Cricket Homepage Featured Sports

രാജസ്ഥാനു ‘ട്രാപ്പ്’; കറാനെ അങ്ങനെ ചുളുവില്‍ കിട്ടില്ല, ഈ രണ്ട് പേരില്‍ ഒരാളെ റിലീസ് ചെയ്യണം !

പിഎല്‍ ട്രേഡിങ്ങുമായി ബന്ധപ്പെട്ട് രാജസ്ഥാന്‍ റോയല്‍സ് ക്യാംപില്‍ പുതിയ തലവേദന. നായകന്‍ സഞ്ജു സാംസണെ ചെന്നൈ സൂപ്പര്‍ കിങ്‌സിലേക്കു നല്‍കി പകരം രവീന്ദ്ര ജഡേജ, സാം കറാന്‍ എന്നിവരെ ക്യാംപിലെത്തിക്കാനായിരുന്നു രാജസ്ഥാന്റെ പദ്ധതി. എന്നാല്‍ ഐപിഎല്‍ നിയമപ്രകാരമുള്ള കടമ്പകള്‍ രാജസ്ഥാന്റെ പദ്ധതികള്‍ പൊളിച്ചു.

ജഡേജയെ മാത്രം കിട്ടിയാല്‍ പോരാ, സാം കറാനെ കൂടി വേണമെന്ന് രാജസ്ഥാന്‍ ചെന്നൈയെ അറിയിച്ചിരുന്നു. ചെന്നൈയും ഇതിനു ഒരുക്കമായിരുന്നു. എന്നാല്‍ നിലവില്‍ എട്ട് ഓവര്‍സീസ് താരങ്ങള്‍ ഉള്ള രാജസ്ഥാനു ഇംഗ്ലണ്ട് താരം സാം കറാനെ ടീമിലെത്തിക്കുക നിലവിലെ സാഹചര്യത്തില്‍ പ്രയാസമാണ്. ഇപ്പോള്‍ ഉള്ള ഓവര്‍സീസ് താരങ്ങള്‍ ഒരാളെ വിട്ടുകൊടുത്താല്‍ മാത്രമേ രാജസ്ഥാനു സാം കറാനെ സ്വന്തം പാളയത്തിലെത്തിക്കാന്‍ സാധിക്കൂ.

ജോഫ്ര ആര്‍ച്ചര്‍, ഷിമ്രോണ്‍ ഹെറ്റ്മയര്‍, വനിന്ദു ഹസരംഗ, മഹീഷ് തീക്ഷണ, ഫസല്‍ഹഖ് ഫറൂഖി, ക്വെന മാപ്ഹാക, നന്ദ്രേ ബര്‍ജര്‍, ലുഹാന്‍ ദേ പ്രേട്ടോറിയസ് എന്നിവരാണ് രാജസ്ഥാന്റെ വിദേശ താരങ്ങള്‍. നിലവില്‍ ഉള്ള വിദേശ താരങ്ങളില്‍ നിന്ന് ഒരാളെ റിലീസ് ചെയ്യാതെ രാജസ്ഥാനു സാം കറാനെ സ്വന്തമാക്കാന്‍ സാധിക്കില്ല. രാജസ്ഥാന്റെ പേഴ്‌സില്‍ ശേഷിക്കുന്നത് 30 ലക്ഷം മാത്രമാണ്. ചെന്നൈ ഫ്രാഞ്ചൈസിയിലുള്ള സാം കറാന്റെ മൂല്യം 2.4 കോടിയും. ഈ തുകയ്ക്കു മുകളില്‍ മൂല്യമുള്ള ഒരു വിദേശ താരത്തെ റിലീസ് ചെയ്താല്‍ രാജസ്ഥാനു കാര്യങ്ങള്‍ എളുപ്പമാകും.

ശ്രീലങ്കന്‍ സ്പിന്നര്‍മാരായ വനിന്ദു ഹസരംഗ (5.25 കോടി), മഹീഷ് തീക്ഷ്ണ (4.40 കോടി) എന്നിവരില്‍ ഒരാളെ റിലീസ് ചെയ്യുന്നതാണ് ഇപ്പോള്‍ രാജസ്ഥാന്‍ റോയല്‍സിന്റെ പരിഗണനയില്‍ ഉള്ളത്. ഇതില്‍ ഒരാളെ റിലീസ് ചെയ്തു സാം കറാനെ കൂടി സ്‌ക്വാഡില്‍ ഉറപ്പിക്കാനുള്ള ശ്രമങ്ങള്‍ രാജസ്ഥാന്‍ ആരംഭിച്ചിട്ടുണ്ട്. അതേസമയം ഹസരംഗയെയോ തീക്ഷണയെയോ സ്വാപ്പിങ്ങിലൂടെ സ്വന്തമാക്കാന്‍ ചെന്നൈയ്ക്കു താല്‍പര്യമില്ല. അതിനാല്‍ റിലീസ് ചെയ്യുക മാത്രമാണ് രാജസ്ഥാന്റെ മുന്നിലുള്ള വഴി.

Related Posts