Cricket Homepage Featured Sports

വാരിയെല്ലിനു സമീപം ആന്തരിക രക്തസ്രാവം; ശ്രേയസ് അയ്യര്‍ ഐസിയുവിലെന്ന് റിപ്പോര്‍ട്ട്

ന്ത്യന്‍ ക്രിക്കറ്റ് ടീം താരം ശ്രേയസ് അയ്യര്‍ സിഡ്‌നിയിലെ ആശുപത്രിയില്‍ ചികിത്സയില്‍ തുടരുന്നു. ഓസ്‌ട്രേലിയയ്‌ക്കെതിരായ മൂന്നാം ഏകദിനത്തിനിടെ താരത്തിനു പരുക്കേറ്റിരുന്നു. ഈ പരുക്ക് അല്‍പ്പം ഗൗരവമുള്ളതാണെന്നും താരത്തെ അതിതീവ്ര പരിചരണ വിഭാഗത്തില്‍ വിദഗ്ധ ചികിത്സയ്ക്കായി പ്രവേശിപ്പിച്ചെന്നും ന്യൂസ് 18 അടക്കമുള്ള ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

സിഡ്‌നിയില്‍ നടന്ന മൂന്നാം ഏകദിനത്തില്‍ ഓസ്‌ട്രേലിയന്‍ താരം അലക്‌സ് കാരിയുടെ ക്യാച്ച് എടുക്കുന്നതിനിടെ താരം ഗ്രൗണ്ടില്‍ വയറടിച്ച് വീഴുകയായിരുന്നു. വാരിയെല്ലിന്റെ ഭാഗത്താണ് താരത്തിനു പരുക്കേറ്റത്. ഉടന്‍ തന്നെ ശ്രേയസിനെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. പരുക്കേറ്റ സ്ഥലത്ത് ആന്തരിക രക്തസ്രാവം ഉണ്ടെന്നും അതിനാലാണ് അതിതീവ്ര പരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചിരിക്കുന്നതെന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നു.

ഏതാനും ദിവസങ്ങള്‍ കൂടി ശ്രേയസിനു ഐസിയുവില്‍ കഴിയേണ്ടിവരും. ഒരുപക്ഷേ പരുക്ക് ഗുരുതരമാകുന്ന അവസ്ഥ വരുമായിരുന്നു. കൃത്യസമയത്ത് ആശുപത്രിയില്‍ എത്തിച്ചതിനാല്‍ നിലവില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ല. ശ്രേയസിന്റെ മാതാപിതാക്കള്‍ ഇന്ത്യയില്‍ നിന്ന് ഓസ്‌ട്രേലിയയിലേക്കു തിരിച്ചതായും മാധ്യമ റിപ്പോര്‍ട്ടുകളില്‍ പറയുന്നു.

ബിസിസിഐ മെഡിക്കല്‍ സംഘവും ശ്രേയസിനൊപ്പം ആശുപത്രിയില്‍ ഉണ്ട്. ഓസ്‌ട്രേലിയയ്‌ക്കെതിരായ മൂന്ന് ഏകദിന മത്സരങ്ങള്‍ക്കു വേണ്ടി മാത്രമാണ് ശ്രേയസിനെ ടീമില്‍ ഉള്‍പ്പെടുത്തിയത്. ടി20 പരമ്പരയ്ക്കുള്ള സ്‌ക്വാഡില്‍ ഇല്ലാത്തതിനാല്‍ താരത്തിനു എപ്പോള്‍ വേണമെങ്കിലും ഇന്ത്യയിലേക്ക് തിരിക്കാം. എന്നാല്‍ ചികിത്സ പൂര്‍ത്തിയാക്കിയ ശേഷം മാത്രം ഇനി സിഡ്‌നി വിട്ടാല്‍ മതിയെന്നാണ് ബിസിസിഐ ശ്രേയസിനു നല്‍കിയിരിക്കുന്ന നിര്‍ദേശം. ദക്ഷിണാഫ്രിക്കയ്‌ക്കെതിരെയുള്ള ഏകദിന പരമ്പരയാണ് ഇന്ത്യക്കു ഇനി വരാനുള്ളത്. ഫിറ്റ്‌നെസ് പൂര്‍ണമായി വീണ്ടെടുത്താല്‍ മാത്രമേ ശ്രേയസിനെ ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ പരമ്പരയില്‍ കളിപ്പിക്കൂ.

Related Posts