തിരുവനന്തപുരം: സംസ്ഥാന സ്കൂൾ കായികമേള റെക്കോർഡ് ജേതാക്കളായ ദേവപ്രിയയേയും അതുലിനേയും ഏറ്റെടുക്കാൻ തയ്യാറായി സഞ്ജു സാംസൺ ഫൗണ്ടേഷൻ. സ്കൂൾ കായികമേള 2025 ബ്രാൻഡ് അംബാസഡർ കൂടിയാണ് സഞ്ജു സാസംസൺ. വിദ്യഭ്യാസ മന്ത്രി വി ശിവൻകുട്ടിയാണ് ഇക്കാര്യം അറിയിച്ചത്.
കായിക മേളയിൽ സബ് ജൂനിയർ ഗേൾസ് വിഭാഗത്തിൽ 100 മീറ്ററിൽ റെക്കോർഡ് നേടിയ സിഎച്ച്എസ് കാൽവരി മൗണ്ട് സ്കൂളിലെ ദേവപ്രിയ ഷൈബുവിനെയും 100 മീറ്ററിലും 200 മീറ്ററിലും റെക്കോർഡ് നേടിയ ചാരമംഗലം ഗവൺമെന്റ് ഡിവിഎച്ച്എസ്എസ് സ്കൂളിലെ അതുൽ ടി.എമ്മിനെയുമാണ് സഞ്ജു സാംസൺ ഫൗണ്ടേഷൻ ഏറ്റെടുക്കുക.
സംസ്ഥാന സ്കൂൾ കായിക മേളയിൽ 38 വർഷം പഴക്കമുള്ള റെക്കോർഡ് തകർത്താണ് സബ്ജൂനിയർ പെൺകുട്ടികളുടെ 100 മീറ്ററിൽ ദേവപ്രിയ ചരിത്രം കുറിച്ചത്. ജൂനിയർ വിഭാഗം 100 മീറ്റർ ഓട്ടത്തിലാണ് അതുൽ ടി എം ഒന്നാമതെത്തിയത്. 37 വർഷത്തെ മീറ്റ് റെക്കോർഡ് ആണ് അതുൽ തകർത്തെറിഞ്ഞത്.
ജീവിത സാഹചര്യങ്ങളോട് മല്ലിട്ടാണ് ഇവർ നേട്ടം കൊയ്തത്. ശക്തമായ പിൻബലം ഈ കുട്ടികളെ നാളെ ദേശീയ തലത്തിലേക്കും ഒളിമ്പിക് തലത്തിലേക്കും വരെ ഉയർത്തിയേക്കാം. അത് കൊണ്ട് തന്നെ സഞ്ജു സാംസൺ ഫൗണ്ടേഷന്റെ കീഴിൽ സംസ്ഥാന ദേശീയ തലത്തിൽ ആവശ്യമായ യാത്രാതാമസ സൗകര്യങ്ങളും വേണ്ട നിർദേശങ്ങളും നൽകിക്കൊണ്ട് കുട്ടികൾക്ക് ഒരു പ്രോഫഷണൽ അത്ലറ്റിക് കോച്ചിന്റെ സൗകര്യം ലഭ്യമാക്കുകയും ചെയ്യുമെന്ന് സഞ്ജു അറിയിച്ചതായി വിദ്യാഭ്യാസ മന്ത്രി പറഞ്ഞു.
















