Cricket Homepage Featured Sports

അതിവേഗം ആയിരം തൊട്ട് അഭിഷേക്; മുന്നിലുള്ളത് വിരാട് കോലി മാത്രം

രാജ്യാന്തര ട്വന്റി 20 ക്രിക്കറ്റില്‍ അഭിമാന നേട്ടവുമായി ഇന്ത്യന്‍ ഓപ്പണര്‍ അഭിഷേക് ശര്‍മ. ഓസ്‌ട്രേലിയയ്‌ക്കെതിരായ അഞ്ചാം ട്വന്റി 20 മത്സരത്തിനിടെ അഭിഷേക് 1000 റണ്‍സ് തികച്ചു. ഇന്ത്യക്കായി രാജ്യാന്തര ടി20 ഫോര്‍മാറ്റില്‍ ഏറ്റവും കുറവ് ഇന്നിങ്‌സുകളില്‍ നിന്ന് 1000 റണ്‍സ് നേടുന്ന താരങ്ങളുടെ പട്ടികയില്‍ അഭിഷേക് രണ്ടാമതെത്തി.

28 ഇന്നിങ്‌സുകളില്‍ നിന്നാണ് അഭിഷേക് ശര്‍മ 1000 റണ്‍സ് നേടിയത്. കെ.എല്‍.രാഹുല്‍ (29 ഇന്നിങ്‌സ്), സൂര്യകുമാര്‍ യാദവ് (31 ഇന്നിങ്‌സ്) എന്നിവരെ മറികടന്നു. 27 ഇന്നിങ്‌സുകളില്‍ നിന്ന് 1000 റണ്‍സ് നേടിയിട്ടുള്ള വിരാട് കോലിയാണ് പട്ടികയില്‍ ഒന്നാമത്തെ ഇന്ത്യക്കാരന്‍.

ട്വന്റി 20 ക്രിക്കറ്റില്‍ ഏറ്റവും കുറവ് ബോളുകള്‍ ഫേസ് ചെയ്തു 1000 തികയ്ക്കുന്ന താരമെന്ന ലോക റെക്കോര്‍ഡും അഭിഷേക് സ്വന്തമാക്കി. 528 പന്തുകള്‍ നേരിട്ടാണ് അഭിഷേക് 1000 റണ്‍സ് തികച്ചത്. 569 പന്തുകളില്‍ നിന്ന് 1000 റണ്‍സെടുത്ത ടിം ഡേവിഡ് രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. സൂര്യകുമാര്‍ യാദവ് (573 പന്തുകള്‍), ഫില്‍ സാള്‍ട്ട് (599 പന്തുകള്‍), ഗ്ലെന്‍ മാക്‌സ്വെല്‍ (604) എന്നിവരാണ് പട്ടികയില്‍ പിന്നിലുള്ളത്.

ഏഷ്യ കപ്പില്‍ ഏഴ് ഇന്നിങ്‌സുകളില്‍ നിന്ന് അഭിഷേക് ശര്‍മ 314 റണ്‍സ് നേടിയിരുന്നു. 200 സ്‌ട്രൈക് റേറ്റിലായിരുന്നു അഭിഷേക് ഏഷ്യ കപ്പിലെ ടോപ് സ്‌കോററായത്. ഇപ്പോള്‍ ഓസ്‌ട്രേലിയയില്‍ പുരോഗമിക്കുന്ന ട്വന്റി 20 പരമ്പരയിലും അഭിഷേക് മികച്ച പ്രകടനമാണ് കാഴ്ചവയ്ക്കുന്നത്.

Related Posts