അഹമ്മദാബാദ്: വെസ്റ്റ് ഇൻഡീസിനെതിരായ ആദ്യ ടെസ്റ്റിൽ രണ്ടാം ദിനം കളിയവസാനിക്കുമ്പോൾ ഇന്ത്യ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 448 റൺസ് എന്ന നിലയിലാണ്. രണ്ട് വിക്കറ്റ് നഷ്ടത്തിൽ 121 എന്ന നിലയിൽ ബാറ്റിങ് പുനരാരംഭിച്ച ഇന്ത്യയ്ക്കു വേണ്ടി മൂന്നു താരങ്ങൾ സെഞ്ചുറി തികച്ചു. 104 റൺസ് നേടിയ രവീന്ദ്ര ജഡേജയ്ക്കൊപ്പം 9 റൺസുമായി വാഷിങ്ടൺ സുന്ദറാണ് ക്രീസിൽ. കെഎൽ രാഹുലും (100) ധ്രുവ് ജുറലും (125) സെഞ്ചുറി നേടി. ശുഭ്മാൻ ഗിൽ അർധ സെഞ്ചുറിയും നേടി. 286 റൺസ് ലീഡിലാണ് ഇന്ത്യ.
ഇന്ന് ശുഭ്മാൻ ഗിൽ കെ എസ്‍ രാപുൽ എന്നിവരുടെ വിക്കറ്റാണ് ഇന്ത്യയ്ക്ക് നഷ്ടമായത്. വ്യക്തിഗത സ്കോറിനോടൊപ്പം 32 റൺസുകൂടി ചേർത്തായിരുന്നു ഗില്ലിന്റെ മടക്കം. റോസ്റ്റണ്‍ ചേസിന്റെ പന്തില്‍ ജസ്റ്റിന്‍ ഗ്രീവ്സ് ക്യാച്ച് ചെയ്തു. ടെസ്റ്റ് കരിയറിലെ 11-ാം സെഞ്ചുറി നേടിയ ഉടനെ രാഹുലും കളമൊഴിഞ്ഞു. ജോമല്‍ വറിക്കാന്റെ പന്തില്‍ ഷോര്‍ട്ട് കവറില്‍ ജസ്റ്റിന്‍ ഗ്രീവ്‌സിന് ക്യാച്ച് ലഭിക്കുകയായിരുന്നു.
പിന്നാലെ ക്രീസിൽ ജുറല്‍ – ജഡേജ സഖ്യം 205 റൺസെടുത്തു. ധ്രുവ് ജുറൽ തന്റെ കന്നി സെഞ്ചുറി നേടി. സ്പിന്നര്‍ ഖാരി പിയേറെയുടെ പന്തിൽ വിക്കറ്റ് കീപ്പര്‍ ഷായ് ഹോപ്പിന് ക്യാച്ച് നല്‍കി ജുറല്‍ മടങ്ങി. 125 റൺസ് നേടിയ ജുറൽ കളിയിൽ മൂന്ന് സിക്‌സും 15 ഫോറുമാണ് സ്വന്തമാക്കിയത്. തുടർന്ന് ജഡേജയും സെഞ്ചുറി നേടി ടെസ്റ്റ് കരിയറിലെ തന്റെ 6-ാം സെഞ്ചുറിയാണ് രവീന്ദ്ര ജഡേജ നേടിയത്.
വിന്‍ഡീസിന്റെ ആദ്യ ഇന്നിങ്ങ്സ് 162 റൺസിൽ അവസാനിച്ചിരുന്നു. നാല് വിക്കറ്റ് നേടി മുഹമ്മദ് സിറാജ്, മൂന്ന് പേരെ പുറത്താക്കി ജസ്പ്രിത് ബുമ്ര എന്നിവരാണ് വിന്‍ഡീസിനെ തകര്‍ത്തത്. കുല്‍ദീപ് യാദവ് രണ്ട് വിക്കറ്റ് വീഴ്ത്തിയിരുന്നു.
















