ആഷസ് നാലാം ടെസ്റ്റ് (ബോക്സിങ് ഡേ ടെസ്റ്റ്) ഒന്നാം ദിനം ആവേശകരമായ ട്വിസ്റ്റിലേക്ക്. ആതിഥേയരായ ഓസ്ട്രേലിയ ഒന്നാം ഇന്നിങ്സില്‍ 152 നു ഓള്‍ഔട്ട് ആയപ്പോള്‍ ഇംഗ്ലണ്ട് 110 നു തീര്‍ന്നു.
ഒന്നാം ഇന്നിങ്സില്‍ 42 റണ്‍സിന്റെ ലീഡ് ഓസ്ട്രേലിയ സ്വന്തമാക്കി. ടോസ് നഷ്ടപ്പെട്ടു ആദ്യം ബാറ്റ് ചെയ്യേണ്ടിവന്ന ഓസ്ട്രേലിയയ്ക്കായി മൈക്കിള്‍ നാസര്‍ മാത്രമാണ് പിടിച്ചുനിന്നത്. 49 പന്തില്‍ ഏഴ് ഫോര്‍ സഹിതം 35 റണ്‍സെടുത്ത നാസറാണ് ആതിഥേയരുടെ ടോപ് സ്കോറര്‍. ഉസ്മാന് ഖവാജ (52 പന്തില്‍ 29), അലക്സ് കാരി (35 പന്തില്‍ 20) എന്നിവരും പൊരുതി നോക്കി. ട്രാവിസ് ഹെഡ് (12), ജേക് വെതറാള്‍ഡ് (10), മര്‍നസ് ലബുഷെയ്ന് (ആറ്), സ്റ്റീവ് സ്മിത്ത് (ഒന്‍പത്) എന്നിവര്‍ പൂര്‍ണമായി നിരാശപ്പെടുത്തി.
ജോഷ് ടങ്കിന്റെ അഞ്ച് വിക്കറ്റ് പ്രകടനമാണ് ഇംഗ്ലണ്ടിനു തുണയായത്. ഗസ് അറ്റ്കിന്‍സണിനു രണ്ടും ബ്രണ്ടന്‍ കാര്‍സ്, ബെന്‍ സ്റ്റോക്സ് എന്നിവര്‍ക്കു ഓരോ വിക്കറ്റും.
ഇംഗ്ലണ്ടിനു മറുപടി ബാറ്റിങ്ങില്‍ തുടക്കംമുതല്‍ അടിതെറ്റി. 29.5 ഓവറില്‍ 110 നു ഓള്‍ഔട്ട് ആകുകയായിരുന്നു. അഞ്ചാമനായി ക്രീസിലെത്തിയ ഹാരി ബ്രൂക്ക് 34 പന്തില്‍ 41 റണ്‍സ് നേടി ടോപ് സ്കോററായി. അറ്റ്കിന്സണ് (35 പന്തില്‍ 28), ബെന്‍ സ്റ്റോക്സ് (38 പന്തില്‍ 16) എന്നിവരും മാത്രമാണ് ഇംഗ്ലണ്ട് നിരയില്‍ ഇരട്ടയക്കം കണ്ടത്. സാക് ക്രൗലി (അഞ്ച്), ബെന്‍ ഡക്കറ്റ് (രണ്ട്), ജേക്കബ് ബെതേല്‍ (ഒന്ന്), ജോ റൂട്ട് (പൂജ്യം) എന്നിവര്‍ നിരാശപ്പെടുത്തി.
ഓസ്ട്രേലിയയ്ക്കായി നാസര്‍ നാല് വിക്കറ്റുകള്‍ വീഴ്ത്തി. സ്കോട്ട് ബോളണ്ട് മൂന്നും മിച്ചല്‍ സ്റ്റാര്‍ക്ക് രണ്ടും വിക്കറ്റുകള്‍ വീഴ്ത്തി. കാമറൂണ്‍ ഗ്രീനിനു ഒരു വിക്കറ്റ്.
അഞ്ച് മത്സരങ്ങളുടെ പരമ്പര 3-0 ത്തിനു ഓസ്ട്രേലിയ നേരത്തെ സ്വന്തമാക്കിയിരുന്നു.
















