സിഡ്‌നിയില്‍ നടക്കുന്ന ഓസ്‌ട്രേലിയയ്‌ക്കെതിരായ മൂന്നാം ഏകദിനത്തില്‍ ഇന്ത്യന്‍ സൂപ്പര്‍താരം വിരാട് കോലി ഫോം വീണ്ടെടുത്തു. ആദ്യ രണ്ട് ഏകദിനങ്ങളിലെ ഡക്കിനു ശേഷം മൂന്നാം ഏകദിനത്തില്‍ ക്രീസില്‍ നിലയുറപ്പിക്കുന്ന കോലിയെയാണ് കാണുന്നത്.
237 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റ് ചെയ്യുന്ന ഇന്ത്യ 19 ഓവര്‍ പൂര്‍ത്തിയാകുമ്പോള്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 115 റണ്‍സെടുത്തിട്ടുണ്ട്. 30 പന്തില്‍ നിന്ന് 28 റണ്‍സുമായി വിരാട് കോലി ക്രീസിലുണ്ട്. 58 പന്തില്‍ 48 റണ്‍സുമായി രോഹിത്താണ് കോലിക്ക് കൂട്ട്.
ഒന്നാം ഏകദിനത്തില്‍ എട്ട് പന്തില്‍ പൂജ്യത്തിനാണ് കോലി പുറത്തായത്. രണ്ടാം ഏകദിനത്തില്‍ നാല് പന്തുകള്‍ നേരിട്ട് റണ്‍സൊന്നും എടുക്കാതെ പുറത്തായി. കരിയറില്‍ ആദ്യമായാണ് കോലി തുടര്‍ച്ചയായി രണ്ട് മത്സരങ്ങളില്‍ പൂജ്യത്തിനു പുറത്താകുന്നത്. അതുകൊണ്ട് തന്നെ സിഡ്‌നിയില്‍ കോലി ആദ്യ റണ്‍ ഓടിയെടുത്തതും ഗാലറിയില്‍ നിന്ന് ആരവം ഉയര്‍ന്നു.
ജോഷ് ഹെയ്‌സല്‍വുഡ് എറിഞ്ഞ പന്തില്‍ മിഡ് വിക്കറ്റ് ഷോട്ടില്‍ ക്വിക്ക് സിംഗിള്‍ ഓടിയെടുത്താണ് കോലി ആദ്യ റണ്‍ നേടിയത്. ഉടനെ ഗാലറിയില്‍ നിന്ന് കൈയടി ഉയര്‍ന്നു. ഓസ്‌ട്രേലിയന്‍ ആരാധകര്‍ അടക്കം വലിയ ആവേശത്തോടെയാണ് കോലിയുടെ ആദ്യ റണ്‍ ആഘോഷിച്ചത്. ഇതെല്ലാം കണ്ടുനിന്നിരുന്ന കോലിക്കും ചിരിവന്നു. ആദ്യ റണ്‍ നേടിയ ശേഷം ഒരു ചെറുപുഞ്ചിരിയോടെ തന്റെ പങ്കാളി രോഹിത് ശര്‍മയെ കോലി നോക്കുന്ന ചിത്രം സമൂഹമാധ്യമങ്ങളില്‍ വൈറലായിട്ടുണ്ട്.
പ്രായം പരിഗണിക്കുമ്പോള്‍ വിരാട് കോലിയുടെ കരിയറിലെ അവസാന ഓസ്‌ട്രേലിയന്‍ പര്യടനമായിരിക്കും ഇത്. കോലി ഇനി ഓസ്‌ട്രേലിയയ്‌ക്കെതിരെ ഓസ്‌ട്രേലിയന്‍ മണ്ണില്‍ കളിക്കാന്‍ സാധ്യത കുറവാണ്. സിഡ്‌നി ഏകദിനത്തില്‍ കോലി ബാറ്റ് ചെയ്യാന്‍ ഇറങ്ങിയപ്പോള്‍ ഓസീസ് ആരാധകര്‍ അടക്കം സ്റ്റാന്‍ഡിങ് ഒവേഷന്‍ നല്‍കിയാണ് സ്വീകരിച്ചത്.
















