വിവാദമായി ഏഷ്യ കപ്പ് റൈസിങ് സ്റ്റാര്‍സ് പോരാട്ടത്തിലെ ഇന്ത്യ-പാക്കിസ്ഥാന്‍ മത്സരം. ഇന്ത്യ എ ബാറ്റര്‍ നമാന്‍ ധിറിനെ പാക്കിസ്ഥാന്‍ എ സ്പിന്നര്‍ സാദ് മസൂദ് പ്രകോപിപ്പിക്കുകയായിരുന്നു. നമാന്‍ ധിറിന്റെ വിക്കറ്റെടുത്തതിനു ശേഷമുള്ള പാക് ബൗളറുടെ ആഘോഷപ്രകടനമാണ് വിവാദത്തിനു കാരണം.
ഇന്ത്യ എ ബാറ്റ് ചെയ്യുന്ന സമയത്ത് പാക്കിസ്ഥാന്‍ എയ്ക്കായി ഒന്‍പതാം ഓവര്‍ എറിയാനെത്തിയത് സാദ് മസൂദാണ്. ഈ ഓവറിലെ നാലാം പന്തില്‍ പാക് നായകന്‍ ഇര്‍ഫാന്‍ ഖാന്റെ കൈയില്‍ നമാന്‍ ധിറിനെ എത്തിച്ച് മസൂദ് പാക്കിസ്ഥാന്‍ എയ്ക്കു ബ്രേക്ക് നല്‍കി. തൊട്ടുപിന്നാലെ ഇന്ത്യന്‍ താരത്തെ പ്രകോപിപ്പിക്കുകയായിരുന്നു മസൂദ്.
വിക്കറ്റ് ലഭിച്ച ഉടനെ ഡ്രസിങ് റൂമിലേക്കു ചൂണ്ടിക്കാണിച്ച് ധീറിനോടു കയറിപ്പോകാന്‍ ആവശ്യപ്പെടുകയായിരുന്നു സാദ് മസൂദ്. പ്രകോപിപ്പിക്കുന്ന തരത്തില്‍ പലതവണ സാദ് മസൂദ് ‘കയറി പോ’ എന്ന് ആംഗ്യം കാണിക്കുന്നുണ്ടായിരുന്നു. ഇതെല്ലാം കണ്ടുകൊണ്ട് നമാന്‍ ധിര്‍ നിശബ്ദനായി നിന്നു. ഒന്നുരണ്ട് തവണ ധിര്‍ സാദ് മസൂദിനെ ദേഷ്യത്തോടെ നോക്കിയെങ്കിലും കൂടുതല്‍ പ്രതികരിച്ചില്ല.
20 പന്തുകള്‍ നേരിട്ട ധീര്‍ ആറ് ഫോറുകളും ഒരു സിക്സും സഹിതം 35 റണ്‍സെടുത്താണ് പുറത്തായത്. ബൗണ്ടറി നേടിയതിനു പിന്നാലെയായിരുന്നു താരത്തിന്റെ പുറത്താകല്‍. അതേസമയം കളിയില്‍ പാക്കിസ്ഥാന്‍ ജയിച്ചു. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 19 ഓവറില്‍ 136 നു ഓള്‍ഔട്ട് ആയി. മറുപടി ബാറ്റിങ്ങില്‍ 13.2 ഓവറില്‍ എട്ട് വിക്കറ്റ് ശേഷിക്കെ പാക്കിസ്ഥാന്‍ ലക്ഷ്യം കണ്ടു. പാക്കിസ്ഥാനു വേണ്ടി സാദ് മസൂദ് രണ്ട് വിക്കറ്റുകള്‍ വീഴ്ത്തി.
അതേസമയം ഗ്രൂപ്പ് ബിയില്‍ ഒന്നാം സ്ഥാനക്കാരായി പാക്കിസ്ഥാന്‍ എ ക്വാളിഫയര്‍ ചെയ്തു. മറുവശത്ത് ഇന്ത്യ പോയിന്റ് ടേബിളില്‍ രണ്ടാം സ്ഥാനത്താണ്. നാളെ (നവംബര്‍ 18) ഒമാനെതിരെയാണ് ഇന്ത്യയുടെ ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരം.
















