Cricket Homepage Featured Sports

‘സെക്കന്റ് സ്ലിപ്പിന്റെ ആവശ്യമുണ്ടോ’ ക്യാപ്റ്റന്‍ ചോദിച്ചു; തന്നെ വിശ്വാസത്തിലെടുക്കൂവെന്ന് ഗൗഡ്

ഐസിസി വുമണ്‍സ് ലോകകപ്പിലെ പാക്കിസ്ഥാനെതിരായ മത്സരത്തില്‍ ഇന്ത്യ 88 റണ്‍സ് ജയം നേടിയപ്പോള്‍ കളിയിലെ താരമായത് 22 കാരി ക്രാന്തി ഗൗഡ് ആണ്. വലംകൈ ഫാസ്റ്റ്-മീഡിയം ബൗളറായ ക്രാന്തി 10 ഓവറില്‍ വിട്ടുകൊടുത്തത് വെറും 20 റണ്‍സാണ്, വീഴ്ത്തിയത് മൂന്ന് വിക്കറ്റുകള്‍.

മധ്യപ്രദേശിലെ ഖുവാരയില്‍ ദരിദ്ര കുടുംബത്തില്‍ ജനിച്ച ക്രാന്തി കുട്ടികാലം തൊട്ടേ ക്രിക്കറ്റിനെ ഇഷ്ടപ്പെടുന്നുണ്ട്. സ്‌കൂള്‍ കഴിഞ്ഞു വീട്ടിലെത്തിയാല്‍ ടെന്നീസ് പന്തില്‍ ക്രിക്കറ്റ് കളിക്കുക പതിവായിരുന്നു. സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് എട്ടാം ക്ലാസില്‍ വിദ്യാഭ്യാസം ഉപേക്ഷിച്ചപ്പോഴും ക്രിക്കറ്റ് തുടര്‍ന്നു.

കടുത്ത ദാരിദ്ര്യത്തിനിടയിലും മകളുടെ ക്രിക്കറ്റിനോടുള്ള സ്‌നേഹം മനസിലാക്കാന്‍ പിതാവ് മുന്ന സിങ്ങിനു സാധിച്ചു. പരിശീലകന്‍ രാജീവ് ബില്‍ത്താരയുടെ കീഴില്‍ ഛത്തര്‍പൂരിലുള്ള സായ് ക്രിക്കറ്റ് അക്കാദമിയില്‍ ക്രാന്തി പരിശീലനം ആരംഭിച്ചു. ഫീസില്ലാതെ ക്രാന്തിക്ക് പരിശീലനം ഒരുക്കിയ രാജീവ് ബില്‍ത്താരയും ഇപ്പോള്‍ അഭിമാനിക്കുന്നുണ്ടാകും. ആഭ്യന്തര ക്രിക്കറ്റില്‍ തിളങ്ങിയ ക്രാന്തി പിന്നീട് മുംബൈ ഇന്ത്യന്‍സ് നെറ്റ് ബൗളറായി, പിന്നാലെ യുപി വാരിയേഴ്‌സ് ടീമില്‍ ഇടംപിടിച്ചു. വുമണ്‍ പ്രീമിയര്‍ ലീഗിലെ മികച്ച പ്രകടനങ്ങള്‍ ക്രാന്തിക്കു ദേശീയ ടീമിലേക്കും വാതില്‍ തുറന്നു.

സാമ്പത്തിക പ്രതിസന്ധിക്കിടയിലും ക്രാന്തി ക്രിക്കറ്റിനോടു വലിയ ആവേശവും സ്‌നേഹവും കാണിച്ചിരുന്നു. ഭയമില്ലാതെ ഏത് സാഹചര്യത്തെയും നേരിടാന്‍ ക്രാന്തിക്ക് അസാമാന്യ കഴിവുണ്ട്. പാക്കിസ്ഥാനെതിരായ മത്സരത്തില്‍ ഇന്ത്യ ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗര്‍ അത് നേരില്‍ കാണുകയും ചെയ്തു.

പാക്കിസ്ഥാനെതിരായ 12-ാം ഓവര്‍ എറിയാനെത്തിയപ്പോള്‍ ക്രാന്തി സെക്കന്റ് സ്ലിപ്പില്‍ ഫീല്‍ഡറെ നിര്‍ത്താന്‍ ആവശ്യപ്പെട്ടു. സെക്കന്റ് സ്ലിപ്പ് ആവശ്യമുണ്ടോ എന്ന് ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് ക്രാന്തിയോടു ചോദിക്കുന്നുണ്ട്. ‘ സ്ലിപ്പില്‍ ഫീല്‍ഡ് നിര്‍ത്തി ഞാന്‍ എറിഞ്ഞു നോക്കട്ടെ. എന്നെ വിശ്വസിക്കൂവെന്ന് ഞാന്‍ ക്യാപ്റ്റനോടു പറഞ്ഞു. എനിക്ക് ഒരു വിക്കറ്റ് ഉറപ്പായും ലഭിക്കുമെന്ന് വിശ്വാസമുണ്ടായിരുന്നു. അങ്ങനെ തന്നെ സംഭവിക്കുകയും ചെയ്തു,’ ക്രാന്തി മത്സരശേഷം പറഞ്ഞു. സെക്കന്റ് സ്ലിപ്പില്‍ ഫീല്‍ഡ് നിയോഗിച്ച് പാക്കിസ്ഥാന്‍ താരം ആലിയ റിയാസിന്റെ ഇതേ ഓവറില്‍ ക്രാന്തി പുറത്താക്കുകയും ചെയ്തു.

Related Posts