നതു അസാധ്യമായിരിക്കും. സമീപകാലത്തു ദേശീയ ടീമിനായി കളിച്ചപ്പോഴെല്ലാം വലിയ വിക്കറ്റ് വേട്ട നടത്തിയിട്ടുള്ള ബൗളറാണ് വരുണ്‍. എന്നാല്‍ അനുഭവസമ്പത്തും വൈവിധ്യവും കുല്‍ദീപിനെ അവിഭാജ്യ ഘടകമാക്കി മാറ്റുന്നു.
















