Cricket Homepage Featured Sports

സര്‍വാധിപത്യം ! ഡല്‍ഹിയില്‍ ജയ്‌സ്വാള്‍ ഷോ, കോലിക്കൊപ്പം

വെസ്റ്റ് ഇന്‍ഡീസിനെതിരായ രണ്ടാം ടെസ്റ്റില്‍ 150 പൂര്‍ത്തിയാക്കി ഇന്ത്യയുടെ ഓപ്പണര്‍ യശസ്വി ജയ്‌സ്വാള്‍. 224 പന്തുകള്‍ നേരിട്ടാണ് ജയ്‌സ്വാള്‍ 150 റണ്‍സിലേക്ക് എത്തിയത്. ടെസ്റ്റ് കരിയറിലെ അഞ്ചാമത്തെ 150 + വ്യക്തിഗത സ്‌കോറാണ് ഡല്‍ഹിയില്‍ ഇന്ത്യയുടെ ഓപ്പണര്‍ ബാറ്റര്‍ സ്വന്തമാക്കിയത്.

ആദ്യ പന്ത് മുതല്‍ വെസ്റ്റ് ഇന്‍ഡീസിനെതിരെ ആധിപത്യം ഉറപ്പിച്ചാണ് ജയ്‌സ്വാള്‍ കളിച്ചത്. കൃത്യമായ ഇടവേളകളില്‍ ബൗണ്ടറി നേടി സ്‌കോറിങ് വേഗത കൂട്ടുകയും ചെയ്തു. ടെസ്റ്റ് കരിയറില്‍ ഏഴാമത്തെ സെഞ്ചുറിയാണ് ജയ്‌സ്വാള്‍ ഇന്ന് നേടിയത്. ജയ്‌സ്വാളിന്റെ ഏഴ് സെഞ്ചുറികളും ഏഴ് വ്യത്യസ്ത ഗ്രൗണ്ടുകളില്‍ ആണെന്ന അപൂര്‍വ്വതയും ഉണ്ട്.

വെസ്റ്റ് ഇന്‍ഡീസിനെതിരെ 2023 ല്‍ അരങ്ങേറ്റ ടെസ്റ്റില്‍ സെഞ്ചുറി നേടിയാണ് ജയ്‌സ്വാള്‍ തന്റെ പ്രതിഭ തെളിയിച്ചത്. വിദേശ പിച്ചുകളിലും താരത്തിന്റെ പേരില്‍ സെഞ്ചുറിയുണ്ട്.

24 വയസ്സിനു മുന്‍പ് ഏറ്റവും കൂടുതല്‍ ടെസ്റ്റ് സെഞ്ചുറികള്‍ ഉള്ള താരങ്ങളുടെ പട്ടികയില്‍ ഗ്രെയിം സ്മിത്ത്, അലസ്റ്റര്‍ കുക്ക്, കെയ്ന്‍ വില്യംസണ്‍, ഡോണ്‍ ബ്രാഡ്മാന്‍ (12 സെഞ്ചുറികള്‍), സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ (11), ഗാര്‍ഫീല്‍ഡ് സോബര്‍ (ഒന്‍പത്) എന്നിവര്‍ക്കു പിന്നിലാണ് ജയ്‌സ്വാള്‍ ഇപ്പോള്‍.

രാജ്യാന്തര ക്രിക്കറ്റില്‍ 50 മത്സരങ്ങളില്‍ നിന്നാണ് ജയ്‌സ്വാള്‍ 3,000 കടന്നിരിക്കുന്നത്. ഏറ്റവും കുറവ് മത്സരങ്ങളില്‍ നിന്ന് ഈ നേട്ടം കൈവരിക്കുന്ന രണ്ടാമത്തെ താരമാണ് ജയ്‌സ്വാള്‍.

വിരാട് കോലിയുടെ പേരിലുള്ള മറ്റൊരു റെക്കോര്‍ഡിനൊപ്പവും ജയ്‌സ്വാള്‍ എത്തി. ഇന്ത്യന്‍ മണ്ണില്‍ ടെസ്റ്റ് മത്സരത്തിന്റെ ഒന്നാം ദിനത്തില്‍ തന്നെ 150+ സ്‌കോര്‍ രണ്ടാം തവണയാണ് ജയ്‌സ്വാള്‍ നേടുന്നത്. നേരത്തെ കോലിക്ക് മാത്രമാണ് ഇത് സാധ്യമായിരിക്കുന്നത്. ഇരുവരുടെയും ഈ സെഞ്ചുറികള്‍ വിശാഖപട്ടണത്തും ഡല്‍ഹിയിലും ആണെന്ന സാമ്യതയും ഉണ്ട്.

Related Posts