Cricket Sports

ദീപ്തിയുടെ ഓള്‍റൗണ്ടര്‍ മികവില്‍ ഇന്ത്യക്ക് ജയത്തുടക്കം

ഐസിസി വനിത ലോകകപ്പിലെ ഉദ്ഘാടന മത്സരത്തില്‍ ആതിഥേയരായ ഇന്ത്യക്ക് ജയത്തുടക്കം. ശ്രീലങ്കയെ 59 റണ്‍സിനു തോല്‍പ്പിച്ചു. മഴ മൂലം 47 ഓവറാക്കി ചുരുക്കിയ മത്സരത്തില്‍ ഡക്ക് വര്‍ത്ത് ലൂയിസ് നിയമപ്രകാരമാണ് ഇന്ത്യയുടെ ജയം. ബാറ്റിങ്ങിലും ബൗളിങ്ങിലും തിളങ്ങിയ ഓല്‍റൗണ്ടര്‍ ദീപ്ത് ശര്‍മയാണ് കളിയിലെ താരം. ടോസ് നഷ്ടപ്പെട്ടു ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത 47 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 269 റണ്‍സ് നേടി. മറുപടി ബാറ്റിങ്ങില്‍ ശ്രീലങ്കയുടെ ഇന്നിങ്‌സ് 45.4 ഓവറില്‍ 211 നു അവസാനിച്ചു.

ഓപ്പണര്‍ പ്രതിക റവല്‍ (59 പന്തില്‍ 37), വണ്‍ഡൗണ്‍ താരം ഹര്‍ലീന്‍ ദിയോള്‍ (64 പന്തില്‍ 48) എന്നിവര്‍ ചേര്‍ന്ന് ഇന്ത്യക്ക് മികച്ച തുടക്കം നല്‍കിയെങ്കിലും ആറാമതായി ദീപ്ത് ശര്‍മ എത്തിയതോടെയാണ് (53 പന്തില്‍ 53) സ്‌കോര്‍ ബോര്‍ഡിന്റെ ചലനത്തിനു അല്‍പ്പം വേഗംവച്ചത്. ഓപ്പണര്‍ സ്മൃതി മന്ദാന (10 പന്തില്‍ എട്ട്), ക്യാപ്റ്റന്‍ ഹര്‍മാന്‍പ്രീത് കൗര്‍ (19 പന്തില്‍ 21), ജെമിമ റോഡ്രിഗസ് (പൂജ്യം) എന്നിവര്‍ നിരാശപ്പെടുത്തി. മൂന്ന് ഫോറുകള്‍ മാത്രമാണ് ദീപ്തി ബൗണ്ടറിയായി നേടിയത്. ബാക്കി റണ്‍സെല്ലാം ഓടിയെടുത്തു. ദീപ്തിക്കു പിന്നാലെ എത്തിയ അമന്‍ജോത് കൗര്‍ (56 പന്തില്‍ 57) മികച്ച രീതിയില്‍ കളിച്ചു. സ്‌നേഹ് റാണ (15 പന്തില്‍ പുറത്താകാതെ 28) അവസാന ഓവറുകളില്‍ തകര്‍ത്തടിച്ചു.

ഒരുഘട്ടത്തില്‍ ശ്രീലങ്കയ്ക്കു പിന്തുടര്‍ന്നു ജയിക്കാന്‍ കഴിയുമെന്ന് തോന്നിയപ്പോഴും രക്ഷകയായി ദീപ്തി എത്തി. നായിക ചമരി അത്തപ്പത്തു (47 പന്തില്‍ 43), കവിഷ ദില്‍ഹരി (12 പന്തില്‍ 15), അനുഷ്‌ക സഞ്ജീവനി (10 പന്തില്‍ ആറ്) എന്നിവരെ ദീപ്തി പുറത്താക്കി. പത്ത് ഓവറില്‍ 54 റണ്‍സ് വഴങ്ങിയാണ് ദീപ്തി മൂന്ന് വിക്കറ്റുകള്‍ നേടിയത്. സ്‌നേഹ് റാണ, ശ്രീ ചരണി എന്നിവര്‍ക്ക് രണ്ട് വീതം വിക്കറ്റുകള്‍.

ഒക്ടോബര്‍ അഞ്ചിനു പാക്കിസ്ഥാന്‍ വനിത ടീമിനെതിരെയാണ് ഇന്ത്യയുടെ അടുത്ത മത്സരം.

Related Posts