ആതിഥേയരായ ഇന്ത്യ അനായാസം ജയിക്കുമെന്ന് ഉറപ്പിച്ച കൊല്‍ക്കത്ത ടെസ്റ്റ്. ദക്ഷിണാഫ്രിക്ക ഏറെക്കുറെ തോല്‍വി ഉറപ്പിച്ചാണ് രണ്ടാം ഇന്നിങ്സില്‍ ബൗളിങ്ങിനു ഇറങ്ങിയത്. എന്നാല്‍ ആ കൂട്ടത്തില്‍ നായകന് തെംബ ബാവുമ ഉണ്ടായിരുന്നില്ല. അങ്ങനെയങ്ങ് തോല്ക്കാന് മനസില്ലെന്ന ‘കൂറ്റന്‍’ ആത്മവിശ്വാസവുമായി ‘കുള്ളന്‍’ ബാവുമ ഗ്രൗണ്ടിലേക്കിറങ്ങി. പിന്നെ നടന്നത് ചരിത്രം !
ഒന്നാം ഇന്നിങ്സിനിടെ ഇന്ത്യന്‍ താരം ജസ്പ്രിത് ബുംറ ദക്ഷിണാഫ്രിക്കന്‍ നായകന്റെ ഉയരക്കുറവിനെ കുറിച്ച് പരാമര്‍ശിച്ചത് വലിയ വിവാദമായിരുന്നു. ബുംറ എറിഞ്ഞ പന്ത് ബാവുമയുടെ പാഡില്‍ തട്ടിയപ്പോള്‍ എല്‍ബിഡബ്ള്യു വിക്കറ്റിനായി അപ്പീല്‍ ചെയ്യുന്നതിനിടെയാണ് ബുംറ ബാവുമയുടെ ഉയരക്കുറവിനെ കുറിച്ച് പരാമര്‍ശിച്ചത്.
പന്ത് ബാവുമയുടെ പാഡില്‍ കൊണ്ടപ്പോള്‍ എല്‍ബിഡബ്ള്യുവിനായി ബുംറ അപ്പീല്‍ ചെയ്തു. എന്നാല്‍ വിക്കറ്റ് കീപ്പര്‍ റിഷഭ് പന്ത് വിക്കറ്റിനുള്ള സാധ്യതയില്ലെന്ന് പറഞ്ഞു. ബോള്‍ അല്‍പ്പം ഉയരത്തിലാണ് പാഡില്‍ തട്ടിയിരിക്കുന്നതെന്നും അതിനാല്‍ എല്‍ബിഡബ്ള്യുവിനു സാധ്യതയില്ലെന്നുമാണ് പന്ത് പറഞ്ഞത്. ഈ സമയത്താണ് ബാവുമ അതിനു ഉയരം കുറവാണല്ലോ, അതുകൊണ്ട് പന്തിന്റെ ഉയരം നോക്കുന്നതില്‍ കാര്യമില്ല എന്നു ബുംറ പറഞ്ഞത്. ‘ വളരെ ഉയരത്തിലാണെന്നു തോന്നുന്നു ബുംറ ഭായ്’ എന്ന് പന്ത് പറയുന്നതും അതിനു മറുപടിയായി ‘ അതിനു അവന് ചെറുതാണല്ലോ’ എന്ന് ബുംറ ചിരിച്ചുകൊണ്ട് പറയുകയായിരുന്നു. ഇത് ബോഡി ഷെയ്മിങ് ആണെന്ന് വിമര്‍ശനം ഉയര്‍ന്നു.
രണ്ടാം ഇന്നിങ്സിലേക്കു എത്തിയപ്പോള്‍ ബാവുമ ഇന്ത്യയുടെ ക്ഷമയെ പരീക്ഷിച്ചു. ബാറ്റിങ് ദുഷ്കരമായ പിച്ചില്‍ 136 പന്തില്‍ നാല് ഫോറുകളോടെ പുറത്താകാതെ 55 റണ്‍സെടുത്തു. ഈ സ്കോറാണ് ദക്ഷിണാഫ്രിക്കന്‍ വിജയത്തില്‍ നിര്‍ണായകമായത്.
നായകനെന്ന നിലയില്‍ അപൂര്‍വ നേട്ടം കൈവരിക്കാനും ബാവുമയ്ക്കു സാധിച്ചു. 11 ടെസ്റ്റ് മത്സരങ്ങളിലാണ് ബാവുമ ഇതുവരെ ദക്ഷിണാഫ്രിക്കയെ നയിച്ചിരിക്കുന്നത്. അതില്‍ 10 എണ്ണത്തിലും ജയിച്ചു. ഒരു സമനില. രണ്ടാം ഇന്നിങ്സില്‍ 17 പന്തില്‍ നിന്ന് 26 റണ്‍സുമായി ഇന്ത്യക്ക് നേരിയ വിജയപ്രതീക്ഷ നല്കിയ അക്സര്‍ പട്ടേലിനെ ഉഗ്രന്‍ ക്യാച്ചിലൂടെ പുറത്താക്കിയതും ബാവുമ തന്നെ. ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റിനെ ഉയരങ്ങളിലേക്ക് കൊണ്ടുപോകുകയാണ് ‘ഉയരക്കുറവുള്ള’ ഈ നായകന്.
















