Cricket Homepage Featured Sports

നെഞ്ച് തകര്‍ന്ന് ഇന്ത്യന്‍ ആരാധകര്‍; തല താഴ്ത്തി രോഹിത്തിന്റെയും കോലിയുടെയും മടക്കം

ഓസ്‌ട്രേലിയയ്‌ക്കെതിരായ ഒന്നാം ഏകദിനത്തില്‍ ഇന്ത്യക്ക് തകര്‍ച്ച. ഓപ്പണര്‍ രോഹിത് ശര്‍മയെയും വണ്‍ഡൗണ്‍ ബാറ്റര്‍ വിരാട് കോലിയെയും ഇന്ത്യക്ക് നഷ്ടമായി. ഏഴ് മാസത്തെ ഇടവേളയ്ക്കു ശേഷമാണ് ഇരുവരും രാജ്യാന്തര ക്രിക്കറ്റിലേക്ക് മടങ്ങിയെത്തിയത്. വലിയ പ്രതീക്ഷയോടെയാണ് കോലിക്കും രോഹിത്തിനും വേണ്ടി ആരാധകര്‍ കാത്തിരുന്നത്. എന്നാല്‍ ക്രീസിലെത്തി അതിവേഗം മടങ്ങുകയായിരുന്നു ഇരുവരും.

ജോഷ് ഹെയ്സല്‍വുഡിന്റെ പന്തില്‍ സെക്കന്റ് സ്ലിപ്പില്‍ മാറ്റ് റെന്‍ഷായ്ക്കു ക്യാച്ച് നല്‍കിയാണ് രോഹിത്തിന്റെ മടക്കം. എക്സ്ട്രാ ബൗണ്‍സ് പന്ത് കളിക്കാന്‍ ശ്രമിച്ചതാണ് രോഹിത്തിന്റെ വിക്കറ്റ് നഷ്ടമാകാന്‍ കാരണം. 14 പന്തുകള്‍ നേരിട്ട രോഹിത് ഒരു ഫോര്‍ സഹിതം എട്ട് റണ്‍സെടുത്താണ് മടങ്ങിയത്.

കോലിയുടെ മടക്കം രോഹിത്തിനേക്കാള്‍ നിരാശപ്പെടുത്തുന്നതായിരുന്നു. എട്ട് പന്തുകള്‍ നേരിട്ട കോലി റണ്‍സൊന്നും എടുക്കാതെ മടങ്ങി. മിച്ചല്‍ സ്റ്റാര്‍ക്കിന്റെ പന്തില്‍ കൂപ്പര്‍ കൊണോലിക്കു ക്യാച്ച് നല്‍കിയാണ് കോലി കൂടാരം കയറിയത്.

ടോസ് ലഭിച്ച ഓസ്‌ട്രേലിയ ഇന്ത്യയെ ബാറ്റിങ്ങിനയക്കുകയായിരുന്നു. മൂന്ന് ഓള്‍റൗണ്ടര്‍മാരും മൂന്ന് പേസര്‍മാരുമായാണ് ഇന്ത്യ കളിക്കാനിറങ്ങിയിരിക്കുന്നത്.

പ്ലേയിങ് ഇലവന്‍: രോഹിത് ശര്‍മ, ശുഭ്മാന്‍ ഗില്‍, വിരാട് കോലി, ശ്രേയസ് അയ്യര്‍, കെ.എല്‍.രാഹുല്‍, അക്സര്‍ പട്ടേല്‍, വാഷിങ്ടണ്‍ സുന്ദര്‍, നിതീഷ് കുമാര്‍ റെഡ്ഡി, ഹര്‍ഷിത് റാണ, മുഹമ്മദ് സിറാജ്, അര്‍ഷ്ദീപ് സിങ്

അതേസമയം ഓസ്‌ട്രേലിയന്‍ പര്യടനം കോലിക്കും രോഹിത്തിനും നിര്‍ണായകമായിരിക്കുമെന്നാണ് ചീഫ് സെലക്ടര്‍ അജിത് അഗാര്‍ക്കറുടെ വാക്കുകളില്‍ നിന്ന് വ്യക്തമാകുന്നത്. ‘ രോഹിത്തും കോലിയും ഇപ്പോള്‍ ഓസ്ട്രേലിയയ്ക്കെതിരായ ഏകദിന പരമ്പരയ്ക്കുള്ള ടീമില്‍ ഭാഗമാണ്. കഴിഞ്ഞ കുറേ കാലമായി ഇവര്‍ രണ്ടുപേരും അവിശ്വസനീയമാം വിധം ഇന്ത്യക്കായി കളിക്കുന്നു. വ്യക്തികളെ കുറിച്ച് മാത്രം സംസാരിക്കാനുള്ള വേദിയല്ല ഇത്. ടീമിനു എന്താണ് വേണ്ടതെന്നും ടീമിന്റെ നേട്ടങ്ങള്‍ക്കുമായിരിക്കണം മുന്‍ഗണന. അടുത്ത രണ്ട് വര്‍ഷം കൊണ്ട് സാഹചര്യങ്ങളില്‍ എന്താണ് മാറ്റം വരികയെന്ന് നമുക്ക് അറിയില്ല. അപ്പോള്‍ അവര്‍ രണ്ടുപേരുടെയും കാര്യത്തില്‍ മാത്രം എന്തിനാണ് ചര്‍ച്ച? ചിലപ്പോള്‍ മറ്റു യുവതാരങ്ങളായിരിക്കാം,’ അഗാര്‍ക്കര്‍ പറഞ്ഞു.

Related Posts