ഓസ്ട്രേലിയയ്ക്കെതിരായ രണ്ടാം ഏകദിനത്തില്‍ ഇന്ത്യക്ക് വിരാട് കോലിയുടെ വിക്കറ്റ് നഷ്ടമായി. വണ്‍ഡൗണ്‍ ആയി ക്രീസിലെത്തിയ കോലി നാല് പന്തുകള്‍ നേരിട്ട് പൂജ്യത്തിനാണ് പുറത്തായത്. അതീവ നിരാശനായാണ് കോലി ഗ്രൗണ്ട് വിട്ടത്.
കോലി പുറത്തായ രീതിയാണ് ആരാധകരെ ഞെട്ടിച്ചത്. സേവ്യര്‍ ബാര്‍ട്ട്ലെറ്റ് എറിഞ്ഞ ഏഴാം ഓവറിലെ അഞ്ചാം പന്തിലാണ് കോലിയുടെ പുറത്താകല്‍. ബാര്‍ട്ട്ലെറ്റിന്റെ പന്തില്‍ എന്ത് ചെയ്യണമെന്ന് അറിയാതെ പകച്ചുനിന്ന കോലി എല്‍ബിഡബ്‌ള്യുവില്‍ കുരുങ്ങി. വിക്കറ്റ് അനുവദിക്കാന്‍ അംപയര്‍ക്കു രണ്ടാമതൊന്നു ചിന്തിക്കേണ്ടി പോലും വന്നില്ല. ബോള്‍ ട്രാക്കര്‍ പരിശോധിച്ചാല്‍ കോലിയുടെ മിഡില്‍ സ്റ്റംപ് തന്നെ തെറിക്കുമെന്ന് വ്യക്തമാകും. ക്രീസിലെത്തിയതു മുതല്‍ താളം കണ്ടെത്താന്‍ ബുദ്ധിമുട്ടുന്ന കോലിയെയാണ് കണ്ടത്.
അതേസമയം ഒന്നാം ഏകദിനത്തിലും കോലി പൂജ്യത്തിനാണ് പുറത്തായത്. എട്ട് പന്തുകള്‍ നേരിട്ട കോലി മിച്ചല്‍ സ്റ്റാര്‍ക്കിന്റെ പന്തില്‍ കൂപ്പര്‍ കൊണോലിക്കു ക്യാച്ച് നല്‍കുകയായിരുന്നു.
ആദ്യമായാണ് ഏകദിനത്തില്‍ കോലി തുടര്‍ച്ചയായി രണ്ട് തവണ പൂജ്യത്തിനു പുറത്താകുന്നത്. ഏഴ് മാസത്തെ ഇടവേളയ്ക്കു ശേഷം രാജ്യാന്തര ക്രിക്കറ്റിലേക്കു തിരിച്ചെത്തിയ കോലിക്ക് തന്റെ ഏകദിന ഭാവി നിര്‍ണയിക്കാനുള്ള പരമ്പരയാണ് ഓസ്‌ട്രേലിയയില്‍ നടക്കുന്നത്. ശേഷിക്കുന്ന ഒരു മത്സരത്തില്‍ കൂടി കോലിക്ക് പ്ലേയിങ് ഇലവനില്‍ സ്ഥാനം ലഭിച്ചേക്കാം. അതില്‍ കൂടി പരാജയപ്പെട്ടാല്‍ രാജ്യാന്തര കരിയര്‍ അവസാനിപ്പിക്കാന്‍ താരം നിര്‍ബന്ധിതനാകും.
അഡ്‌ലെയ്ഡ് ഏകദിനത്തില്‍ പൂജ്യത്തിനു പുറത്തായ ശേഷം കോലി തലകുനിച്ചാണ് ഡ്രസിങ് റൂമിലേക്ക് മടങ്ങിയത്. മാത്രമല്ല ഔട്ടായി പോകുന്നതിനിടെ കൈകള്‍ കൊണ്ട് യാത്ര പറയുന്ന ആംഗ്യവും കാണിച്ചിരുന്നു. ഇതിന്റെ അര്‍ത്ഥം എന്താണെന്നാണ് ആരാധകര്‍ കാത്തിരിക്കുന്നത്.
















