Cricket Sports

തോറ്റു തുന്നംപാടിയപ്പോള്‍ ബുദ്ധി തെളിഞ്ഞു; കുല്‍ദീപിനെ ഇറക്കി ഇന്ത്യ

സ്‌ട്രേലിയയ്‌ക്കെതിരായ മൂന്നാം ഏകദിനം സിഡ്‌നിയില്‍ ആരംഭിച്ചു. ടോസ് ലഭിച്ച ഓസ്‌ട്രേലിയ ആദ്യം ബാറ്റ് ചെയ്യാന്‍ തീരുമാനിച്ചു. തുടര്‍ച്ചയായി മൂന്നാം തവണയാണ് ഇന്ത്യക്ക് ടോസ് നഷ്ടമാകുന്നത്. ആദ്യ രണ്ട് ഏകദിനങ്ങളിലും ടോസ് ലഭിച്ച ഓസീസ് ഇന്ത്യയെ ബാറ്റിങ്ങിനയക്കുകയായിരുന്നു.

പ്ലേയിങ് ഇലവനില്‍ രണ്ട് മാറ്റങ്ങളുമായാണ് ഇന്ത്യ ഇറങ്ങിയിരിക്കുന്നത്. അതിലൊന്ന് കുല്‍ദീപ് യാദവ് പ്ലേയിങ് ഇലവനില്‍ എത്തുകയും ഓള്‍റൗണ്ടര്‍ നിതീഷ് കുമാര്‍ റെഡ്ഡിയെ ബെഞ്ചിലിരുത്തുകയുമാണ്. ആദ്യ രണ്ട് ഏകദിനങ്ങളിലും കുല്‍ദീപിനെ ഇന്ത്യ കളിപ്പിക്കാത്തത് ഏറെ വിവാദമായിരുന്നു.

ഒന്നാം ഏകദിനത്തില്‍ ഇന്ത്യ ഏഴ് വിക്കറ്റിനാണ് തോറ്റത്. എന്നിട്ടും രണ്ടാം ഏകദിനത്തിലേക്ക് എത്തിയപ്പോള്‍ പ്ലേയിങ് ഇലവനില്‍ മാറ്റം കൊണ്ടുവന്നില്ല. മറുവശത്ത് ആദ്യ കളിയില്‍ ജയിച്ചിട്ടും രണ്ടാം ഏകദിനത്തില്‍ രണ്ട് മാറ്റങ്ങളുമായാണ് ഓസീസ് ഇറങ്ങിയത്. അതിലൊന്ന് സ്പിന്നര്‍ ആദം സാംപയെ പ്ലേയിങ് ഇലവനില്‍ ഇറക്കിയതാണ്. രണ്ടാം ഏകദിനം നടന്ന അഡ്‌ലെയ്ഡിലെ പിച്ച് സ്പിന്നിനു അനുകൂലമാണെന്നു മനസിലാക്കിയ ഓസ്‌ട്രേലിയ സാംപയെ കൃത്യമായി ഉപയോഗിച്ചു. 10 ഓവറില്‍ 60 റണ്‍സ് വഴങ്ങി നാല് വിക്കറ്റ് വീഴ്ത്തിയ സാംപയായിരുന്നു രണ്ടാം ഏകദിനത്തില്‍ കളിയിലെ താരം.

ഓസ്‌ട്രേലിയ സാംപയെ ഇറക്കിയതു പോലെ ഇന്ത്യക്ക് കുല്‍ദീപ് യാദവിനെ ഇറക്കാമായിരുന്നു. എന്നാല്‍ പ്ലേയിങ് ഇലവനില്‍ ഒരു സ്‌പെഷ്യലിസ്റ്റ് സ്പിന്നര്‍ പോലും ഇല്ലാതെയാണ് ഇന്ത്യ അഡ്‌ലെയ്ഡില്‍ കളിച്ചതും ഒടുവില്‍ രണ്ട് വിക്കറ്റിനു തോറ്റതും. മൂന്നാം ഏകദിനത്തിലേക്ക് വന്നപ്പോള്‍ കുല്‍ദീപിന്റെ വില ഇന്ത്യ തിരിച്ചറിഞ്ഞിരിക്കുകയാണ്. സമീപകാലത്ത് മികച്ച പ്രകടനങ്ങള്‍ നടത്തിയ കുല്‍ദീപിനെ രണ്ട് കളികളില്‍ പുറത്തിരുത്തിയത് എങ്ങനെ ന്യായീകരിക്കുമെന്നാണ് ആരാധകര്‍ ചോദിക്കുന്നത്.

അര്‍ഷ്ദീപ് സിങ്ങിനു പകരം പ്രസിദ്ധ് കൃഷ്ണ പ്ലേയിങ് ഇലവനില്‍ എത്തിയതാണ് സിഡ്‌നി ഏകദിനത്തിലെ മറ്റൊരു മാറ്റം. കുല്‍ദീപിനെ കൊണ്ടുവരാന്‍ നിതീഷ് കുമാര്‍ റെഡ്ഡിയെ ബെഞ്ചിലാക്കിയെങ്കിലും പരുക്കിനെ തുടര്‍ന്നാണ് ഒഴിവാക്കിയതെന്നാണ് ടീം ഇന്ത്യയുടെ വിശദീകരണം.

ഇന്ത്യ, പ്ലേയിങ് ഇലവന്‍: രോഹിത് ശര്‍മ, ശുഭ്മാന്‍ ഗില്‍, വിരാട് കോലി, ശ്രേയസ് അയ്യര്‍, അക്സര്‍ പട്ടേല്‍, കെ.എല്‍.രാഹുല്‍, വാഷിങ്ടണ്‍ സുന്ദര്‍, ഹര്‍ഷിത് റാണ, കുല്‍ദീപ് യാദവ്, മുഹമ്മദ് സിറാജ്, പ്രസിദ്ധ് കൃഷ്ണ

Related Posts