Cricket Homepage Featured Sports

ജഡേജയ്ക്കു നാല് കോടി നഷ്ടം, സഞ്ജുവിനു 18 കോടി; അര്‍ജുന്‍ ടെന്‍ഡുല്‍ക്കറെ കൈവിട്ട് മുംബൈ

പിഎല്‍ 2026 സീസണിനു മുന്നോടിയായി താരങ്ങളെ നിലനിര്‍ത്താനും റിലീസ് ചെയ്യാനുമുള്ള സമയപരിധി ഇന്ന് അവസാനിക്കും. മലയാളി താരവും രാജസ്ഥാന്‍ റോയല്‍സ് നായകനുമായിരുന്ന സഞ്ജു സാംസണ്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിലേക്ക് എത്തിയത് ഉള്‍പ്പെടെ ക്രിക്കറ്റ് ആരാധകരില്‍ കൗതുകമുണര്‍ത്തുന്ന അപ്‌ഡേറ്റുകളാണ് ഓരോ ഫ്രാഞ്ചൈസികളില്‍ നിന്നും പുറത്തുവരുന്നത്.

കഴിഞ്ഞ മെഗാ താരലേലത്തിനു മുന്നോടിയായി 18 കോടിക്കു രാജസ്ഥാന്‍ നിലനിര്‍ത്തിയ സഞ്ജു സാംസണ്‍ ഇനി ചെന്നൈ സൂപ്പര്‍ കിങ്‌സില്‍ എം.എസ്.ധോണിക്കൊപ്പം കളിക്കും. 18 കോടിക്ക് തന്നെയാണ് രാജസ്ഥാന്‍-ചെന്നൈ ട്രേഡ് പൂര്‍ത്തിയായത്.

സഞ്ജുവിനു പകരം വെറ്ററന്‍ ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജ, ഇംഗ്ലണ്ട് താരം സാം കറാന്‍ എന്നിവരെ ചെന്നൈ സൂപ്പര്‍ കിങ്‌സ് രാജസ്ഥാനു വിട്ടുകൊടുക്കും. 18 കോടിക്കാണ് ചെന്നൈ ജഡേജയെ നിലനിര്‍ത്തിയിരുന്നത്. ഇതില്‍ നാല് കോടിയുടെ കുറവോടെയാണ് രാജസ്ഥാനുമായുള്ള ട്രേഡിങ്. അതായത് ജഡേജയ്ക്കു വേണ്ടി രാജസ്ഥാന്‍ മുടക്കേണ്ടത് 14 കോടി. ഇംഗ്ലണ്ട് താരം സാം കറാനെ 2.4 കോടി ട്രേഡിങ്ങിലൂടെയാണ് ചെന്നൈ രാജസ്ഥാനു കൈമാറിയത്.

സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെ മകന്‍ അര്‍ജുന്‍ ടെന്‍ഡുല്‍ക്കറെ മുംബൈ ഇന്ത്യന്‍സ് കൈവിട്ടു. 30 ലക്ഷം രൂപയ്ക്കു അര്‍ജുനെ മുംബൈ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനു കൈമാറി. ഇന്ത്യന്‍ പേസര്‍ മുഹമ്മദ് ഷമി ഇനി ലഖ്‌നൗവിനായി കളിക്കും. 10 കോടിക്കാണ് സണ്‍റൈസേഴ്‌സ് ഹൈദരബാദ് ഷമിയെ വിട്ടുനല്‍കിയത്.

രാജസ്ഥാന്‍ താരമായിരുന്ന നിതീഷ് റാണയെ ട്രേഡിങ്ങിലൂടെ ഡല്‍ഹി ക്യാപിറ്റല്‍സ് സ്വന്തമാക്കി. കൊല്‍ക്കത്ത താരം മായങ്ക് മാര്‍ക്കണ്ടെ മുംബൈ ഇന്ത്യന്‍സിലേക്ക്. 75 ലക്ഷം അടിസ്ഥാന വിലയായിരുന്ന ഡൊണോവന്‍ ഫെറെയ്‌റയെ ഒരു കോടിക്ക് ഡല്‍ഹിയില്‍ നിന്ന് രാജസ്ഥാന്‍ സ്വന്തമാക്കി.

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് വെങ്കടേഷ് അയ്യര്‍, ക്വിന്റണ്‍ ഡി കോക്ക്, അന്റിച്ച് നോര്‍ക്കിയ എന്നീ സൂപ്പര്‍ താരങ്ങളെ റിലീസ് ചെയ്തു. ലഖ്‌നൗ റിലീസ് ചെയ്തവരില്‍ രവി ബിഷ്‌ണോയിയും ഡേവിഡ് മില്ലറുമുണ്ട്. മായങ്ക് അഗര്‍വാള്‍, ലിയാം ലിവിങ്സ്റ്റണ്‍, ബ്ലെയിങ് മുസറബാനി, റാഷിക് ദാര്‍ എന്നിവരെ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു റിലീസ് ചെയ്തു. ഗ്ലെന്‍ മാക്‌സ്വെല്ലിനെ പഞ്ചാബ് റിലീസ് ചെയ്തിട്ടുണ്ട്. മുംബൈ ഇന്ത്യന്‍സ് വില്‍ ജാക്‌സിനെ മാത്രമാണ് റിലീസ് ചെയ്തത്.

സഞ്ജുവിനെ എം.എസ്.ധോണിക്ക് പകരക്കാരനായാണ് ചെന്നൈ സ്വന്തമാക്കിയിരിക്കുന്നത്. ഡെവന്‍ കോണ്‍വെ, രചിന്‍ രവീന്ദ്ര എന്നിവരെ റിലീസ് ചെയ്യാന്‍ ചെന്നൈ തീരുമാനിച്ചത് സഞ്ജു ഓപ്പണറായി എത്തുമെന്ന ഉറപ്പിലാണ്. അതേസമയം സഞ്ജുവിനു ക്യാപ്റ്റന്‍സി ലഭിക്കുമോ എന്ന കാര്യം സംശയമാണ്. നിലവില്‍ ഋതുരാജ് ഗെയ്ക്വാദാണ് ചെന്നൈ ക്യാപ്റ്റന്‍.

പരിചയസമ്പത്ത് കണക്കിലെടുത്ത് സഞ്ജുവിനെ നായകനാക്കാന്‍ ഫ്രാഞ്ചൈസിയില്‍ ആലോചന നടന്നിരുന്നെങ്കിലും ഗെയ്ക്വാദിന്റെ ക്യാപ്റ്റന്‍സിയില്‍ കളിക്കാന്‍ സഞ്ജു സന്നദ്ധത അറിയിച്ചെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. മറുവശത്ത് ജഡേജ രാജസ്ഥാന്‍ നായകസ്ഥാനം ആഗ്രഹിക്കുന്നുണ്ട്. ക്യാപ്റ്റന്‍സി ലഭിക്കുമെന്ന ഉപാധി അംഗീകരിച്ചാണ് രാജസ്ഥാന്‍ ജഡേജയെ സ്വന്തം പാളയത്തിലെത്തിച്ചതെന്നാണ് റിപ്പോര്‍ട്ട്.

Related Posts