വിരാട് കോലിയുമായി ബന്ധപ്പെട്ട വാര്‍ത്തകളില്‍ രൂക്ഷമായി പ്രതികരിച്ച് താരത്തിന്റെ സഹോദരന് വികാസ് കോലി. കോലിയും ജീവിതപങ്കാളി അനുഷ്ക ശര്‍മയും ലണ്ടനിലേക്ക് സ്ഥിരതാമസമാക്കുകയാണെന്ന അഭ്യൂഹങ്ങള്‍ക്കിടെ ഇന്ത്യയിലെ സ്വത്തുക്കളുടെ പവര്‍ ഓഫ് അറ്റോര്‍ണി തനിക്കു കൈമാറിയെന്ന വാര്‍ത്തയെ വികാസ് കോലി പൂര്‍ണമായി തള്ളി.
പ്രചരിക്കുന്ന വാര്‍ത്തകള്‍ പൂര്‍ണമായി അടിസ്ഥാനരഹിതമെന്ന് വികാസ് കോലി സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചു. പരിഹാസ രൂപേണയാണ് വികാസ് കോലിയുടെ ഇന്‍സ്റ്റഗ്രാം സ്റ്റോറി. ‘ ഇക്കാലത്ത് ഇത്രയധികം തെറ്റായ വിവരങ്ങളും വ്യാജ വാര്‍ത്തകളും പ്രചരിക്കുന്നതില്‍ ഞാന്‍ അത്ഭുതപ്പെടുന്നില്ല. ചില ആളുകള്‍ വളരെ സ്വതന്ത്രരാണ്, അങ്ങനെ ചെയ്യാന്‍ ധാരാളം സമയമുണ്ട്…നിങ്ങള്‍ക്കു ആശംസകള്‍’ വികാസ് കോലി കുറിച്ചു.
യുകെയിലേക്ക് സ്ഥിരമായി താമസം മാറാന്‍ കോലിയും അനുഷ്കയും ആഗ്രഹിക്കുന്നതായും ഇതിന്റെ ഭാഗമായി ഇന്ത്യയിലെ സ്വത്തുക്കളുടെ മേല്‍നോട്ട അവകാശം സഹോദരന് വികാസ് കോലിക്കു കൈമാറുകയാണെന്നുമാണ് ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്.
ഗുരുഗ്രാമിലെ തന്റെ 80 കോടി രൂപ വിലമതിക്കുന്ന വീടിന്റെ പവര്‍ ഓഫ് അറ്റോര്‍ണി സഹോദരന് വികാസിന് കോലി കൈമാറിയെന്നാണ് മാധ്യമ റിപ്പോര്‍ട്ടുകളില്‍ പറയുന്നത്. സ്വത്തുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും കൈകാര്യം ചെയ്യാന്‍ പൂര്‍ണ അധികാരം നല്‍കുന്നതാണ് പവര്‍ ഓഫ് അറ്റോര്‍ണി. അറ്റകുറ്റപ്പണികള്‍, വില്പന ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ പവര്‍ ഓഫ് അറ്റോര്‍ണി അധികാരം നല്കുന്നു.
ടെസ്റ്റ്, ട്വന്റി 20 ഫോര്‍മാറ്റുകളില്‍ നിന്ന് വിരമിച്ച വിരാട് കോലി രാജ്യാന്തര ക്രിക്കറ്റില്‍ ഏകദിനത്തില്‍ മാത്രമാണ് ഇപ്പോള്‍ കളിക്കുന്നത്. ഏകദിന ഫോര്‍മാറ്റില്‍ നിന്ന് കൂടി വിരമിച്ചാല്‍ തന്റെയും കുടുംബത്തിന്റെയും സ്വകാര്യതയ്ക്കു വേണ്ടി യുകെയിലേക്ക് താമസം മാറാന്‍ കോലി ആഗ്രഹിക്കുന്നതായി കഴിഞ്ഞ കുറേകാലമായി റിപ്പോര്‍ട്ടുകളുണ്ട്.
















