വളരെ അടുത്ത സുഹൃത്തുക്കളാണ് വിരാട് കോലിയും ശിഖര്‍ ധവാനും. കൈവിട്ടു പോകുമെന്ന് കരുതിയ പല കളികളിലും ഇന്ത്യയെ ഇരുവരും ചേര്‍ന്ന് വിജയത്തിലെത്തിച്ചിട്ടുണ്ട്. എന്നാല്‍ കളിക്കളത്തില്‍ വെച്ച് വിരാട് കോലിയെ ധവാന് ശകാരിച്ചത് കണ്ടിട്ടുണ്ടോ? അങ്ങനെയൊരു സംഭവത്തെ കുറിച്ച് വെളിപ്പെടുത്തുകയാണ് ശിഖര്‍ ധവാന്.
തങ്ങള്‍ ഒന്നിച്ചു കളിച്ചുകൊണ്ടിരുന്ന സമയത്ത് കോലിയുമായി പലവട്ടം തര്‍ക്കം ഉണ്ടായിട്ടുണ്ടെന്നാണ് ധവാന് പറയുന്നത്. പരിശീലനത്തിനിടെ വാം-അപ്പ് സെഷനില്‍ ഫുട്ബോള്‍ കളിക്കുമ്പോള്‍ തങ്ങള്‍ തര്‍ക്കിച്ച സംഭവം ധവാന് വെളിപ്പെടുത്തി.
‘ ഒരിക്കല്‍ വിരാടും ഞാനും വഴക്കിട്ടു. പരിശീലന സമയത്തെ വാം-അപ്പ് സെഷനില്‍ ഫുട്ബോള്‍ കളിക്കുമ്പോഴായിരുന്നു സംഭവം. ഞങ്ങള്‍ രണ്ടുപേരും വ്യത്യസ്ത ടീമുകളില്‍ ആയിരുന്നു. കളിക്കിടെ പരസ്പരം ടാക്കിള്‍ (ഫുട്ബോളില്‍ ശരീരംകൊണ്ട് തട്ടുന്നത്) ചെയ്തു. ഒരു നിമിഷത്തേക്ക് രണ്ടുപേര്‍ക്കും ദേഷ്യം വന്നു. തര്‍ക്കം ഉണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ പിന്നീട് വാം-അപ്പ് സെഷനിലെ ഫുട്ബോള്‍ കളി നിര്‍ത്തി. എല്ലാവരും കായികതാരങ്ങളാണല്ലോ, സ്വന്തം ശരിയില്‍ ഉറച്ചുനിന്ന് തര്‍ക്കത്തിലേക്ക് കാര്യങ്ങള്‍ പോയേക്കാം,’ ധവാന് പറഞ്ഞു.
ദക്ഷിണാഫ്രിക്കയില്‍ ഏകദിന മത്സരം കളിക്കുമ്പോള്‍ താന്‍ റണ്‍ഔട്ട് ആയതിനു പിന്നാലെ കോലിയെ ശകാരിച്ച സംഭവവും ധവാന് വെളിപ്പെടുത്തി. ഡര്‍ബനില്‍ നടന്ന ഇന്ത്യ-ദക്ഷിണാഫ്രിക്ക ഒന്നാം ഏകദിനത്തില്‍ 29 പന്തില്‍ 35 റണ്‍സെടുത്ത് ധവാന് പുറത്തായത് കോലി കൂടി പങ്കാളിയായ റണ്‍ ഔട്ടിലൂടെയാണ്. ഇത് ധവാനെ പ്രകോപിപ്പിച്ചിരുന്നു.
‘ ദക്ഷിണാഫ്രിക്കയില്‍ കളിക്കുമ്പോള്‍ വിരാട് കോലി എന്നെ റണ്‍ഔട്ട് ആക്കി. എനിക്ക് വളരെ ദേഷ്യം വന്നു. ആ സമയത്ത് നടന്ന ഐപിഎല്‍ താരലേലത്തില്‍ പ്രതീക്ഷിച്ച പോലെ കാര്യങ്ങള്‍ എനിക്ക് അനുകൂലമായിരുന്നില്ല. അതിന്റെ നിരാശയും ഉള്ളില്‍ കിടക്കുന്നുണ്ട്. ആ സമയത്താണ് ഈ റണ്‍ഔട്ട്. എനിക്ക് അത് സ്വീകരിക്കാന്‍ കഴിയുമായിരുന്നില്ല. ഞാന്‍ കോലിയെ ഒരുപാട് വഴക്കുപറഞ്ഞു. കോലി ഇതെല്ലാം കേട്ട് പിച്ചിന്റെ മധ്യത്തിലുണ്ട്. ശരിക്കും ഞാന്‍ ഡ്രസിങ് റൂമിലേക്ക് നോക്കി ശകാരിച്ചാണ് കയറി പോയത്. എന്നാല്‍ ഞങ്ങള്‍ക്കു പരസ്പരം മനസിലാക്കാന്‍ കഴിയും, ഇത് ക്രിക്കറ്റില്‍ സംഭവിക്കുന്നതാണ്, മനപ്പൂര്‍വ്വമല്ലെന്ന് അറിയാം,’ ധവാന് വെളിപ്പെടുത്തി.
36-ാം വയസ്സില്‍ ധവാന് രാജ്യാന്തര ക്രിക്കറ്റ് അവസാനിപ്പിച്ചു. അതേസമയം വിരാട് കോലി ഇപ്പോഴും ഇന്ത്യയുടെ ഏകദിന ടീമിന്റെ ഭാഗമാണ്.
















