Cricket Homepage Featured Sports

ഏഷ്യാകപ്പ് ട്രോഫി ഇന്ത്യക്ക് കൈമാറിയേക്കും; മഞ്ഞുരുകുന്നു, നഖ്‌വി ചർച്ചയ്ക്കെത്തി

ദുബായ്: ഏഷ്യാകപ്പ് ക്രിക്കറ്റ് ട്രോഫി വിവാദത്തിൽ മഞ്ഞുരുകുന്നു. ഏഷ്യാകപ്പ് ജേതാക്കളായ ഇന്ത്യൻ ടീമിന് ഉടൻ തന്നെ ട്രോഫി കൈമാറിയേക്കുമെന്നാണ് വിവരം. ട്രോഫി ദുബായിലെ ഐസിസി ആസ്ഥാനത്താണുള്ളത്. നഖ്‌വി വിഷയത്തിൽ ചർച്ചയ്ക്ക് തയ്യാറായതോടെയാണ് പ്രശ്ന പരിഹാരത്തിന് കളമൊരുങ്ങുന്നത്.

അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ യോഗത്തിനിടെ ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡ് സെക്രട്ടറി ദേവജിത്ത് സൈക്കിയയും ഏഷ്യൻ ക്രിക്കറ്റ് കൗൺസിൽ ചെയർമാനും പാക് ക്രിക്കറ്റ് ബോർഡ് മേധാവിയുമായ മൊഹ്‌സിൻ നഖ്‌വിയുമായി ചർച്ചനടത്തി.

ഐസിസിയുടെ മുതിർന്ന ഭാരവാഹിയും ഉയർന്ന ഉദ്യോഗസ്ഥനും ചർച്ചയിൽ പങ്കെടുത്തു. ഐസിസിയിലെ മുതിർന്ന ഉദ്യോഗസ്ഥരിൽ ഒരാൾ ചർച്ചയുടെ ഭാഗമായതായും പ്രശ്ന പരിഹാരത്തിന് ഒരു ഐസിസി കമ്മിറ്റി രൂപീകരിക്കേണ്ടതില്ലെന്നും അദ്ദേഹം വ്യക്തമാക്കി. വിഷയത്തിൽ അടുത്തുതന്നെ തീരുമാനമുണ്ടായേക്കുമെന്നും സൈക്കിയ പ്രതികരിച്ചു.

ഏഷ്യാകപ്പ് ഫൈനലില്‍ ഇന്ത്യ പാകിസ്താനെ പരാജയപ്പെടുത്തിയതിന് ശേഷമാണ് വിവാദസംഭവങ്ങൾ അരങ്ങേറുന്നത്. ഇന്ത്യന്‍ ക്രിക്കറ്റ് ടീം പാക് മന്ത്രിയും ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സിലിന്റെ ചുമതല കൂടി വഹിക്കുന്ന പിസിബി മേധാവിയും കൂടിയായ മൊഹ്സിന്‍ നഖ്‌വിയില്‍ നിന്ന് ട്രോഫി വാങ്ങാന്‍ വിസമ്മതിച്ചിരുന്നു. പാകിസ്താനുമായുള്ള ബന്ധം മോശമായി നില്‍ക്കുന്ന സാഹചര്യത്തിലാണ് ഇന്ത്യന്‍ ടീം ഇത്തരമൊരു തീരുമാനത്തിലെത്തിയത്. പകരം എമിറേറ്റ്‌സ് ക്രിക്കറ്റ് ബോര്‍ഡ് വൈസ് ചെയര്‍മാന്‍ ട്രോഫി കൈമാറണമെന്നും അവര്‍ അഭ്യര്‍ത്ഥിച്ചിരുന്നു.

ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും വലിയ നാടകീയ സംഭവങ്ങൾക്കാണ് ഏഷ്യ കപ്പ് ഫൈനൽ വേദിയായത്. ഇന്ത്യ – പാകിസ്ഥാൻ കലാശ പോരാട്ടത്തിന് പിന്നാലെ ഇന്ത്യൻ ടീം ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സില്‍ പ്രസിഡന്റും പാക്കിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് ചെയര്‍മാനുമായ മൊഹ്‌സിന്‍ നഖ്വിയില്‍ നിന്ന് കിരീടം സ്വീകരിക്കാന്‍ തയ്യാറല്ലെന്ന നിലപാടിലുറച്ചു നിന്നതോടെ നഖ്വി ട്രോഫിയുമായി തന്റെ ഹോട്ടൽ റൂമിലേക്ക് പോയതും ഇന്ത്യയുടെ പ്രതീകാത്മക കിരീടാഘോഷവുമെല്ലാം വലിയ ചർച്ചയായിരുന്നു. നഖ്വിയുടെ നടപടി പ്രതിഷേധങ്ങൾക്കും വിമർശനങ്ങൾക്കും വഴിതെളിച്ചിരുന്നു.

Related Posts