ഇന്ത്യന്‍ ക്രിക്കറ്റ് ടീം സെലക്ടര്‍മാര്‍ക്കു വരുംദിവസങ്ങളില്‍ വലിയ തലവേദനയാകാന്‍ സാധ്യതയുള്ള താരമാണ് 14 കാരന്‍ വൈഭവ് സൂര്യവന്‍ശി. ട്വന്റി 20 പരമ്പരകള്‍ക്കുള്ള ഇന്ത്യന്‍ ടീമിനെ തിരഞ്ഞെടുക്കുമ്പോള്‍ വൈഭവിനെ എങ്ങനെ മാറ്റിനിര്‍ത്തും? ഏഷ്യ കപ്പ് റൈസിങ് സ്റ്റാര്‍സിലെ ഗ്രൂപ്പ് ബി പോരാട്ടത്തില്‍ യുഎഇയ്‌ക്കെതിരെ സെഞ്ചുറി നേടിയ വൈഭവിനു ഉടന്‍ തന്നെ ദേശീയ ടീമിലേക്കു ക്ഷണം ലഭിച്ചാലും അതിശയിക്കാനില്ല.
യുഎഇയ്‌ക്കെതിരെ ഇന്ത്യയുടെ ജയം 148 റണ്‍സിനാണ്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത 20 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 297 റണ്‍സ് നേടി. മറുപടി ബാറ്റിങ്ങില്‍ യുഎഇയ്ക്കു ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 149 റണ്‍സെടുക്കാനെ സാധിച്ചുള്ളൂ. ഇന്ത്യയുടെ ടോട്ടല്‍ സ്‌കോറിന്റെ പകുതിയോളം സംഭാവന ചെയ്തത് ഓപ്പണറായി ക്രീസിലെത്തിയ വൈഭവ് ആണ്. 42 പന്തുകള്‍ നേരിട്ട സൂര്യവന്‍ശി 15 ഫോറുകളും 11 സിക്സുകളും സഹിതം 144 റണ്‍സ് അടിച്ചുകൂട്ടി. വൈഭവ് പുറത്തായില്ലായിരുന്നെങ്കില്‍ ഇന്ത്യയുടെ സ്‌കോര്‍ 350 ലേക്ക് പോലും എത്തുമായിരുന്നു.
32 പന്തില്‍ നിന്നാണ് വൈഭവ് സെഞ്ചുറി തികച്ചത്. പുരുഷ ടി20യില്‍ ഒരു ഇന്ത്യന്‍ താരത്തിന്റെ രണ്ടാമത്തെ വേഗമേറിയ സെഞ്ചുറിയാണിത്. സ്വന്തമാക്കുന്ന അതിവേഗ സെഞ്ചുറികളുടെ പട്ടികയില്‍ രണ്ടാമത്. 2024 സയദ് മുഷ്താഖ് അലി ട്രോഫിയില്‍ ഗുജറാത്തിനു വേണ്ടി ഉര്‍വില്‍ പട്ടേലും പഞ്ചാബിനു വേണ്ടി അഭിഷേക് ശര്‍മയും 28 പന്തില്‍ സെഞ്ചുറി നേടിയതാണ് ഒന്നാം സ്ഥാനത്ത്. 2018 ല്‍ റിഷഭ് പന്ത് ഡല്‍ഹിക്കായി 32 പന്തില്‍ സെഞ്ചുറി നേടിയിട്ടുണ്ട്. 14 വര്‍ഷവും 232 ദിവസവും മാത്രമാണ് വൈഭവിന്റെ പ്രായം. രാജ്യത്തെ പ്രതിനിധീകരിച്ച് ഇത്ര ചെറിയ പ്രായത്തില്‍ സെഞ്ചുറി നേടുന്ന ആദ്യ താരമെന്ന റെക്കോര്‍ഡും വൈഭവിനാണ്. 16 വര്‍ഷവും 171 ദിവസവും പ്രായമുള്ളപ്പോള്‍ സിംബാബ്വെ എ ടീമിനെതിരെ ബംഗ്ലാദേശ് എ ടീം താരമായിരിക്കെ മുഷ്ഫിഖര്‍ റഹിം നേടിയ സെഞ്ചുറി റെക്കോര്‍ഡ് വൈഭവ് മറികടന്നു.
യുഎഇയ്‌ക്കെതിരായ മത്സരത്തില്‍ സ്‌ട്രൈക് ചെയ്ത ആദ്യ പന്തില്‍ തന്നെ വൈഭവ് പുറത്താകേണ്ടതായിരുന്നു. എന്നാല്‍ താരത്തിന്റെ ക്യാച്ച് നഷ്ടമാക്കിയത് യുഎഇയ്ക്കു വന്‍ തിരിച്ചടിയാകുന്ന കാഴ്ചയാണ് പിന്നീട് കണ്ടത്. നിലവില്‍ അഭിഷേക് ശര്‍മയും ശുഭ്മാന്‍ ഗില്ലുമാണ് ഇന്ത്യന്‍ ഓപ്പണര്‍മാര്‍. യശസ്വി ജയ്‌സ്വാള്‍ ഊഴത്തിനായി കാത്ത് പുറത്തിരിപ്പുണ്ട്. മലയാളി താരം സഞ്ജു സാംസണും ഓപ്പണര്‍ റോളില്‍ തിളങ്ങിയ താരമാണ്. ഇവര്‍ക്കിടയിലേക്കാണ് വൈഭവും എത്തുന്നത്. ഇന്ത്യന്‍ സെലക്ടര്‍മാര്‍ക്കു ഇതിനും വലിയ തലവേദന എന്താണ് !
















