Cricket Homepage Featured Sports

വരുന്നത് ചില്ലറക്കാരനല്ല; ഓസ്‌ട്രേലിയയില്‍ അശ്വിനു കനത്ത സുരക്ഷയും വിഐപി പരിഗണനയും

രാജ്യാന്തര ഫോര്‍മാറ്റില്‍ നിന്നും ഐപിഎല്ലില്‍ നിന്നും വിരമിച്ച രവിചന്ദ്രന്‍ അശ്വിന്‍ ഓസ്‌ട്രേലിയയില്‍ നടക്കാനിരിക്കുന്ന ബിഗ് ബാഷ് ലീഗിനുള്ള തയ്യാറെടുപ്പിലാണ്. സിഡ്‌നി തണ്ടേഴ്‌സിനു വേണ്ടിയാണ് അശ്വിന്‍ കളിക്കുക. താരത്തിനു വിഐപി പരിഗണന ഒരുക്കാനാണ് സിഡ്‌നി തണ്ടേഴ്‌സിന്റെ തീരുമാനം.

ഓസ്‌ട്രേലിയന്‍ നഗരത്തിലെ ഇന്ത്യന്‍ ആരാധകരുടെ ബാഹുല്യം കണക്കിലെടുത്താണ് അശ്വിനു പ്രത്യേക സുരക്ഷ ഒരുക്കുന്നത്. കഴിഞ്ഞ വര്‍ഷം നടന്ന ബോര്‍ഡര്‍-ഗാവസ്‌കര്‍ ട്രോഫിക്കിടെ ഇന്ത്യന്‍ താരങ്ങളുടെ പിങ്ക് ബോള്‍ പരിശീലനം കാണാന്‍ അഡ്‌ലെയ്ഡ് ഓവലില്‍ 5,000 ത്തില്‍ അധികം ഇന്ത്യന്‍ ആരാധകര്‍ ഒത്തുകൂടിയിരുന്നു. സമാനമായ രീതിയില്‍ അശ്വിനെ കാണാന്‍ കൂടുതല്‍ ആരാധകര്‍ എത്തിയേക്കുമെന്നാണ് സിഡ്‌നി തണ്ടേഴ്‌സിന്റെ വിലയിരുത്തല്‍.

സുരക്ഷാ ക്രമീകരണങ്ങള്‍ കൂടുതല്‍ ശക്തിപ്പെടുത്തും. അശ്വിനു വേണ്ടി മാത്രം സ്വകാര്യ സുരക്ഷാ ഏജന്‍സിയുടെ സേവനമാണ് സിഡ്‌നി തണ്ടേഴ്‌സ് ടീം ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഒളിംപിക് അരീന ഗ്രൗണ്ടിലാണ് ടീമിന്റെ പരിശീലനം. പൊതുജനങ്ങള്‍ക്കു അനായാസം സമ്മേളിക്കാന്‍ കഴിയുന്ന വിധമാണ് ഗ്രൗണ്ടിന്റെ ഘടന. അതിനാല്‍ അശ്വിനെ തേടി നൂറുകണക്കിനു ഇന്ത്യന്‍ ആരാധകര്‍ എത്തിയേക്കാം. ക്രിക്കറ്റ് ഓസ്‌ട്രേലിയയുമായി സിഡ്‌നി തണ്ടേഴ്‌സ് ആശയവിനിമയം നടത്തിയിട്ടുണ്ട്.

തണ്ടേഴ്‌സിനൊപ്പമുള്ള യാത്രകളും അനുഭവങ്ങളും സ്വന്തം യുട്യൂബ് ചാനലില്‍ പങ്കുവയ്ക്കുന്നതിനായി പ്രത്യേക സ്റ്റാഫിനെയും അശ്വിന്‍ ഒപ്പം കൊണ്ടുപോകും. ഇതിനുള്ള അനുമതി സിഡ്‌നി തണ്ടേഴ്‌സ് താരത്തിനു നല്‍കിയിട്ടുണ്ട്. ഇന്‍സ്റ്റഗ്രാമില്‍ 5.3 മില്യന്‍ പേരും യുട്യൂബില്‍ 1.75 മില്യന്‍ സബ്‌സ്‌ക്രൈബേഴ്‌സും അശ്വിനുണ്ട്.

39 കാരനായ അശ്വിന്‍ സിഡ്‌നി തണ്ടേഴ്‌സിനു വേണ്ടി ബിഗ് ബാഷില്‍ മൂന്ന് മുതല്‍ അഞ്ച് വരെ കളികളില്‍ ഇറങ്ങിയേക്കുമെന്നാണ് റിപ്പോര്‍ട്ട്. 2026 ജനുവരിയിലാണ് ലീഗിനു തുടക്കമാകുക. സിഡ്‌നി തണ്ടേഴ്‌സ് ഫൈനലില്‍ പ്രവേശിച്ചാല്‍ അശ്വിന്‍ കളിക്കും.

Related Posts