2023 ഏകദിന ലോകകപ്പ് ഫൈനല്‍ തോല്‍വിക്കു പിന്നാലെ രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് വിരമിക്കാന്‍ താന്‍ തീരുമാനിച്ചിരുന്നെന്ന് രോഹിത് ശര്‍മ. ലോകകപ്പ് ഫൈനല്‍ തോല്‍വി മാനസികമായി തന്നെ ഒരുപാട് തകര്‍ത്തെന്നും രോഹിത് പറഞ്ഞു.
‘ എല്ലാവരും അതീവ നിരാശരായി. എന്താണ് സംഭവിച്ചതെന്ന് ഉള്‍ക്കൊള്ളാന്‍ ഞങ്ങള്‍ക്ക് ആര്‍ക്കും കഴിഞ്ഞിരുന്നില്ല. കേവലം രണ്ടോ മൂന്നോ മാസമല്ല, 2022 ല്‍ ഞാന്‍ ക്യാപ്റ്റന്‍സി ഏറ്റെടുത്ത ശേഷം എന്റെ സകലതും ഞാന്‍ ഈ ലോകകപ്പിനായി സമര്‍പ്പിച്ചിരുന്നു. വ്യക്തിപരമായി ഈ തോല്‍വി എന്നെ വല്ലാതെ അസ്വസ്ഥമാക്കി,’ രോഹിത് പറഞ്ഞു.
‘ എന്റെ വ്യക്തിപരമായ ലക്ഷ്യം ഏതെങ്കിലും ലോകകപ്പ് നേടുക എന്നതായിരുന്നു, ഒന്നുകില്‍ ടി20 ലോകകപ്പ് (2022) അല്ലെങ്കില്‍ 2023 ഏകദിന ലോകകപ്പ്. രണ്ടും നടക്കാതെ ആയപ്പോള്‍ ഞാന്‍ പൂര്‍ണമായി തകര്‍ന്നു. എന്റെ ശരീരത്തില്‍ ഒരുതരി ഊര്‍ജ്ജം പോലും ശേഷിച്ചിരുന്നില്ല. എന്നെ തിരിച്ചുപിടിക്കാനും ആ തകര്‍ച്ചയില്‍ നിന്ന് കരകയറാനും എനിക്ക് മാസങ്ങള്‍ വേണ്ടിവന്നു.
നമുക്കുള്ളതെല്ലാം ഒരു ലക്ഷ്യത്തിനായി സമര്‍പ്പിച്ചിട്ട് അത് നടക്കാതെ വരുമ്പോള്‍ സ്വാഭാവികമായും എല്ലാവരും തളര്‍ന്നുപോകും. അത് തന്നെയാണ് എനിക്കും സംഭവിച്ചത്. നിരാശയെ അതിജീവിച്ചു എങ്ങനെ പുതിയതായി തുടങ്ങണമെന്ന് എന്നെ പഠിപ്പിച്ചത് ആ സമയമാണ്. എനിക്ക് നേടിയെടുക്കാന്‍ പുതിയത് വരുന്നുണ്ട്, 2024 ട്വന്റി 20 ലോകകപ്പ്. അതിനായി കഠിനാധ്വാനം ചെയ്യണമെന്ന് മനസ്സില്‍ ഉറപ്പിച്ചു,’ രോഹിത് കൂട്ടിച്ചേര്‍ത്തു.
2023 ഏകദിന ലോകകപ്പ് ഫൈനലില്‍ ഓസ്‌ട്രേലിയയോടു ആറ് വിക്കറ്റിനാണ് ഇന്ത്യ തോറ്റത്. ടോസ് നഷ്ടപ്പെട്ടു ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 240 നു ഓള്‍ഔട്ട് ആയപ്പോള്‍ ഏഴ് ഓവര്‍ ശേഷിക്കെ നാല് വിക്കറ്റ് നഷ്ടത്തില്‍ ഓസ്‌ട്രേലിയ ലക്ഷ്യംകണ്ടു. ലോകകപ്പില്‍ 11 കളികളില്‍ നിന്ന് 54.27 ശരാശരിയില്‍ 597 റണ്‍സെടുത്ത രോഹിത് ശര്‍മ റണ്‍വേട്ടക്കാരില്‍ രണ്ടാമന്‍ ആയിരുന്നു.
















