ശുഭ്മാന്‍ ഗില്ലിന്റെ തിരിച്ചുവരവോടെ ട്വന്റി 20 ഓപ്പണര്‍ സ്ഥാനം നഷ്ടമായ സഞ്ജു സാംസണിനു ഏഷ്യ കപ്പിനു മുന്‍പ് ടീം മാനേജ്‌മെന്റ് നല്‍കിയ ഉപദേശം വെളിപ്പെടുത്തി നായകന്‍ സൂര്യകുമാര്‍ യാദവ്. ബാറ്റിങ് ഓര്‍ഡറില്‍ താഴെയിറങ്ങേണ്ടി വരുമെന്ന കാര്യം സഞ്ജുവിനെ അറിയിച്ചിരുന്നതായി സൂര്യകുമാര്‍ യാദവ് വെളിപ്പെടുത്തി. മാധ്യമപ്രവര്‍ത്തകനായ വിമല്‍ കുമാറിന്റെ യുട്യൂബ് ചാനലിനു നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു സൂര്യ.
ട്വന്റി 20 സെറ്റപ്പില്‍ നിന്ന് സഞ്ജുവിനെ ഒഴിവാക്കി കൊണ്ടുള്ള ഒരു പദ്ധതിയും ടീം മാനേജ്‌മെന്റിനു ഉണ്ടായിരുന്നില്ലെന്ന് സൂര്യ പറഞ്ഞു. ജിതേഷ് ശര്‍മയും ശുഭ്മാന്‍ ഗില്ലും ടി20 ടീമില്‍ എത്തിയപ്പോള്‍ സഞ്ജുവിനു പ്ലേയിങ് ഇലവനില്‍ സ്ഥാനം നഷ്ടമാകുമെന്ന് പലരും കരുതിയിരുന്നെങ്കിലും തങ്ങള്‍ക്കു അതേകുറിച്ച് നല്ല ബോധ്യമുണ്ടായിരുന്നെന്ന് സൂര്യ പറഞ്ഞു.
‘ ഗില്ലിന്റെ മടങ്ങിവരവും ജിതേഷ് ടീമില്‍ ഇടംപിടിച്ചതും കണ്ടപ്പോള്‍ പലരും കരുതി സഞ്ജുവിനു പ്ലേയിങ് ഇലവനില്‍ സ്ഥാനം ഉണ്ടാകില്ലെന്ന്. ജിതേഷ് സഞ്ജുവിനു പകരം കളിക്കുമെന്നാണ് പലരും വിചാരിച്ചത്. എന്നാല്‍ ഗൗതി ഭായി (ഗൗതം ഗംഭീര്‍) ഇക്കാര്യത്തില്‍ കൃത്യമായ തീരുമാനമെടുത്തിരുന്നു. സഞ്ജു ഉറപ്പായും കളിച്ചിരിക്കും, ഏത് ബാറ്റിങ് പൊസിഷനില്‍ ആയാലും എന്നതായിരുന്നു നിലപാട്,’ സൂര്യ പറഞ്ഞു.
‘ പ്ലേയിങ് ഇലവന്‍ ജിതേഷിനെ വെച്ചായിരിക്കുമെന്നാണ് എല്ലാവരും കരുതിയത്. അത്തരത്തിലുള്ള പ്രവചനങ്ങളും അവര്‍ അടിച്ചിറക്കി. എന്നാല്‍ സഞ്ജു കളിക്കില്ലെന്ന തരത്തില്‍ ഒരു ചിന്തയും എനിക്ക് ഇല്ലായിരുന്നു. ആദ്യത്തെ പരിശീലന സെഷനില്‍ തന്നെ നെറ്റ്‌സില്‍ നില്‍ക്കുമ്പോള്‍ ഗൗതി ഭായ് ഇതേകുറിച്ച് എന്നോടു പറഞ്ഞതാണ്. അവസാന 15-20 കളികളില്‍ സഞ്ജു വളരെ നന്നായി കളിച്ചിട്ടുണ്ട്. നമുക്ക് അവനോടു പറയാന്‍ കഴിയുന്ന കാര്യം ബാറ്റിങ് പൊസിഷനില്‍ മാറ്റമുണ്ടായേക്കാം. എന്നാല്‍ സഞ്ജു ഉണ്ടാക്കുന്ന ഇംപാക്ട് ടീമില്‍ വേണം എന്നാണ്. ഞങ്ങള്‍ സഞ്ജുവിനോടു ഇതേകുറിച്ച് വിശദീകരിച്ചു. നേരത്തെ 30 പന്തില്‍ 70 റണ്‍സ് എന്ന പോലെയാണ് സഞ്ജു ബാറ്റ് ചെയ്തിരുന്നത്. ഇപ്പോള്‍ കളിക്കാന്‍ ലഭിക്കുക 10-25 പന്തുകള്‍ മാത്രമായിരിക്കും, ചിലപ്പോള്‍ ബാറ്റിങ്ങിനു അവസരവും ലഭിക്കണമെന്നില്ല. എന്നാല്‍ ടീമിനായി എപ്പോള്‍ ബാറ്റ് ചെയ്യുമ്പോഴും ഇംപാക്ട് ഉണ്ടാക്കാന്‍ കഴിയുന്ന രീതിയില്‍ പെര്‍ഫോം ചെയ്യുക,’ സൂര്യകുമാര്‍ കൂട്ടിച്ചേര്‍ത്തു.
















