ഇന്ത്യ-ഓസ്‌ട്രേലിയ ട്വന്റി 20 പരമ്പര നാളെ (ഒക്ടോബര്‍ 29) ആരംഭിക്കും. അഞ്ച് മത്സരങ്ങളാണ് ടി20 പരമ്പരയില്‍ ഉള്ളത്. സൂര്യകുമാര്‍ യാദവ് നയിക്കുന്ന ടീമില്‍ ശുഭ്മാന്‍ ഗില്‍ ആണ് ഉപനായകന്‍. മലയാളി താരം സഞ്ജു സാംസണും ടീമില്‍ ഭാഗമാണ്.
ഒക്ടോബര്‍ 29 ബുധനാഴ്ച ഓവലിലെ കാന്‍ബെറയിലാണ് ഒന്നാം ടി20 മത്സരം. ഒക്ടോബര്‍ 31 നു നടക്കുന്ന രണ്ടാം മത്സരത്തിനു മെല്‍ബണ്‍ വേദിയാകും. നവംബര്‍ രണ്ട് ഞായറാഴ്ച മൂന്നാം ടി20 മത്സരം ഓവലിലെ ഹൊബാര്‍ട്ടില്‍ നടക്കും. നവംബര്‍ ആറ് വ്യാഴാഴ്ച ഓവലിലെ ഗോല്‍ഡ് കോസ്റ്റിലാണ് നാലാം മത്സരം. അഞ്ചാമത്തെയും അവസാനത്തെയും മത്സരം നവംബര്‍ എട്ട് ശനിയാഴ്ച ബ്രിസ്ബണില്‍.
ഇന്ത്യന്‍ സമയം ഉച്ചകഴിഞ്ഞ് 1.45 മുതലാണ് എല്ലാ മത്സരങ്ങളും. സ്റ്റാര്‍ സ്പോര്‍ട്സ് നെറ്റ് വര്‍ക്കിലും ജിയോ ഹോട്ട് സ്റ്റാറിലും മത്സരങ്ങള്‍ തത്സമയം കാണാം.
ഇന്ത്യ, സ്‌ക്വാഡ്: സൂര്യകുമാര്‍ യാദവ് (ക്യാപ്റ്റന്‍), അഭിഷേക് ശര്‍മ, ശുഭ്മാന്‍ ഗില്‍, തിലക് വര്‍മ, നിതീഷ് കുമാര്‍ റെഡ്ഡി, ശിവം ദുബെ, അക്സര്‍ പട്ടേല്‍, ജിതേഷ് ശര്‍മ, വരുണ്‍ ചക്രവര്‍ത്തി, ജസ്പ്രിത് ബുംറ, അര്‍ഷ്ദീപ് സിങ്, കുല്‍ദീപ് യാദവ്, ഹര്‍ഷിത് റാണ, സഞ്ജു സാംസണ്‍, റിങ്കു സിങ്, വാഷിങ്ടണ്‍ സുന്ദര്‍
മലയാളി താരം സഞ്ജു സാംസണ്‍ പ്ലേയിങ് ഇലവനില്‍ ഇടംപിടിക്കുമോ എന്ന കാര്യത്തില്‍ ഉറപ്പില്ല. ശുഭ്മാന്‍ ഗില്ലും അഭിഷേക് ശര്‍മയും ഓപ്പണര്‍മാരാകും. സഞ്ജുവിനെ പ്ലേയിങ് ഇലവനില്‍ ഉള്‍പ്പെടുത്തിയാല്‍ അഞ്ചാമനായോ ആറാമനായോ ബാറ്റിങ്ങിനു ഇറങ്ങേണ്ടിവരും. അതല്ല ജിതേഷ് ശര്‍മയെ വിക്കറ്റ് കീപ്പറും ഫിനിഷറുമായി കളിപ്പിക്കാന്‍ തീരുമാനിച്ചാല്‍ സഞ്ജു പുറത്തിരിക്കും.
ഏകദിന പരമ്പര 2-1 നു ഓസ്‌ട്രേലിയ സ്വന്തമാക്കിയിരുന്നു. ഏകദിന പരമ്പരയിലെ തോല്‍വിക്ക് പകരംവീട്ടാന്‍ ഇന്ത്യക്ക് സാധിക്കുമോയെന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്.
















