മെൽബൺ: ഓസ്‌ട്രേലിയയ്‌ക്കെതിരായ രണ്ടാം ട്വന്റി 20 മത്സരത്തില്‍ ഇന്ത്യക്ക് നാല് വിക്കറ്റ് തോല്‍വി. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 18.4 ഓവറില്‍ 125 നു ഓള്‍ഔട്ട് ആയപ്പോള്‍ മറുപടി ബാറ്റിങ്ങില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 40 പന്തുകള്‍ ശേഷിക്കെ ആതിഥേയര്‍ ലക്ഷ്യം കണ്ടു.
ഓപ്പണര്‍മാരായ മിച്ചല്‍ മാര്‍ഷ് (26 പന്തില്‍ 48), ട്രാവിസ് ഹെഡ് (15 പന്തില്‍ 28) എന്നിവര്‍ ഓസീസിനെ ആദ്യ വിക്കറ്റില്‍ തന്നെ ജയത്തിലേക്കു അടുപ്പിച്ചു. സ്‌കോര്‍ ബോര്‍ഡില്‍ 51 റണ്‍സ് ആയപ്പോഴാണ് ഓസീസിനു ആദ്യ വിക്കറ്റ് നഷ്ടമായത്. മറുവശത്ത് ടീം ടോട്ടല്‍ 50 ആകുമ്പോഴേക്കും ഇന്ത്യക്ക് നഷ്ടമായത് അഞ്ച് വിക്കറ്റുകള്‍. ജോഷ് ഇഗ്ലിസ് (20 പന്തില്‍ 20), മിച്ചല്‍ ഓവന്‍ (10 പന്തില്‍ 14) എന്നിവരും ഓസ്‌ട്രേലിയയുടെ ജയത്തില്‍ നിര്‍ണായക ഇന്നിങ്‌സുകള്‍ കളിച്ചു. ഇന്ത്യക്കായി വരുണ്‍ ചക്രവര്‍ത്തിയും കുല്‍ദീപ് യാദവും ജസ്പ്രിത് ബുംറയും രണ്ട് വീതം വിക്കറ്റുകള്‍ വീഴ്ത്തി.
ബാറ്റിങ് ദുഷ്‌കരമായ പിച്ചില്‍ ഇന്ത്യയുടെ തുടക്കം തകര്‍ച്ചയിലായിരുന്നു. സ്‌കോര്‍ ബോര്‍ഡില്‍ 20 റണ്‍സ് ആകുമ്പോഴേക്കും ആദ്യ വിക്കറ്റ് വീണു. 10 പന്തില്‍ അഞ്ച് റണ്‍സുമായി ആദ്യം കൂടാരം കയറിയത് ഓപ്പണറും ഉപനായകനുമായ ശുഭ്മാന്‍ ഗില്‍. തൊട്ടുപിന്നാലെ സഞ്ജു സാംസണ്‍ (നാല് പന്തില്‍ രണ്ട്), നായകന്‍ സൂര്യകുമാര്‍ യാദവ് (നാല് പന്തില്‍ ഒന്ന്), തിലക് വര്‍മ (രണ്ട് പന്തില്‍ പൂജ്യം) എന്നിവരെല്ലാം കൂടാരം കയറി.
ഒരറ്റത്ത് വിക്കറ്റുകള്‍ വീഴുമ്പോഴും ഓപ്പണര്‍ അഭിഷേക് ശര്‍മ ഭയരഹിതനായി പിടിച്ചുനിന്നു. 37 പന്തില്‍ എട്ട് ഫോറും രണ്ട് സിക്‌സും സഹിതം 68 റണ്‍സെടുത്ത അഭിഷേക് ഇന്ത്യയെ വലിയ നാണക്കേടില്‍ നിന്ന് രക്ഷിച്ചു. 33 പന്തില്‍ 35 റണ്‍സുമായി ഹര്‍ഷിത് റാണ വാലറ്റത്ത് പൊരുതി. അക്‌സര്‍ പട്ടേല്‍ (12 പന്തില്‍ ഏഴ്), ശിവം ദുബെ (രണ്ട് പന്തില്‍ നാല്), കുല്‍ദീപ് യാദവ് (പൂജ്യം), ജസ്പ്രിത് ബുംറ (പൂജ്യം) എന്നിവരും നിരാശപ്പെടുത്തി. അഞ്ച് മത്സരങ്ങളുടെ ട്വന്റി 20 പരമ്പര ഓസീസ് 1-0 ത്തിനു ലീഡ് ചെയ്യുന്നു. ആദ്യ മത്സരം മഴമൂലം ഉപേക്ഷിച്ചിരുന്നു. മൂന്ന് മത്സരങ്ങള്‍ കൂടിയാണ് പരമ്പരയില്‍ ശേഷിക്കുന്നത്.
















