ഐപിഎൽ അടുത്ത സീസണിൽ എവിടായിരിക്കും എന്ന ചർച്ചകൾ ചൂട് പിടിച്ചിരിക്കുന്ന സാഹചര്യത്തിൽ മലയാളികളുടെ അഭിമാനം സഞ്ജു സാംസണിന് ഇന്ന് പിറന്നാൾ. നിരവധി ആരാധകരാണ് ആശംസകളുമായി സമൂഹ മാധ്യമങ്ങളിൽ നിറഞ്ഞിരിക്കുന്നത്. സഞ്ജു ചെന്നൈയിലേക്ക് എത്തുമെന്ന അഭ്യൂഹങ്ങൾ ശക്തമായി നിലനിൽക്കെ ടീമിന്റെ വക കിടിലൻ ആശംസയാണ് പോസ്റ്റ് ചെയ്തിരിക്കുന്നത്.
“സഞ്ജു, താങ്കൾക്ക് കൂടുതൽ കരുത്തുണ്ടാവട്ടെ. താങ്കൾക്ക് ഒരു സൂപ്പർ ജന്മദിനം ആശംസിക്കുന്നു,” എന്ന് കുറിച്ചുകൊണ്ട് ഇന്ത്യൻ ദേശീയ ടീമിന്റെ ജഴ്സിക്കൊപ്പമുള്ള സഞ്ജുവിന്റെ ചിത്രമാണ് ചെന്നൈ സൂപ്പർ കിങ്സ് പങ്കുവെച്ചിരിക്കുന്നത്.
അതിനിടെ, ഐപിഎൽ അടുത്ത സീസണിന് മുന്നോടിയായി സഞ്ജു സാംസൺ ചെന്നൈ സൂപ്പർ കിങ്സിലേക്ക് എത്തുമെന്ന വാർത്തകൾക്ക് ശക്തിയേകി ക്രിക്ബസ് റിപ്പോർട്ട് പുറത്തുവന്നു. സഞ്ജുവിന് പകരമായി രവീന്ദ്ര ജഡേജ, സാം കരൺ എന്നീ താരങ്ങളെ രാജസ്ഥാൻ റോയൽസിലേക്ക് കൈമാറാനുള്ള നടപടിക്രമങ്ങൾ അന്തിമഘട്ടത്തിലാണെന്നാണ് സൂചന. മൂന്ന് താരങ്ങളും ട്രേഡിന് സമ്മതം അറിയിച്ചതായും റിപ്പോർട്ടിൽ പറയുന്നു.
അതേസമയം ആശംസകളുമായി രാജസ്ഥാൻ റോയൽസും ബിസിസിഐയും എത്തിയിട്ടുണ്ട്. സഞ്ജുവിന്റെ നിലവിലെ ടീമായ രാജസ്ഥാൻ റോയൽസ് ഇന്നലെ രാത്രി 12 മണിക്ക് തന്നെ താരത്തിന് ജന്മദിനാശംസകൾ അറിയിച്ചിരുന്നു. ‘ഹാപ്പി ബർത്തഡേ ചേട്ടാ’ എന്നായിരുന്നു രാജസ്ഥാൻ റോയൽസിന്റെ പോസ്റ്റ്. ഇതിനുപുറമെ, ബിസിസിഐയും സഞ്ജുവിന് ആശംസകളറിയിച്ചു. ‘ഐസിസി ട്വന്റി 20 ലോകകപ്പിലെയും ഏഷ്യാ കപ്പിലെയും ചാംപ്യനായ താരം. വിക്കറ്റ് കീപ്പർ ബാറ്റർ സഞ്ജു സാംസണിന് പിറന്നാൾ ആശംസകൾ’ എന്നാണ് ബിസിസിഐ പോസ്റ്റ് ചെയ്തിരിക്കുന്നത്.
















