ലോകകപ്പ് നേട്ടത്തിനു പിന്നാലെ വൈകാരിക പ്രതികരണവുമായി ഇന്ത്യന്‍ വനിത ക്രിക്കറ്റ് ടീം വൈസ് ക്യാപ്റ്റന്‍ സ്മൃതി മന്ഥന. ഉറക്കമില്ലാത്ത രാത്രികളുടെ ഫലമാണ് ഈ ലോകകപ്പ് നേട്ടമെന്ന് സ്മൃതി മത്സരശേഷം പറഞ്ഞു.
മുന്‍പ് ലോകകപ്പുകളില്‍ ഹൃദയം തകര്‍ന്ന നിമിഷങ്ങളുണ്ടായിട്ടുണ്ട്. എങ്കിലും ഞങ്ങള്‍ക്കു വലിയ ഉത്തരവാദിത്തങ്ങള്‍ ഉണ്ടെന്ന് വിശ്വസിച്ചു മുന്നോട്ടുപോയി. കേവലം വിജയത്തിനപ്പുറം വനിത ക്രിക്കറ്റിന്റെ വളര്‍ച്ചയ്ക്കും ഈ കിരീട നേട്ടം പ്രചോദനമാകുമെന്ന് സ്മൃതി പറഞ്ഞു.
‘ ഉറക്കമില്ലാത്ത 45 രാത്രികള്‍, ഈ ലോകകപ്പ് നേട്ടത്തിനായി ആ രാത്രികള്‍ ഓരോന്നിനെയും ഞാന്‍ എടുക്കും. കഴിഞ്ഞ ലോകകപ്പ് ഞങ്ങളുടെയെല്ലാം ഹൃദയം തകര്‍ത്തു. എന്നാല്‍ ആ തോല്‍വിക്കു ശേഷവും ഞങ്ങള്‍ക്കു കൃത്യമായ ലക്ഷ്യമുണ്ടായിരുന്നു. എല്ലാ മേഖലകളിലും മെച്ചപ്പെടുകയായിരുന്നു ഞങ്ങള്‍ ലക്ഷ്യമിട്ടത്. ഞങ്ങള്‍ പരസ്പരം പിന്തുണച്ചു, പോരാടി. ഓരോരുത്തരുടെയും നേട്ടങ്ങളില്‍ ഞങ്ങള്‍ മുഴുവനായും ആഘോഷിച്ചു. ഇത്തവണത്തെ ഏറ്റവും വലിയ വ്യത്യാസം ടീമിലെ എല്ലാവരും വളരെ ആത്മബന്ധത്തില്‍ ആയിരുന്നു, എല്ലാവരും വളരെ പോസിറ്റീവായി കാര്യങ്ങളെ കണ്ടിരുന്നു,’ സ്മൃതി പറഞ്ഞു.
ഈ ലോകകപ്പിലെ റണ്‍വേട്ടയില്‍ രണ്ടാമതാണ് സ്മൃതി. ഒന്‍പത് ഇന്നിങ്‌സുകളില്‍ നിന്ന് 54.25 ശരാശരിയില്‍ 434 റണ്‍സ് നേടാന്‍ താരത്തിനു സാധിച്ചു. ഫൈനലില്‍ 58 പന്തില്‍ എട്ട് ഫോര്‍ സഹിതം 45 റണ്‍സാണ് സ്മൃതി ഇന്ത്യക്കായി നേടിയത്. മിതാലി രാജിനെ മറികടന്ന് ഒരു ലോകകപ്പില്‍ ഇന്ത്യക്കായി ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന താരമാകാന്‍ സ്മൃതിക്ക് സാധിച്ചു.
















