Cricket Sports

‘കായികത്തില്‍ രാഷ്ട്രീയത്തിനു സ്ഥാനമില്ല’; ഇന്ത്യയെ രൂക്ഷമായി വിമര്‍ശിച്ച് ഡി വില്ലിയേഴ്‌സ്

ഏഷ്യ കപ്പ് നേടിയ ഇന്ത്യന്‍ ടീമിനെ വിമര്‍ശിച്ച് ദക്ഷിണാഫ്രിക്കയുടെ മുന്‍ ക്രിക്കറ്റര്‍ എബി ഡി വില്ലിയേഴ്‌സ്. കായികത്തില്‍ രാഷ്ട്രീയത്തിനു സ്ഥാനമില്ലെന്നും ഏഷ്യ കപ്പ് കിരീടം സ്വീകരിക്കാത്ത ഇന്ത്യയുടെ നടപടി സ്‌പോര്‍ട്‌സിന്റെ മാന്യതയ്ക്കു ചേരുന്നതല്ലെന്നും ഡി വില്ലിയേഴ്‌സ് പറഞ്ഞു. തന്റെ യുട്യൂബ് ചാനലിലൂടെയാണ് ഡി വില്ലിയേഴ്‌സിന്റെ പ്രതികരണം.

‘ കിരീടം നല്‍കുന്ന ആളോടു ഇന്ത്യക്ക് വിയോജിപ്പ് ഉണ്ടെന്നത് ശരി തന്നെ. എന്നാല്‍ സ്‌പോര്‍ട്‌സില്‍ ഇത്തരം രീതികള്‍ അനുവദിക്കരുത്. ‘ രാഷ്ട്രീയത്തെ സ്പോര്‍ട്സില്‍ നിന്ന് അകറ്റി നിര്‍ത്തണം. സ്പോര്‍ട്സും രാഷ്ട്രീയവും വേറെയാണ്. അത്തരത്തില്‍ വ്യത്യസ്തമായാണ് കായിക ഇനങ്ങള്‍ ആഘോഷിക്കപ്പെടേണ്ടത്. ഇത്തരം കാഴ്ചകള്‍ വേദനാജനകമാണ്. ഭാവിയില്‍ ഈ പ്രശ്നങ്ങള്‍ ഇരു കൂട്ടരും രമ്യമായി പരിഹരിക്കുമെന്ന് പ്രതീക്ഷിക്കുന്നു,’ ഡി വില്ലിയേഴ്‌സ് പറഞ്ഞു.

സ്‌പോര്‍ട്‌സ് താരങ്ങളെ മാനസികമായി തകര്‍ക്കുന്നതാണ് ഇങ്ങനെയുള്ള കാര്യങ്ങള്‍. ഏഷ്യ കപ്പിന്റെ സമ്മാനദാനം വളരെ മോശമായിപ്പോയി. ഗ്രൗണ്ടിന്റെ പുറത്ത് നടക്കുന്ന പ്രശ്‌നങ്ങള്‍ ഒരു കാരണവശാലും കളിയെ ബാധിക്കരുത് – ഡി വില്ലിയേഴ്‌സ് പറഞ്ഞു.

അതേസമയം ഇന്ത്യയെ അഭിനന്ദിക്കാനും താരം മറന്നില്ല. ട്വന്റി 20 ലോകകപ്പിനുള്ള മികച്ചൊരു ടീമിനെ ഇന്ത്യ ഇപ്പോഴേ വാര്‍ത്തെടുത്തിരിക്കുകയാണ്. വളരെ ശക്തമായ ടീമാണ് ഇന്ത്യ ഇപ്പോള്‍. മികവുറ്റ താരങ്ങളുടെ വലിയൊരു നിര തന്നെ ഇന്ത്യക്കുണ്ടെന്നും ഡി വില്ലിയേഴ്‌സ് പറഞ്ഞു.

ഏഷ്യ കപ്പ് ഫൈനലില്‍ ഇന്ത്യ ജയിച്ചെങ്കിലും ജേതാക്കള്‍ക്കുള്ള കിരീടം ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സില്‍ പ്രസിഡന്റും പാക്കിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് ചെയര്‍മാനുമായ മൊഹ്‌സിന്‍ നഖ്വി നല്‍കുന്നതില്‍ പ്രതിഷേധിച്ചാണ് ഇന്ത്യ കിരീടം വാങ്ങാന്‍ തയ്യാറാകാതിരുന്നത്. പാക്കിസ്ഥാന്റെ ആഭ്യന്തര മന്ത്രി കൂടിയായ നഖ്വിയില്‍ നിന്ന് കിരീടം സ്വീകരിക്കില്ലെന്ന് ഇന്ത്യ നിലപാടെടുത്തിരുന്നു. പിന്നീട് കിരീടം ഇല്ലാതെയാണ് ഇന്ത്യ വിജയാഘോഷം നടത്തിയത്.

Related Posts