മുന്‍ ഭാര്യ ധനശ്രീ വര്‍മയ്ക്കെതിരെ വീണ്ടും പരോക്ഷ വിമര്‍ശനവുമായി ഇന്ത്യന്‍ ക്രിക്കറ്റ് താരം യുസ്വേന്ദ്ര ചഹല്‍. വിവാഹമോചന ശേഷമുള്ള ജീവനാംശവുമായി ബന്ധപ്പെട്ടാണ് ഇത്തവണ ചഹലിന്റെ ‘ഗൂഗ്ലി’.
ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച സ്റ്റോറിയിലാണ് താരത്തിന്റെ പരിഹാസം. എന്നാല്‍ ധനശ്രീയെ പോസ്റ്റില്‍ പരാമര്‍ശിച്ചിട്ടില്ല. ‘സാമ്പത്തികമായി സ്വതന്ത്രരായ ഭാര്യമാര്‍ക്ക് അവരുടെ ഭര്ത്താക്കന്മാരില് നിന്ന് ജീവനാംശം ആവശ്യപ്പെടാന്‍ കഴിയില്ല’ എന്ന ഡല്‍ഹി ഹൈക്കോടതി വിധി പങ്കുവച്ചുകൊണ്ടാണ് ചെഹലിന്റെ കുറിപ്പ്. ‘ഈ തീരുമാനത്തില്‍നിന്നു പിന്നോട്ടു പോകില്ലെന്ന് അമ്മയെ തൊട്ടു സത്യം ചെയ്യൂ” എന്ന് ചിരി ഇമോജി സഹിതം ചഹല്‍ സ്റ്റോറി ഇട്ടിട്ടുണ്ട്. എന്നാല്‍ സ്റ്റോറി ഇപ്പോള്‍ ഡെലീറ്റ് ചെയ്ത നിലയിലാണ്.
ചഹലും ധനശ്രീയും തമ്മില്‍ വിവാഹമോചനത്തിനായുള്ള കോടതി നടപടികള്‍ പുരോഗമിക്കുകയാണ്. ധനശ്രീക്ക് ജീവനാംശമായി 4.75 കോടി രൂപ ചഹല്‍ നല്‍കണമെന്ന് കോടതി നിര്‍ദേശിച്ചതായി വാര്‍ത്തകളുണ്ടായിരുന്നു. ഇരുവരും ഒന്നിച്ചാണ് വിവാഹമോചന അപേക്ഷ നല്‍കിയത്. ഇത് കോടതി അംഗീകരിച്ചെന്നും ഇരുവരും ഇനി ഭാര്യാഭര്ത്താക്കന്മാര് അല്ലെന്നും ചഹലിന്റെ അഭിഭാഷകന് നിധിന് കുമാര്‍ ഗുപ്ത വ്യക്തമാക്കിയിട്ടുണ്ട്. ചഹല്‍ സ്റ്റോറി ഡെലീറ്റ് ചെയ്തെങ്കിലും ഇതിന്റെ സ്ക്രീന്‍ഷോട്ട് സമൂഹമാധ്യമത്തില്‍ പ്രചരിക്കുന്നുണ്ട്.
2020 ലാണ് ഇരുവരും വിവാഹിതരായത്. ഇന്‍സ്റ്റഗ്രാമില്‍ ഇരുവരും പരസ്പരം അണ്‍ഫോളോ ചെയ്തതോടെയാണ് ഡിവോഴ്സ് ഗോസിപ്പുകള്‍ പ്രചരിച്ചു തുടങ്ങിയത്. ധനശ്രീയുടെ ചിത്രങ്ങള്‍ ചഹല്‍ തന്റെ സമൂഹമാധ്യമ അക്കൗണ്ടുകളില്‍ നിന്ന് നീക്കം ചെയ്തിരുന്നു. ഡാന്‍സ് കൊറിയോഗ്രഫറാണ് ധനശ്രീ. കോവിഡ് ലോക്ക്ഡൗണ്‍ സമയത്ത് നൃത്തം പഠിക്കാനായി ധനശ്രീയുടെ ഡാന്‍സ് സ്കൂളില്‍ എത്തിയതാണ് ചഹല്‍. പിന്നീട് ഇരുവരും പ്രണയത്തിലാകുകയും വിവാഹം കഴിക്കുകയും ചെയ്തു.
















