Cricket Homepage Featured Sports

3211 ദിവസത്തെ കാത്തിരിപ്പ്; രാഹുലിന്റെ സെലിബ്രേഷനും ഒരു അര്‍ത്ഥമുണ്ട്

വെസ്റ്റ് ഇന്‍ഡീസിനെതിരായ ആദ്യ ടെസ്റ്റിന്റെ ഒന്നാം ഇന്നിങ്‌സില്‍ സെഞ്ചുറി നേടിയ ശേഷം വളരെ വൈകാരികമായാണ് കെ.എല്‍.രാഹുല്‍ ആഘോഷപ്രകടനം നടത്തിയത്. പൊതുവെ ശാന്തമായി സെഞ്ചുറി ആഘോഷിക്കാറുള്ള രാഹുല്‍ ഇത്തവണ ‘ഫിംഗര്‍ സക്കിങ്’ (വിരലുകള്‍ വായിലിട്ട്) സെലിബ്രേഷന്‍ നടത്തിയത് തന്റെ മകള്‍ക്കു വേണ്ടിയാണ്.

രാഹുലിനും ജീവിതപങ്കാളി ആതിയയ്ക്കും കഴിഞ്ഞ മാര്‍ച്ചിലാണ് പെണ്‍കുഞ്ഞ് പിറന്നത്. മകള്‍ ഇവാരയ്ക്കു വേണ്ടിയാണ് രാഹുല്‍ വെസ്റ്റ് ഇന്‍ഡീസിനെതിരായ സെഞ്ചുറി സമര്‍പ്പിച്ചത്. സെഞ്ചുറിക്കു ശേഷമുള്ള ഫിംഗര്‍ സക്കിങ് സെലിബ്രേഷന്‍ മകള്‍ക്കു വേണ്ടിയാണെന്ന് രാഹുല്‍ പ്രതികരിച്ചു.

രാഹുലിന്റെ അഹമ്മദബാദ് സെഞ്ചുറിക്ക് വലിയൊരു പ്രത്യേകതയുണ്ട്. 3211 ദിവസത്തെ കാത്തിരിപ്പിനു ശേഷമാണ് രാഹുല്‍ ഹോം ഗ്രൗണ്ടില്‍ ടെസ്റ്റ് സെഞ്ചുറിയടിക്കുന്നത്. രാഹുലിന്റെ അവസാന ഹോം ഗ്രൗണ്ട് സെഞ്ചുറി (ടെസ്റ്റ്) 2016 ല്‍ ചെന്നൈയില്‍ വെച്ച് ഇംഗ്ലണ്ടിനെതിരെയായിരുന്നു. ഏതാണ്ട് ഒന്‍പത് വര്‍ഷം കാത്തിരുന്നാണ് രാഹുല്‍ ഹോം ഗ്രൗണ്ടില്‍ ടെസ്റ്റ് സെഞ്ചുറി നേടുന്നത്.

രണ്ടാം സെഞ്ചുറിക്കായി ഏറ്റവും കൂടുതല്‍ കാത്തിരുന്ന ഇന്ത്യന്‍ താരമെന്ന റെക്കോര്‍ഡും ഇതോടെ രാഹുലിന്റെ പേരിലാണ്. 2886 ദിവസങ്ങള്‍ കാത്തിരുന്ന മൊഹീന്ദര്‍ അമര്‍നാഥിനെയാണ് രാഹുല്‍ മറികടന്നത്. അതേസമയം ടെസ്റ്റ് ഫോര്‍മാറ്റില്‍ രാഹുലിന്റെ 11-ാം സെഞ്ചുറിയും രാജ്യാന്തര കരിയറില്‍ 20-ാം സെഞ്ചുറിയുമാണ് അഹമ്മദബാദില്‍ നേടിയത്.

ടെസ്റ്റ് ക്രിക്കറ്റില്‍ ഓപ്പണറായി ഇറങ്ങി പത്തോ അതില്‍ അധികമോ സെഞ്ചുറി നേടുന്ന ഇന്ത്യന്‍ താരങ്ങളുടെ പട്ടികയില്‍ നാലാമനാണ് രാഹുല്‍. ഓപ്പണറായി രാഹുലിന്റെ പത്താം സെഞ്ചുറിയാണ് വെസ്റ്റ് ഇന്‍ഡീസിനെതിരെ നേടിയത്. സുനില്‍ ഗാവസ്‌കര്‍ (33), വീരേന്ദര്‍ സേവാഗ് (22), മുരളി വിജയ് (12) എന്നിവര്‍ ചേരുന്ന ‘എലീറ്റ് ലിസ്റ്റിലാണ്’ രാഹുലും ഇടം പിടിച്ചത്. 197 പന്തില്‍ 12 ഫോറുകളുടെ അകമ്പടിയോടെ 100 റണ്‍സെടുത്താണ് രാഹുല്‍ പുറത്തായത്.

Related Posts