ഡൽഹി: ആദ്യ ഇന്നിങ്സിൽ മൂന്നാം ദിനം ഇന്ത്യൻ ബൗളർമാർ തിളങ്ങിയതോടെ ഇന്ത്യക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിൽ വിൻഡീസ് 248 ന് പുറത്ത്. ഇന്ത്യയ്ക്ക് 270 റൺസിന്റെ ലീഡുണ്ട്. ഇന്ത്യക്കായി കുൽദീപ് യാദവ് അഞ്ചു വിക്കറ്റെടുത്തു.
നാലു വിക്കറ്റ് നഷ്ടത്തിൽ 140 എന്ന നിലയിൽ ബാറ്റിങ് ആരംഭിച്ച വിൻഡീസിന് 156 റൺസായപ്പോഴേക്കും ഷായ് ഹോപ്പിന്റെ വിക്കറ്റ് നഷ്ടമായി. 36 റൺസുമായാണ് താരം പുറത്തായത്. പിന്നാലെ 21 റൺസുമായി തെവിൻ ഇമ്ലാച്ചും പുറത്തായി. ജസ്റ്റിന്‍ ഗ്രീവ്‌സ് (18) ജോമല്‍ വറിക്കാന്‍ (1) എന്നിവര്‍ കൂടി മടങ്ങിയതോടെ വെസ്റ്റിന്‍ഡീസ് 175-8 എന്ന നിലയിലായി.
ഖാരി പിയറി, ആന്‍ഡേഴ്‌സണ്‍ ഫിലിപ് എന്നിവരുടെ കൂട്ടുകെട്ട് ടീമിനെ ഇരുന്നൂറ് കടത്തി. പിയറി 23 റൺസെടുത്ത് പുറത്തായി. ജയ്ഡന്‍ സീല്‍സ് 13 റൺസിന് പുറത്തായി. ആന്‍ഡേഴ്‌സണ്‍ ഫിലിപ് 24 റണ്‍സെടുത്ത് പുറത്താവാതെ നിന്നു.
രണ്ടാം ദിനത്തിൽ 41 റൺസെടുത്ത അലിക് അതനെസെയാണ് ടോപ് സ്കോറർ. ടജ്നരെയ്ൻ ചന്ദ്രപ്പോൾ 34 റൺസെടുത്തു. പിന്നീട് ഹോപ്പും ഇംലച്ചും മുന്നോട്ടുനയിച്ചെങ്കിലും മൂന്നാം ദിനം ഇന്ത്യയുടെ ബൗളർമാർ കരുത്തുകാട്ടിയതോടെ വിൻഡീസ് തകർന്നടിയുകയായിരുന്നു. ഇന്ത്യക്കായി കുല്‍ദീപ് യാദവ് അഞ്ചും രവീന്ദ്ര ജഡേജ മൂന്നും വിക്കറ്റെടുത്തപ്പോൾ മുഹമ്മദ് സിറാജും ജസ്പ്രീത് ബുമ്രയും ഓരോ വിക്കറ്റ് സ്വന്തമാക്കി.
















