ഏഴ് മാസത്തെ ഇടവേളയ്ക്കു ശേഷം വിരാട് കോലിയും രോഹിത് ശര്‍മയും രാജ്യാന്തര ക്രിക്കറ്റിലേക്ക് തിരിച്ചെത്തുകയാണ്. ഏകദിന ക്രിക്കറ്റില്‍ മാത്രമാണ് ഇരുവരും ഇപ്പോള്‍ ഉള്ളത്. 2027 ഏകദിന ലോകകപ്പ് ലക്ഷ്യമിട്ടാണ് ഇരുവരും ഏകദിന ഫോര്‍മാറ്റില്‍ തുടരുന്നതെങ്കിലും അത് സാധ്യമാകുമോ എന്ന കാര്യത്തില്‍ ഇപ്പോഴും വ്യക്തതയില്ല.
ഏകദിന ലോകകപ്പിനു ഇനിയും രണ്ട് വര്‍ഷം കൂടി ശേഷിക്കുന്നതിനാല്‍ ഇപ്പോള്‍ ഒന്നും പ്രവചിക്കാന്‍ കഴിയില്ലെന്നാണ് ബിസിസിഐ ചീഫ് സെലക്ടര്‍ അജിത് അഗാര്‍ക്കര്‍ പറയുന്നത്. ടീമിന്റെ നേട്ടങ്ങള്‍ക്കാണു പ്രാധാന്യമെന്നും വ്യക്തിഗത മികവുകള്‍ക്കല്ലെന്നും അഗാര്‍ക്കര്‍ പറഞ്ഞു.
‘ രോഹിത്തും കോലിയും ഇപ്പോള്‍ ഓസ്‌ട്രേലിയയ്‌ക്കെതിരായ ഏകദിന പരമ്പരയ്ക്കുള്ള ടീമില്‍ ഭാഗമാണ്. കഴിഞ്ഞ കുറേ കാലമായി ഇവര്‍ രണ്ടുപേരും അവിശ്വസനീയമാം വിധം ഇന്ത്യക്കായി കളിക്കുന്നു. വ്യക്തികളെ കുറിച്ച് മാത്രം സംസാരിക്കാനുള്ള വേദിയല്ല ഇത്. ടീമിനു എന്താണ് വേണ്ടതെന്നും ടീമിന്റെ നേട്ടങ്ങള്‍ക്കുമായിരിക്കണം മുന്‍ഗണന. അടുത്ത രണ്ട് വര്‍ഷം കൊണ്ട് സാഹചര്യങ്ങളില്‍ എന്താണ് മാറ്റം വരികയെന്ന് നമുക്ക് അറിയില്ല. അപ്പോള്‍ അവര്‍ രണ്ടുപേരുടെയും കാര്യത്തില്‍ മാത്രം എന്തിനാണ് ചര്‍ച്ച? ചിലപ്പോള്‍ മറ്റു യുവതാരങ്ങളായിരിക്കാം,’ അഗാര്‍ക്കര്‍ പറഞ്ഞു.
മാര്‍ച്ച് ഒന്‍പതിന് ദുബായില്‍ വെച്ച് നടന്ന ചാംപ്യന്‍സ് ട്രോഫി ഫൈനലിലാണ് വിരാട് കോലിയും രോഹിത് ശര്‍മയും ഇന്ത്യക്കായി അവസാനമായി കളിച്ചത്. അടുത്ത ഏകദിന ലോകകപ്പ് കളിക്കാന്‍ ഇരുവരും ആഗ്രഹിക്കുന്നുണ്ടെങ്കിലും ടീം മാനേജ്‌മെന്റ് സൂക്ഷ്മമായ നിരീക്ഷണത്തിലാണ്. ഓസീസ് പര്യടനത്തിലെ ഫോം പരിഗണിച്ചായിരിക്കും ഇരുവരുടെയും രാജ്യാന്തര ഭാവിയില്‍ തീരുമാനമെടുക്കുക.
















