രാജസ്ഥാന്‍ റോയല്‍സില്‍ നിന്ന് ട്രേഡിങ്ങിലൂടെ ചെന്നൈ സൂപ്പര്‍ കിങ്‌സിലേക്ക് എത്തിയ മലയാളി താരം സഞ്ജു സാംസണ്‍ ചെന്നൈ ആരാധകരുടെ മനംകവരുന്നു. രാജസ്ഥാന്‍ നായകനായിരുന്ന സഞ്ജു ട്രേഡിങ്ങിന്റെ ഒരു ഘട്ടത്തിലും ക്യാപ്റ്റന്‍സിക്കു വേണ്ടി ചെന്നൈയോടു സമ്മര്‍ദ്ദം ചെലുത്തിയില്ല. യുവതാരം ഋതുരാജ് ഗെയ്ക്വാദാണ് ചെന്നൈയുടെ ക്യാപ്റ്റന്‍. തന്നേക്കാള്‍ ജൂനിയറായ ഗെയ്ക്വാദിന്റെ കീഴില്‍ കളിക്കാന്‍ സഞ്ജു പൂര്‍ണ സന്നദ്ധത അറിയിച്ചു.
രാജസ്ഥാന്‍ നായകനായിരുന്ന സഞ്ജുവിനു ക്യാപ്റ്റന്‍സി കൊടുക്കേണ്ടി വരുമോ എന്ന ആശങ്ക ചെന്നൈയ്ക്കുണ്ടായിരുന്നു. ഇതുമായി ബന്ധപ്പെട്ട് ചില ചര്‍ച്ചകളും ആരംഭിച്ചിരുന്നു. എന്നാല്‍ ഗെയ്ക്വാദിനെ മാറ്റി തനിക്കു ക്യാപ്റ്റന്‍സി തരേണ്ട ആവശ്യമില്ലെന്ന് സഞ്ജു നിലപാടെടുത്തു. ഗെയ്ക്വാദിനു കീഴില്‍ കളിക്കാന്‍ താന്‍ ഒരുക്കമാണെന്നും സഞ്ജു ചെന്നൈ മാനേജ്‌മെന്റിനെ അറിയിച്ചിരുന്നു.
സഞ്ജുവിന്റെ ട്രേഡിങ് നടപടികള്‍ പൂര്‍ത്തിയായ ശേഷമാണ് ക്യാപ്റ്റനായി ഗെയ്ക്വാദ് തുടരുമെന്ന് ചെന്നൈ ഔദ്യോഗികമായി അറിയിച്ചത്. 2026 സീസണിനു മുന്നോടിയായി നിലനിര്‍ത്തി താരങ്ങളുടെ പട്ടിക പുറത്തുവിട്ടതിനൊപ്പമാണ് ഗെയ്ക്വാദ് നായകനായി തുടരുമെന്ന കാര്യത്തില്‍ ചെന്നൈ ഫ്രാഞ്ചൈസി വ്യക്തത വരുത്തിയത്.
അതേസമയം മിനി താരലേലത്തിനു മുന്നോടിയായി 10 താരങ്ങളെ ചെന്നൈ റിലീസ് ചെയ്തു. സഞ്ജുവിനു പകരം താര കൈമാറ്റ ജാലകത്തിലൂടെ രവീന്ദ്ര ജഡേജ, സാം കറാന്‍ എന്നിവരെ ചെന്നൈ രാജസ്ഥാനു നല്‍കി. ചെന്നൈ റിലീസ് ചെയ്ത താരങ്ങള്‍: രചിന്‍ രവീന്ദ്ര, ഡെവന്‍ കോണ്‍വെ, മതീഷ പതിരാണ, ആന്ദ്രേ സിദ്ധാര്‍ത്ഥ്, ദീപക് ഹൂഡ, രാഹുല്‍ ത്രിപതി, ഷെയ്ഖ് റഷീദ്, വിജയ് ശങ്കര്‍
നിലനിര്‍ത്തിയ താരങ്ങള്‍: ഋതുരാജ് ഗെയ്ക്വാദ്, എം.എസ്.ധോണി, ആയുഷ് മാത്രേ, ഡെവാള്‍ഡ് ബ്രെവിസ്, ഉര്‍വില്‍ പട്ടേല്‍, ശിവം ദുബെ, ജാമി ഓവര്‍ടണ്‍, രാമകൃഷ്ണ ഘോഷ്, നൂര്‍ അഹമ്മദ്, ഖലീല്‍ അഹമ്മദ്, അന്‍ഷുല്‍ കംബോജ്, ഗുര്‍ജപ്നീത് സിങ്, നഥാന്‍ ഏലിസ്, ശ്രേയസ് ഗോപാല്‍, മുകേഷ് ചൗധരി, രവിചന്ദ്രന്‍ അശ്വിന്‍ (റിട്ടയേഡ്)
















