ഓസ്ട്രേലിയയ്ക്കെതിരായ ഏകദിന പരമ്പരയിലെ ഒന്നാം മത്സരത്തിനായി ഇന്ത്യ ഞായറാഴ്ച ഇറങ്ങുകയാണ്. ശുഭ്മാന്‍ ഗില്‍ ഏകദിന നായകസ്ഥാനം ഏറ്റെടുത്ത ശേഷമുള്ള ആദ്യ മത്സരം, മുന്‍ നായകന്മാരായ വിരാട് കോലി, രോഹിത് ശര്‍മ എന്നിവര്‍ ഏഴ് മാസത്തെ ഇടവേളയ്ക്കു ശേഷം രാജ്യാന്തര ക്രിക്കറ്റിലേക്ക് തിരിച്ചെത്തുന്നു എന്നീ പ്രത്യേകതകളാല്‍ ഈ പരമ്പരയിലെ ആദ്യ മത്സരം ഏറെ ശ്രദ്ധിക്കപ്പെടും.
അതേസമയം ഇന്ത്യയുടെ സാധ്യത ഇലവനെ കുറിച്ചുള്ള റിപ്പോര്‍ട്ടുകള്‍ ഇപ്പോള്‍ പുറത്തുവരുന്നുണ്ട്. രോഹിത് ശര്‍മയും വിരാട് കോലിയും തിരിച്ചെത്തുന്നതോടെ പ്ലേയിങ് ഇലവനില്‍ സ്ഥാനം ലഭിക്കാതിരിക്കുന്ന പ്രമുഖ താരം ഇടംകൈയന്‍ ബാറ്റര്‍ യശസ്വി ജയ്സ്വാള്‍ ആണ്. ടെസ്റ്റില്‍ മാത്രമാണ് ജയ്സ്വാള്‍ ഇപ്പോള്‍ സ്ഥിരസാന്നിധ്യം. ലിമിറ്റഡ് ഓവര്‍ ക്രിക്കറ്റില്‍ ഏറ്റവും അപകടകാരിയായിട്ടും ഏകദിനത്തിലും ട്വന്റി 20 യിലും താരത്തിനു അവസരം ലഭിക്കാത്തത് ക്രിക്കറ്റ് ആരാധകരും ചോദ്യം ചെയ്യുന്നു.
താന്‍ ഇന്ത്യയുടെ സെലക്ടര്‍ ആണെങ്കില്‍ ഒരു കാരണവശാലും മൂന്ന് ഫോര്‍മാറ്റില്‍ നിന്നും മാറ്റിനിര്‍ത്താത്ത താരമായിരിക്കും ജയ്സ്വാള്‍ എന്നാണ് ഇന്ത്യയുടെ മുന്‍ പരിശീലകനും 1983 ലോകകപ്പ് ജേതാവുമായ മദന്‍ ലാല്‍ പറഞ്ഞത്. എന്തായാലും ഓസ്ട്രേലിയയില്‍ ഒരു ഏകദിനത്തില്‍ പോലും ജയ്സ്വാളിനു അവസരം ലഭിക്കില്ലെന്നു ഉറപ്പാണ്.
രോഹിത് ശര്‍മയും ശുഭ്മാന്‍ ഗില്ലും ഓപ്പണര്‍മാരാകും. വിരാട് കോലി വണ്‍ഡൗണ്‍ തുടരും. ശ്രേയസ് അയ്യര്‍, കെ.എല്‍.രാഹുല്‍ എന്നിവര്‍ യഥാക്രമം നാലും അഞ്ചും നമ്പറുകളില്‍ ബാറ്റ് ചെയ്യും. നിതീഷ് കുമാര്‍ റെഡ്ഡി, അക്സര്‍ പട്ടേല്‍, ഹര്‍ഷിത് റാണ, കുല്‍ദീപ് യാദവ് എന്നിവരും പ്ലേയിങ് ഇലവനില്‍ ഉറപ്പാണ്. വരുണ്‍ ചക്രവര്‍ത്തി, വാഷിങ്ടണ്‍ സുന്ദര്‍ എന്നിവര്‍ക്കു അവസരം ലഭിക്കില്ല. മുഹമ്മദ് സിറാജും അര്‍ഷ്ദീപ് സിങ്ങും ആയിരിക്കും പ്രധാന പേസര്‍മാര്‍.
















