Cricket Homepage Featured Sports

പാക്കിസ്ഥാനുമായുള്ള ത്രിരാഷ്ട്ര പരമ്പരയില്‍ നിന്ന് അഫ്ഗാനിസ്ഥാന്‍ പിന്മാറാന്‍ കാരണം എന്താണ്?

പാക്കിസ്ഥാനില്‍ ത്രിരാഷ്ട്ര പരമ്പര കളിക്കാനുള്ള തീരുമാനത്തില്‍ നിന്ന് അഫ്ഗാനിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് പിന്മാറി. അഫ്ഗാനിസ്ഥാനിലെ പക്തിക പ്രവിശ്യയില്‍ പാക്കിസ്ഥാന്‍ നടത്തിയ വ്യോമാക്രമണമാണ് ത്രിരാഷ്ട്ര പരമ്പരയില്‍ നിന്ന് അഫ്ഗാന്‍ പിന്മാറാന്‍ കാരണം.

പാക്കിസ്ഥാന്‍ നടത്തിയ വ്യോമാക്രമണത്തില്‍ മൂന്ന് അഫ്ഗാനിസ്ഥാന്‍ ക്രിക്കറ്റ് താരങ്ങള്‍ കൊല്ലപ്പെട്ടു. കബീര്‍, സിബ്ഗത്തുള്ള, ഹാരൂണ്‍ എന്നിവരാണ് മരിച്ചത്. പാക്കിസ്ഥാന്‍ അതിര്‍ത്തിയിലെ കിഴക്കന്‍ പക്തിക പ്രവിശ്യയിലെ ഷരണയില്‍ സൗഹൃദ മത്സരത്തിനിടെയാണ് വ്യോമാക്രമണം. ക്രിക്കറ്റ് താരങ്ങള്‍ ഉര്‍ഗുണില്‍ നിന്നെത്തിയതാണെന്ന് അഫ്ഗാനിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് അറിയിച്ചു. ഇവരെക്കൂടാതെ മറ്റ് അഞ്ചു പേരും വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ടു. വെള്ളിയാഴ്ച വൈകിട്ട് ഒരു ഒത്തുചേരല്‍ ചടങ്ങില്‍ പങ്കെടുക്കുന്നതിനിടെയാണ് താരങ്ങളുടെ ദാരുണാന്ത്യം.

പാക്കിസ്ഥാന്‍, ശ്രീലങ്ക എന്നീ ടീമുകള്‍ക്കൊപ്പം ത്രിരാഷ്ട്ര ട്വന്റി 20 പരമ്പര കളിക്കാനാണ് അഫ്ഗാന്‍ ക്രിക്കറ്റ് ബോര്‍ഡ് നേരത്തെ തീരുമാനിച്ചിരുന്നത്. നവംബര്‍ 17 നു പരമ്പര ആരംഭിക്കാനായിരുന്നു തീരുമാനം. എന്നാല്‍ വ്യോമാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ പാക്കിസ്ഥാനിലേക്ക് കളിക്കാനില്ലെന്ന് അഫ്ഗാന്‍ ക്രിക്കറ്റ് ബോര്‍ഡ് നിലപാടെടുത്തു. നവംബര്‍ 17 മുതല്‍ 29 വരെ ലഹോറിലും റാവല്‍പിണ്ടിയിലും വെച്ചാണ് മത്സരങ്ങള്‍ നടത്താന്‍ തീരുമാനിച്ചിരുന്നത്.

അഫ്ഗാനിസ്ഥാന്‍ ട്വന്റി 20 ക്രിക്കറ്റ് നായകന്‍ റാഷിദ് ഖാന്‍ പാക് ആക്രമണത്തെ അപലപിക്കുകയും ത്രിരാഷ്ട്ര പരമ്പരയില്‍ നിന്ന് പിന്മാറാനുള്ള ക്രിക്കറ്റ് ബോര്‍ഡ് തീരുമാനത്തെ സ്വാഗതം ചെയ്യുകയും ചെയ്തു. പാക്കിസ്ഥാന്റേത് അന്യായവും നിയമവിരുദ്ധവുമായ പ്രവര്‍ത്തനങ്ങള്‍ ആണെന്നും മനുഷ്യാവകാശങ്ങളുടെ ഗുരുതരമായ ലംഘനമാണ് നടന്നിരിക്കുന്നതെന്നും റാഷിദ് ഖാന്‍ പറഞ്ഞു.

Related Posts