ദുബായ്: കരിയറിലാദ്യമായി ഐസിസി ഏകദിന റാങ്കിംഗില്‍ ഒന്നാം സ്ഥാനം സ്വന്തമാക്കി ഇന്ത്യൻ മുന്‍ നായകന്‍ രോഹിത് ശര്‍മ. ഓസ്ട്രേലിയക്കെതിരായ ഏകദിന പരമ്പരയിലെ രണ്ടാം മത്സരത്തില്‍ അര്‍ധസെഞ്ചുറിയും മൂന്നാം മത്സരത്തില്‍ സെഞ്ചുറിയും നേടിയാണ് ഏകദിന റാങ്കിംഗില്‍ രോഹിത് നമ്പര്‍ വണ്ണായത്. 38-ാം വയസിലാണ് രോഹിതിന് നേട്ടം സ്വന്തമാക്കിയിരിക്കുന്നത്.
ഇന്ത്യൻ ക്യാപ്റ്റൻ ശുഭ്മാന്‍ ഗില്ലിനെ മറികടന്നാണ് രോഹിത് ശർമ ഒന്നാം സ്ഥാനത്തെത്തിയത്. ഓസ്ട്രേലിയക്കെതിരായ ഏകദിന പരമ്പരക്ക് മുമ്പ് 743 റേറ്റിംഗ് പോയന്‍റുമായി രണ്ടാം സ്ഥാനത്തായിരുന്നു രോഹിത്. ഓസ്ട്രേലിയക്കെതിരായ ഏകദിന പരമ്പരയിലെ താരമായി തെരഞ്ഞെടുക്കപ്പെട്ട രോഹിത് 781 റേറ്റിംഗ് പോയന്‍റുമായി ഒന്നാം സ്ഥാനം സ്വന്തമാക്കുകയായിരുന്നു.
സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍, മഹേന്ദ്ര സിംഗ് ധോണി, വിരാട് കോലി, ശുഭ്മാന്‍ ഗില്‍ എന്നിവരാണ് രോഹിത്തിന് മുമ്പ് ഏകദിന റാങ്കിംഗില്‍ ഒന്നാം സ്ഥാനത്തെത്തിയ ഇന്ത്യൻ താരങ്ങള്‍. രോഹിത് ശര്‍മ ഐസിസി ഏകദിന റാങ്കിംഗില്‍ ഒന്നാം സ്ഥാനം സ്വന്തമാക്കിയപ്പോൾ രണ്ട് സ്ഥാനം താഴേക്കിറങ്ങി ശുഭ്മാന്‍ ഗില്‍ നിലവിൽ മൂന്നാം സ്ഥാനത്താണ്. അഫ്ഗാനിസ്ഥാന്‍റെ ഇബ്രാഹിം സര്‍ദ്രാനാണ് രണ്ടാം സ്ഥാനത്ത്. അതേസമയം വിരാട് കോലി ഒരു സ്ഥാനം താഴേക്കിറങ്ങി ആറാമതായി. രണ്ടാം ഏകദിനത്തില്‍ അര്‍ധസെഞ്ചുറി നേടിയ ശ്രേയസ് അയ്യര്‍ ഒരു സ്ഥാനം മെച്ചപ്പെടുത്തി ഒമ്പതാം സ്ഥാനത്തെത്തി.
















