Cricket Homepage Featured Sports

22 സിക്‌സുകള്‍ പറത്തിയ ചെക്കന്‍ ബെഞ്ചിലുണ്ട്; ഇന്ത്യയുടെ മണ്ടത്തരത്തില്‍ ബംഗ്ലാദേശിനു ലോട്ടറി, വിമര്‍ശനം

ഷ്യ കപ്പ് റൈസിങ് സ്റ്റാര്‍സ് പോരാട്ടത്തില്‍ ഇന്ത്യ എ സെമി ഫൈനലില്‍ ബംഗ്ലാദേശ് എയോടു തോറ്റതില്‍ ആരാധകര്‍ക്ക് കടുത്ത നിരാശ. ടീം മാനേജ്‌മെന്റിന്റെ മണ്ടന്‍ തീരുമാനങ്ങളാണ് ഇന്ത്യയെ തോല്‍പ്പിച്ചതെന്ന് ആരാധകര്‍ വിമര്‍ശിച്ചു. സമനിലയായ മത്സരത്തില്‍ സൂപ്പര്‍ ഓവറിലാണ് ബംഗ്ലാദേശിന്റെ ജയം.

ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശ് എ നിശ്ചിത 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 194 നേടി. മറുപടി ബാറ്റിങ്ങില്‍ ഇന്ത്യയും ആറ് വിക്കറ്റ് നഷ്ടത്തില്‍ ഇതേ റണ്‍സിലെത്തി. തുടര്‍ന്നാണ് സൂപ്പര്‍ ഓവറിലേക്ക് കടന്നത്. ഇന്ത്യയാമ് സൂപ്പര്‍ ഓവറില്‍ ആദ്യം ബാറ്റ് ചെയ്തത്. നായകന്‍ ജിതേഷ് ശര്‍മയും ഫിനിഷര്‍ രമണ്‍ദീപ് സിങ്ങുമാണ് സൂപ്പര്‍ ഓവറില്‍ ഇന്ത്യക്കായി ബാറ്റ് ചെയ്യാനെത്തിയത്. ഈ തീരുമാനമാണ് ഇന്ത്യയുടെ തോല്‍വിക്കു കാരണമെന്ന് ആരാധകര്‍ പറയുന്നു.

സൂപ്പര്‍ ഓവറില്‍ ഇന്ത്യക്ക് ഒരു റണ്‍സ് പോലും എടുക്കാന്‍ സാധിച്ചില്ല. ബംഗ്ലാദേശിനു വേണ്ടി സൂപ്പര്‍ ഓവര്‍ എറിയാനെത്തിയ റിപ്സണ്‍ മണ്ഡല്‍ ആദ്യ പന്തില്‍ ഇന്ത്യന്‍ നായകന്‍ ജിതേഷ് ശര്‍മയെ ക്ലീന്‍ ബൗള്‍ഡാക്കി. തൊട്ടടുത്ത പന്തില്‍ അശുതോഷ് ശര്‍മയെ എക്സ്ട്രാ കവറില്‍ സവാദ് അബ്രാറിന്റെ കൈകളില്‍ എത്തിച്ച് ഇന്ത്യയെ പൂജ്യത്തില്‍ നിര്‍ത്തി. മറുപടി ബാറ്റിങ്ങില്‍ ബംഗ്ലാദേശിനു യാസിര്‍ അലിയെ നഷ്ടമായി. ഇന്ത്യക്കായി സൂപ്പര്‍ ഓവര്‍ എറിഞ്ഞ സുയാഷ് ശര്‍മ യാസിര്‍ അലിയെ രമണ്‍ദീപ് സിങ്ങിന്റെ കൈകളില്‍ എത്തിക്കുകയായിരുന്നു. എന്നാല്‍ തൊട്ടടുത്ത പന്ത് വൈഡ് ആയതോടെ കളി ബംഗ്ലാദേശ് ജയിച്ചു.

സൂപ്പര്‍ ഓവറില്‍ ജിതേഷ് ശര്‍മയെയും രമണ്‍ദീപിനെയും ഇറക്കാനുള്ള ഇന്ത്യയുടെ തീരുമാനമാണ് ആരാധകരെ ഞെട്ടിച്ചത്. ടൂര്‍ണമെന്റില്‍ നാല് മത്സരങ്ങളില്‍ നിന്ന് 243.88 സ്ട്രൈക് റേറ്റില്‍ 239 റണ്‍സ് നേടി റണ്‍വേട്ടയില്‍ ഒന്നാം സ്ഥാനത്തുള്ള വൈഭവ് സൂര്യവന്‍ശി നില്‍ക്കുമ്പോഴാണ് മധ്യനിര ബാറ്റര്‍മാരായ ജിതേഷും രമണ്‍ദീപും ക്രീസിലെത്തിയത്. ഒരു വിക്കറ്റ് നഷ്ടമായപ്പോഴും വൈഭവിനെ ഇറക്കാന്‍ ഇന്ത്യ തയ്യാറായില്ല. ഏഷ്യ കപ്പ് റൈസിങ് സ്റ്റാര്‍സില്‍ നാല് കളികളില്‍ നിന്ന് 22 സിക്‌സുകള്‍ പറത്തിയ താരം കൂടിയാണ് വൈഭവ്. ഒരുപക്ഷേ വൈഭവ് ബാറ്റ് ചെയ്യാനെത്തിയിരുന്നെങ്കില്‍ സൂപ്പര്‍ ഓവറില്‍ ജയം ഇന്ത്യക്കൊപ്പമായിരുന്നേനെ എന്നും ആരാധകര്‍ പറയുന്നു.

Related Posts