Cricket Sports

‘മോനെ ഇത് ടെസ്റ്റാണേ’; അണ്ടര്‍ 19 ടെസ്റ്റില്‍ ഓസ്‌ട്രേലിയയെ പഞ്ഞിക്കിട്ട് വൈഭവ് സൂര്യവന്‍ശി, പറത്തിയത് എട്ട് സിക്‌സുകള്‍

അണ്ടര്‍ 19 ഒന്നാം യൂത്ത് ടെസ്റ്റില്‍ ഇന്ത്യ ഓസ്‌ട്രേലിയയെ ഒരു ഇന്നിങ്‌സിനും 58 റണ്‍സിനും തോല്‍പ്പിച്ച് ആധികാരിക വിജയം നേടിയപ്പോള്‍ എല്ലാവരെയും ഞെട്ടിച്ചത് 14 കാരന്‍ വൈഭവ് സൂര്യവന്‍ശിയാണ്. ട്വന്റി 20 കളിക്കുന്ന ലാഘവത്തോടെയാണ് വൈഭവ് ആതിഥേയരായ ഓസ്‌ട്രേലിയയുടെ ബൗളിങ് നിരയെ നേരിട്ടത്.

ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഓസ്‌ട്രേലിയ ഒന്നാം ഇന്നിങ്‌സില്‍ 243 നു ഓള്‍ഔട്ട് ആയപ്പോള്‍ മറുപടി ബാറ്റിങ്ങില്‍ ഇന്ത്യ 428 റണ്‍സ് നേടി. 185 റണ്‍സിന്റെ ഒന്നാം ഇന്നിങ്‌സ് ലീഡ് ഇന്ത്യക്കുണ്ടായിരുന്നു. രണ്ടാം ഇന്നിങ്‌സില്‍ ഓസ്‌ട്രേലിയ 127 നു ഓള്‍ഔട്ട് ആയി.

ഇന്ത്യയുടെ ഒന്നാം ഇന്നിങ്‌സില്‍ ഓപ്പണര്‍ വൈഭവ് സൂര്യവന്‍ശി 86 പന്തില്‍ ഒന്‍പത് ഫോറും എട്ട് സിക്‌സും സഹിതം 113 റണ്‍സ് നേടി. 131.40 ആണ് സ്‌ട്രൈക് റേറ്റ്. 78 പന്തിലാണ് വൈഭവ് സെഞ്ചുറി പൂര്‍ത്തിയാക്കിയത്. യൂത്ത് ടെസ്റ്റിലെ നാലാമത്തെ വേഗമേറിയ സെഞ്ചുറിയാണ് ഇയാന്‍ ഹീലി ഓവലില്‍ വൈഭവ് നേടിയത്.

അണ്ടര്‍ 19 ടെസ്റ്റ് ഫോര്‍മാറ്റില്‍ നൂറില്‍ കുറവ് പന്തുകള്‍ നേരിട്ട് രണ്ട് സെഞ്ചുറി നേടുന്ന രണ്ടാമത്തെ താരമെന്ന നേട്ടവും വൈഭവ് സ്വന്തമാക്കി. ന്യൂസിലന്‍ഡിന്റെ ബ്രണ്ടന്‍ മക്കല്ലമാണ് ഈ നേട്ടം ഇതിനു മുന്‍പ് കൈവരിച്ചത്. നേരത്തെ ചെന്നൈയില്‍ വെച്ച് ഓസ്‌ട്രേലിയയ്‌ക്കെതിരെ തന്നെ വൈഭവ് 58 പന്തില്‍ സെഞ്ചുറി നേടിയിരുന്നു.

ഓസ്‌ട്രേലിയന്‍ താരങ്ങളുടെ തുടര്‍ച്ചയായ സ്ലെഡ്ജിങ്ങിനിടയിലും ആത്മവിശ്വാസത്തോടെ ബാറ്റ് ചെയ്യുന്ന സൂര്യവന്‍ശിയെയാണ് ഓവലില്‍ കണ്ടത്. പലതവണ ഓസ്‌ട്രേലിയന്‍ താരങ്ങളുടെ സ്ലെഡ്ജിങ്ങിനു അതേ നാണയത്തില്‍ മറുപടി നല്‍കുന്ന സൂര്യവന്‍ശിയെയും കണ്ടു.

ഓസ്‌ട്രേലിയ അണ്ടര്‍ 19 നെതിരായ ഏകദിന പരമ്പരയിലും സൂര്യവന്‍ശി തിളങ്ങി. 22 പന്തില്‍ 38, 68 പന്തില്‍ 70, 20 പന്തില്‍ 16 എന്നിങ്ങനെയാണ് മൂന്ന് ഏകദിനങ്ങളിലെ സൂര്യവന്‍ശിയുടെ വ്യക്തിഗത സ്‌കോര്‍. മൂന്ന് ഇന്നിങ്‌സുകളിലായി താരം നേടിയത് ഒന്‍പത് സിക്‌സുകളാണ്.

Related Posts