Football Homepage Featured Sports

രാജ്യാന്തര കരിയറിലെ ആദ്യ റെഡ് കാര്‍ഡ്; പകരത്തിനു പകരം കൂക്കിവിളിച്ച് അയര്‍ലന്‍ഡ് ആരാധകര്‍

ഫിഫ ലോകകപ്പ് യോഗ്യതാ മത്സരത്തില്‍ അയര്‍ലന്‍ഡിനോടു എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്കാണ് പോര്‍ച്ചുഗല്‍ പരാജയപ്പെട്ടത്. ആദ്യ പകുതിയില്‍ തന്നെ അയര്‍ലന്‍ഡ് താരം ട്രോയ് പാറോട്ട് രണ്ട് തവണ പോര്‍ച്ചുഗലിന്റെ വല ചലിപ്പിച്ചു. ഒരു ഗോള്‍ പോലും തിരിച്ചടിക്കാന്‍ സാധിക്കാതെ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ അടക്കമുള്ള പോര്‍ച്ചുഗല്‍ നിര നിരാശപ്പെടുത്തി.

കളി തോറ്റതിനൊപ്പം പോര്‍ച്ചുഗല്‍ ആരാധകരെ വിഷമിപ്പിച്ച മറ്റൊരു കാര്യം സൂപ്പര്‍താരം റൊണാള്‍ഡോ റെഡ് കാര്‍ഡ് വഴങ്ങിയതാണ്. അയര്‍ലന്‍ഡിന്റെ ബോക്‌സില്‍ വെച്ച് ഡാറ ഓഷ്യയെ കൈമുട്ടിനു ഇടിച്ച് നിലത്തിട്ടതാണ് റൊണാള്‍ഡോയ്ക്കു ചുവപ്പ് കാര്‍ഡ് കിട്ടാന്‍ കാരണം. ഫൗളിനു ശേഷം റൊണാള്‍ഡോയ്ക്കു ആദ്യം മഞ്ഞ കാര്‍ഡാണ് നല്‍കിയത്. പിന്നീട് അയര്‍ലന്‍ഡ് താരങ്ങള്‍ ആവശ്യപ്പെട്ട പ്രകാരം റഫറി വീഡിയോ പരിശോധിച്ചു. വാര്‍ പരിശോധനയില്‍ ഡാറ ഓഷ്യയെ റൊണാള്‍ഡോ കൈമുട്ടുകൊണ്ട് ഇടിക്കുന്നത് കൃത്യമായി കാണാം. ഇതിനുശേഷമാണ് താരത്തിനു റെഡ് കാര്‍ഡ് നല്‍കിയത്.

മത്സരത്തിന്റെ 60-ാം മിനിറ്റിലാണ് റൊണാള്‍ഡോയുടെ റെഡ് കാര്‍ഡ്. രാജ്യാന്തര ഫുട്‌ബോളില്‍ ആദ്യമായാണ് റൊണാള്‍ഡോയ്ക്കു റെഡ് കാര്‍ഡ് കിട്ടുന്നതെന്ന അപൂര്‍വ്വതയും ഉണ്ട്. 22 വര്‍ഷം നീണ്ട പോര്‍ച്ചുഗല്‍ കരിയറില്‍ ഒരിക്കല്‍ പോലും റൊണാള്‍ഡോ റെഡ് കാര്‍ഡ് വഴങ്ങിയിട്ടില്ല.

ചുവപ്പ് കാര്‍ഡ് കണ്ട് റൊണാള്‍ഡോ ഗ്രൗണ്ട് വിടുമ്പോള്‍ അയര്‍ലന്‍ഡ് ആരാധകര്‍ താരത്തെ പരിഹസിച്ചു. ഗ്രൗണ്ടില്‍ നിന്ന് പോകുന്ന സമയത്ത് അയര്‍ലന്‍ഡ് ആരാധകരെ നോക്കി കൈയടിക്കുകയും പരിഹസിക്കുകയും ചെയ്തതാണ് റൊണാള്‍ഡോ. തൊട്ടുപിന്നാലെ ഇതിനു മറുപടിയായി അയര്‍ലന്‍ഡ് ആരാധകര്‍ എഴുന്നേറ്റുനിന്ന് റൊണാള്‍ഡോയെ പരിഹസിച്ചു. അയര്‍ലന്‍ഡ് പരിശീലകന്‍ ഹെയ്മിര്‍ ഹാള്‍ഗ്രിംസണിനോടു റൊണാള്‍ഡോ വാക്കേറ്റത്തിലും ഏര്‍പ്പെട്ടിരുന്നു.

റെഡ് കാര്‍ഡ് കിട്ടിയതിനാല്‍ പോര്‍ച്ചുഗലിന്റെ അടുത്ത ലോകകപ്പ് യോഗ്യത മത്സരം റൊണാള്‍ഡോയ്ക്കു നഷ്ടമാകും. നവംബര്‍ 16 നു അര്‍മേനിയയ്‌ക്കെതിരെയാണ് പോര്‍ച്ചുഗല്‍ ഇറങ്ങുക.

Related Posts