Cricket Homepage Featured Sports

‘വേറെ എവിടെയെങ്കിലും ആണെങ്കില്‍ നൂറ് കുറ്റങ്ങള്‍ ഉണ്ടായേനെ’; ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് ബോര്‍ഡിനെതിരെ വിമര്‍ശനം

ആഷസ് പരമ്പരയിലെ നാലാം ടെസ്റ്റ് (ബോക്‌സിങ് ഡേ ടെസ്റ്റ്) രണ്ട് ദിവസങ്ങള്‍ക്കുള്ളില്‍ പൂര്‍ത്തിയായതിനു പിന്നാലെ ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് ബോര്‍ഡിനു വിമര്‍ശനം. ബാറ്റര്‍മാര്‍ക്കു യാതൊരു ആനുകൂല്യവും ലഭിക്കാത്ത വിധത്തിലാണ് ബോക്‌സിങ് ഡേ ടെസ്റ്റ് നടന്ന മെല്‍ബണ്‍ ക്രിക്കറ്റ് ഗ്രൗണ്ട് ഒരുക്കിയതെന്നാണ് എതിരാളികളായ ഇംഗ്ലണ്ട് അടക്കം വിമര്‍ശിക്കുന്നത്.

142 ഓവറുകള്‍ മാത്രമാണ് നാലാം ടെസ്റ്റ് നീണ്ടത്. ഇതിനിടെ ഇരു ടീമുകളുടെയുമായി 36 വിക്കറ്റുകള്‍ വീണു. പൂര്‍ണമായും പേസര്‍മാര്‍ക്കു അനുകൂലമാകുന്ന വിധമാണ് പിച്ച് ഒരുക്കിയത്. ഇരു ടീമുകളിലുമായി ഒരു സ്പിന്നര്‍ക്കു പോലും പന്തെറിയേണ്ടിവന്നിട്ടില്ല. ടെസ്റ്റ് ചരിത്രത്തില്‍ ആദ്യമായാകും ഇങ്ങനെയൊരു ‘വിചിത്ര’ മത്സരമെന്നാണ് ഓസ്‌ട്രേലിയന്‍ ആരാധകര്‍ അടക്കം വിമര്‍ശിക്കുന്നത്.

വേറെ എവിടെയെങ്കിലും ആയിരുന്നു ഇത്തരത്തിലൊരു വിക്കറ്റ് ഒരുക്കിയതെങ്കില്‍ ഇതിനോടകം വിമര്‍ശനങ്ങളും ചോദ്യങ്ങളും ഉയര്‍ന്നേനെ എന്നാണ് ഇംഗ്ലണ്ട് നായകന്‍ ബെന്‍ സ്‌റ്റോക്‌സ് ആഞ്ഞടിച്ചത്. ഓസ്‌ട്രേലിയയില്‍ ആയതുകൊണ്ട് മാത്രമാണ് പിച്ചിനെതിരെ വലിയ വിമര്‍ശനങ്ങള്‍ ഉയരാത്തതെന്നും സ്റ്റോക്‌സ് പരോക്ഷമായി പറഞ്ഞുവെച്ചു. രണ്ട് ദിവസങ്ങള്‍ പോലും പൂര്‍ത്തിയാകാതെ ഒരു ടെസ്റ്റ് മത്സരം അവസാനിക്കുന്നത് അത്ര നല്ല കാര്യമല്ലെന്നും സ്‌റ്റോക്‌സ് പറയുന്നു.

പാളിച്ചകള്‍ പറ്റിയതായി ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് ബോര്‍ഡും സമ്മതിക്കുന്നുണ്ട്. രണ്ട് ദിവസം കൊണ്ട് ബോക്‌സിങ് ഡേ ടെസ്റ്റ് കഴിഞ്ഞത് ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് ഓസ്‌ട്രേലിയയ്ക്കു സാമ്പത്തികമായി നഷ്ടമുണ്ടാക്കിയെന്നാണ് റിപ്പോര്‍ട്ട്.

മത്സരത്തില്‍ നാല് വിക്കറ്റിനാണ് ഇംഗ്ലണ്ട് ജയിച്ചത്. 175 റണ്‍സ് വിജയലക്ഷ്യവുമായി രണ്ടാം ഇന്നിങ്‌സില്‍ ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ട് ആറ് വിക്കറ്റ് നഷ്ടത്തില്‍ വിജയം സ്വന്തമാക്കി. നാല് ഇന്നിങ്‌സുകളിലുമായി ഏറ്റവും ഉയര്‍ന്ന സ്‌കോര്‍ ഓസ്‌ട്രേലിയയുടെ ട്രാവിസ് ഹെഡ് നേടിയ 46 (രണ്ടാം ഇന്നിങ്‌സ്) ആണ്. രണ്ടാം ഇന്നിങ്‌സില്‍ ഇംഗ്ലണ്ടിനായി ജേക്കബ് ബെതേല്‍ 46 പന്തില്‍ 40 റണ്‍സ് നേടിയത് വിജയത്തില്‍ നിര്‍ണായകമായി.

Related Posts