Cricket Homepage Featured Sports

പ്രായം 42, ആവേശം ഇപ്പോഴും 20 ല്‍; അബുദബി ലീഗില്‍ ഞെട്ടിച്ച് ശ്രീശാന്ത്

അബുദബി ടി20 ക്രിക്കറ്റ് ലീഗില്‍ ഞെട്ടിച്ച് ഇന്ത്യയുടെ മുന്‍ താരവും മലയാളിയുമായ എസ്.ശ്രീശാന്ത്. വിസ്ത റൈഡേഴ്‌സിന്റെ നായകന്‍ കൂടിയായ ശ്രീശാന്ത് ആസ്പിന്‍ സ്റ്റാലിയന്‍സിനെതിരായ മത്സരത്തില്‍ കളിയിലെ താരമായി. വയസ് 42 ആയെങ്കിലും ഇരുപതുകളിലെ ശ്രീശാന്തിനെയാണ് അബുദബി സ്റ്റേഡിയത്തില്‍ കണ്ടത്.

ആദ്യം ബാറ്റ് ചെയ്ത വിസ്ത റൈഡേഴ്‌സ് നിശ്ചിത 10 ഓവറില്‍ ഒന്‍പത് വിക്കറ്റ് നഷ്ടത്തില്‍ 84 റണ്‍സ് നേടി. മറുപടി ബാറ്റിങ്ങില്‍ ആസ്പിന്‍ സ്റ്റാലിയന്‍സിനു 78 റണ്‍സെടുക്കാനെ സാധിച്ചുള്ളൂ. ആറ് റണ്‍സിനാണ് വിസ്ത റൈഡേഴ്‌സിന്റെ ജയം.

വിസ്തയ്ക്കു വേണ്ടി ആദ്യ ഓവര്‍ എറിയാനെത്തിയത് ശ്രീശാന്താണ്. ആദ്യ പന്തില്‍ തന്നെ ഗുര്‍ബാസിനെ ആന്‍ഡ്രു ടൈയുടെ കൈകളില്‍ എത്തിച്ചു. തൊട്ടടുത്ത രണ്ട് പന്തുകളിലും ശ്രീശാന്ത് റണ്‍സ് വിട്ടുകൊടുത്തില്ല. നാലാം പന്തില്‍ കിടിലനൊരു പന്തിലൂടെ അവിഷ്‌ക ഫെര്‍ണാണ്ടോയെ ലെഗ് ബൈ വിക്കറ്റിനു മുന്നില്‍ കുരുക്കി.

ഫെര്‍ണാണ്ടോയുടെ വിക്കറ്റിനായുള്ള ശ്രീശാന്തിന്റെ അപ്പീല്‍ പഴയ അഗ്രസീവ്‌നെസിനെ ഓര്‍മപ്പെടുത്തുന്നതായിരുന്നു. ഇന്ത്യക്കു വേണ്ടി കളിക്കുമ്പോഴുള്ള അതേ വീറും വാശിയും ശ്രീശാന്തിന്റെ ശരീരഭാഷയില്‍ പ്രകടമായിരുന്നു. വിക്കറ്റ് അനുവദിക്കാന്‍ അംപയര്‍ ആദ്യം മടിച്ചപ്പോള്‍ ശ്രീശാന്തിന്റെ അപ്പീല്‍ ആവേശവും ഇരട്ടിയായി. ഒരു ഘട്ടത്തില്‍ തന്റെ ട്രേഡ് മാര്‍ക്ക് അപ്പീലിങ് രീതിയായ പിച്ചില്‍ ഇരുന്നുകൊണ്ടുള്ള അപ്പീലിങ്ങിലേക്കും താരം എത്തി.

മൂന്ന് കളികള്‍ പൂര്‍ത്തിയായപ്പോള്‍ രണ്ട് ജയത്തോടെ പോയിന്റ് ടേബിളില്‍ മൂന്നാം സ്ഥാനത്താണ് ശ്രീശാന്തിന്റെ വിസ്ത റൈഡേഴ്‌സ്. ദക്ഷിണാഫ്രിക്കന്‍ താരം ഫാഫ് ഡു പ്ലെസിസ് അടക്കമുള്ള വമ്പന്‍ താരങ്ങള്‍ വിസ്ത റൈഡേഴ്‌സിന്റെ ഭാഗമാണ്. ഇന്ത്യന്‍ താരം ഉന്മുക്ത് ചന്ദ് ശ്രീശാന്തിനൊപ്പം വിസ്തയില്‍ കളിക്കുന്നുണ്ട്.

Related Posts