ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ മുന്‍ നായകനും മുന്‍ പരിശീലകനും ആയ സ്പിന്‍ മാന്ത്രികന്‍ അനില്‍ കുംബ്ലെ ഇന്ന് ജന്മദിനം ആഘോഷിക്കുകയാണ്. 1970 ഒക്ടോബര്‍ 17 നു ജനിച്ച കുംബ്ലെയ്ക്കു 55 വയസ്സായി. ഇന്ത്യക്കായി ഒട്ടേറെ ചരിത്ര നേട്ടങ്ങള്‍ സ്വന്തമാക്കാന്‍ കുംബ്ലെയ്ക്കു സാധിച്ചിട്ടുണ്ട്.
ഒരു ടെസ്റ്റ് ഇന്നിങ്‌സില്‍ പത്ത് വിക്കറ്റ് നേടിയ ഏക ഇന്ത്യന്‍ താരമാണ് കുംബ്ലെ. 1999 ഫെബ്രുവരിയില്‍ ഡല്‍ഹിയില്‍ വെച്ച് നടന്ന ഇന്ത്യ-പാക്കിസ്ഥാന്‍ ടെസ്റ്റ് പരമ്പരയിലെ രണ്ടാം മത്സരത്തിലാണ് കുംബ്ലെ പത്ത് വിക്കറ്റുകള്‍ നേടിയത്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 252 റണ്‍സ് നേടിയപ്പോള്‍ പാക്കിസ്ഥാന്‍ ഒന്നാം ഇന്നിങ്‌സില്‍ 172 റണ്‍സിനു ഓള്‍ഔട്ട് ആയി. രണ്ടാം ഇന്നിങ്‌സില്‍ ഇന്ത്യക്കു നേടാന്‍ സാധിച്ചത് 339 റണ്‍സ്. ഒന്നാം ഇന്നിങ്‌സിലെ 80 റണ്‍സ് ലീഡ് അടക്കം പാക്കിസ്ഥാനു മുന്നിലേക്ക് ഇന്ത്യ വെച്ചത് 420 റണ്‍സ് വിജയലക്ഷ്യം. എന്നാല്‍ കുംബ്ലെയുടെ സ്പിന്‍ മാജിക്കിനു മുന്നില്‍ പാക്കിസ്ഥാന്‍ 207 നു ഓള്‍ഔട്ട് ആയി.
രണ്ടാം ഇന്നിങ്‌സില്‍ പാക്കിസ്ഥാന്റെ എല്ലാ വിക്കറ്റുകളും നേടിയത് കുംബ്ലെയാണ്. സായിദ് അന്‍വര്‍, ഷാഹിദ് അഫ്രീദി, ഇന്‍സമാം ഉള്‍ ഹഖ്, മുഹമ്മദ് യൂസഫ് തുടങ്ങി പാക്കിസ്ഥാന്റെ പേരുകേട്ട ബാറ്റര്‍മാരെല്ലാം കുംബ്ലെയ്ക്കു മുന്നില്‍ വീണു. ഒന്നാം ഇന്നിങ്‌സില്‍ കുംബ്ലെ നാല് വിക്കറ്റ് വീഴ്ത്തിയിരുന്നു. രണ്ട് ഇന്നിങ്‌സിലുമായി താരത്തിനു കിട്ടിയത് 14 വിക്കറ്റുകള്‍ !
ഒരു വര്‍ഷക്കാലം കുംബ്ലെ ഇന്ത്യയുടെ ടെസ്റ്റ് ക്യാപ്റ്റനായിരുന്നു. 2008 ല്‍ ഇന്ത്യ പെര്‍ത്ത് ടെസ്റ്റില്‍ ജയിക്കുന്നത് കുംബ്ലെയ്ക്കു കീഴിലാണ്. 619 ടെസ്റ്റുകളും 337 ഏകദിനങ്ങളും കുംബ്ലെ ഇന്ത്യക്കായി കളിച്ചു. രണ്ട് ഫോര്‍മാറ്റിലുമായി വീഴ്ത്തിയത് 956 വിക്കറ്റുകള്‍. ടെസ്റ്റില്‍ 600 വിക്കറ്റ് നേട്ടം അതിവേഗം കൈവരിക്കുന്ന രണ്ടാമത്തെ താരമാണ് കുംബ്ലെ. 124 മത്സരങ്ങളില്‍ നിന്നാണ് ഈ നേട്ടം. ടെസ്റ്റില്‍ എല്‍ബിഡബ്‌ള്യുവിലൂടെ ഏറ്റവും കൂടുതല്‍ ബാറ്റര്‍മാരെ പുറത്താക്കിയ ബൗളര്‍ കുംബ്ലെയാണ്, 156 വിക്കറ്റുകള്‍. രാജ്യാന്തര ക്രിക്കറ്റില്‍ ഇന്ത്യക്കായി ഏറ്റവും കൂടുതല്‍ വിക്കറ്റുകള്‍ നേടിയ താരമെന്ന റെക്കോര്‍ഡ് ഇപ്പോഴും കുംബ്ലെയുടെ പേരിലാണ്.
















